
വാഷിംഗ്ടൺ : ശതകോടീശ്വരൻ സ്കോട്ട് ബെസന്റിനെ (62) യു.എസ് ട്രഷറി സെക്രട്ടറി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്ത് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കീ സ്‌ക്വയർ ഗ്രൂപ്പ് എന്ന നിക്ഷേപക സ്ഥാപനത്തിന്റെ സി.ഇ.ഒ ആണ് സ്കോട്ട്. ധനകാര്യ വിദഗ്ദ്ധനായ സ്കോട്ട് ഹംഗറി - അമേരിക്കൻ ശതകോടീശ്വരനും ബിസിനസുകാരനുമായ ജോർജ് സോറോസിന് കീഴിൽ പ്രവർത്തിച്ചിരുന്നു. ട്രംപിന്റെ പ്രസിഡൻഷ്യൽ പ്രചാരണത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. നികുതി ഇളവ്, ഇറക്കുമതി താരിഫ് തുടങ്ങിയ ട്രംപിന്റെ വാഗ്ദാനങ്ങൾ നടപ്പാക്കുകയാണ് പ്രധാന ദൗത്യം. നിയമനം സെനറ്റ് അംഗീകരിച്ചാൽ യു.എസിലെ ആദ്യ സ്വവർഗാനുരാഗിയായ ട്രഷറി സെക്രട്ടറിയാകും ബെസന്റ്. അതിനിടെ, കോൺഗ്രസ് മുൻ അംഗം ഡോക്ടർ ഡേവ് വെൽഡനെ (71) സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ (സി.ഡി.സി) ഡയറക്ടർ സ്ഥാനത്തേക്കും ട്രംപ് നാമനിർദ്ദേശം ചെയ്തു.
ഗേറ്റ്സിന് പകരം പാം ബോണ്ടി
യു.എസ് അറ്റോർണി ജനറൽ സ്ഥാനത്തേക്ക് പാം ബോണ്ടിയെ (59) ട്രംപ് നോമിനേറ്റ് ചെയ്തു. തന്റെ വിശ്വസ്തനായ മുൻ കോൺഗ്രസ് അംഗം മാറ്റ് ഗേറ്റ്സിനെ ട്രംപ് ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നെങ്കിലും അദ്ദേഹം കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ഗേറ്റ്സ് ലൈംഗികചൂഷണം അടക്കം നിരവധി ക്രിമിനൽ ആരോപണങ്ങൾ നേരിടുന്നുണ്ട്. 2011-2019 കാലയളവിൽ ഫ്ലോറിഡ അറ്റോർണി ജനറൽ ആയിരുന്ന പാം ആ പദവിയിലെത്തിയ ആദ്യ വനിതയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |