SignIn
Kerala Kaumudi Online
Friday, 23 October 2026 10.03 AM IST

ബംഗ്ളാദേശിലെ ന്യൂനപക്ഷങ്ങളുടെ ശബ്ദം , ചിന്മയ് ദാസിനെ ഭയക്കുന്നതെന്തിന് ?

pic

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ ശബ്ദമായി മാറിയ ചിന്മയ് ദാസിനെ ജയിലിലടച്ചത് എന്തിന്?​ എന്തിനാണ് സർക്കാർ ചിന്മയി ദാസിനെ ഭയക്കുന്നത്.

രണ്ട് ദശാബ്ദം ബംഗ്ലാദേശ് ഭരിച്ച അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീന ഇക്കഴിഞ്ഞ ആഗസ്റ്റ് 5നാണ് സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. ഹസീനയുടെ പതനത്തോടെ ബംഗ്ലാദേശ് രണ്ടാം സ്വാതന്ത്ര്യം നേടിയെന്നാണ് ഇടക്കാല സർക്കാരിന്റെ തലവനായി വന്ന നോബൽ ജേതാവ് മുഹമ്മദ് യൂനുസ് പ്രഖ്യാപിച്ചത്.എന്നാൽ അന്ന് മുതൽ ഹൈന്ദവർ അടക്കമുള്ള ന്യൂനപക്ഷങ്ങൾ ബംഗ്ലാദേശിൽ തങ്ങളുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കുമായി പോരാടുന്നു. ഹസീന ഇന്ത്യയുമായി നിലനിറുത്തിയിരുന്ന സൗഹൃദം ഭിന്നതയ്ക്ക് വഴിമാറുകയും ചെയ്തു.

ഹസീനയുടെ വീഴ്ചയോടെ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും തല്ലിത്തകർത്തു. തെരുവിൽ മർദ്ദനമേറ്റ ചിലർ കൊല്ലപ്പെട്ടു. അക്രമങ്ങൾ ഭയന്ന് നൂറുകണക്കിന് ഹിന്ദുക്കൾ ഇന്ത്യൻ അതിർത്തിയിലേക്ക് എത്തി.

ഈ ഘട്ടത്തിലാണ് ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരി എന്ന പുരോഹിതൻ ന്യൂനപക്ഷങ്ങളുടെ ശബ്ദമായി ഉയർന്നുവന്നത്. തെരുവുകളിൽ ആയിരങ്ങളെ അണിനിരത്തിയുള്ള പ്രതിഷേധങ്ങൾക്ക് ദാസ് ആഹ്വാനം ചെയ്തു.

ആരാണ് ചിന്മയ് ദാസ് ? എന്തിനാണ് അയാളെ ബംഗ്ലാദേശ് ഭരണകൂടം ജയിലിലടച്ചത് ? 1985 മേയിൽ ചിറ്റഗോങ്ങിലെ കരിയാനഗർ ഗ്രാമത്തിലാണ് ദാസിന്റെ ജനനം. 12 -ാം വയസിൽ സന്യാസ പാത സ്വീകരിച്ച് ഇസ്കോണിന്റെ (ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്) ഭാഗമായ ദാസ് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ചു. ക്ഷേത്രങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടതോടെയാണ് ദാസിന്റെ ശബ്ദം രാജ്യമൊട്ടാകെ കേട്ടുതുടങ്ങിയത്. ന്യൂനപക്ഷ ഹിന്ദു ഗ്രൂപ്പായ സമ്മിളിത് സനാതൻ ജാഗരൺ ജോട്ടിന്റെ വക്താവായ ദാസ് അതിക്രമങ്ങളെ തുറന്ന് വിമർശിച്ചു.

ഒക്ടോബറിൽ ചിറ്റഗോങ്ങിൽ ഒരു പ്രതിഷേധ റാലിക്കിടെ ബംഗ്ലാദേശ് ദേശീയ പതാകയെ അപമാനിച്ചെന്ന കുറ്റം ആരോപിച്ചാണ് ദാസ് അറസ്റ്റിലായത്. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവാണ് പരാതി നൽകിയത്. തിങ്കളാഴ്ച അറസ്റ്റിലായ ദാസിന് ജാമ്യം നിഷേധിച്ചതോടെ അദ്ദേഹത്തിന്റെ അനുകൂലികളുടെ പ്രതിഷേധം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. ഒരു അഭിഭാഷകന് ജീവൻ നഷ്ടമായി.

ഇതിനിടെ ഇസ്കോണിനെ മതമൗലികവാദ സംഘടനയെന്ന് മുദ്രകുത്തി നിരോധിക്കാനുള്ള നീക്കവും അരങ്ങേറി.ഇപ്പോൾ ചിന്മയ് ദാസിന്റെയടക്കം സ്വത്തുവകകളും മരവിപ്പിച്ചു. ദാസിന്റെ അറസ്റ്റിലും തുടർന്നുണ്ടായ അക്രമങ്ങളിലും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആശങ്ക അറിയിച്ചെങ്കിലും ആഭ്യന്തര കാര്യമെന്നായിരുന്നു ബംഗ്ലാദേശിന്റെ പ്രതികരണം. ഇത് ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ വിള്ളലുകൾ വലുതാക്കി. ഇന്ത്യയിൽ കഴിയുന്ന ഷെയ്ഖ് ഹസീനയും ദാസിന്റെ അറസ്റ്റ് അന്യായമാണെന്ന് കാട്ടി പ്രസ്താവനയിറക്കി.

ഇസ്‌കോണിന്റെ മുൻ ചിറ്റഗോങ്ങ് ഡിവിഷണൽ ഓർഗനൈസിംഗ് സെക്രട്ടറിയായ ദാസിനെ നിയമങ്ങൾ ലംഘിച്ചതിന് ഒക്ടോബറിൽ സംഘടനയിൽ നിന്ന് നീക്കിയിരുന്നു. ഇസ്കോൺ ദാസിൽ നിന്ന് അകലം പാലിക്കുന്നെന്ന് ബംഗ്ലാദേശ് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ ഇസ്കോൺ ഇത് നിഷേധിച്ചു. മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയം ബംഗ്ലാദേശിൽ ഉയരുന്നതിന്റെ തെളിവ് കൂടിയാണ് ഈ സംഭവ വികാസങ്ങൾ. ചിന്മയ് ദാസിന്റെ ശബ്ദം എന്തായാലും

ഇടിമുഴക്കം ആയി മാറുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360