
ജനീവ: ഇറാനിൽ കഴിഞ്ഞവർഷം മാത്രം തൂക്കിലേറ്റിയത് 900-ൽ അധികം പേരെയെന്നും ഒരാഴ്ചയിൽ മാത്രം വധശിക്ഷയ്ക്ക് വിധേയമാക്കിയത് 40 പേരെയാണെന്നും യുണൈറ്റ്ഡ് നേഷന്‍സ് റൈറ്റ്‌സ് അധ്യക്ഷൻ വോൾക്കർ ടുർക്ക് പറഞ്ഞു. വർഷങ്ങൾ കഴിയുന്തോറും ഇറാനിൽ വധശിക്ഷയ്ക്ക് വിധേയമാക്കപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണെന്നും വോൾക്കർ വ്യക്തമാക്കി. 2024-ൽ 901 പേരെയാണ് രാജ്യം വധശിക്ഷയ്ക്ക് വിധേയമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊലപാതകം, ലഹരിമരുന്ന് കടത്ത്, ലൈംഗിക പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്. ലഹരിമരുന്നുമായി ബന്ധപ്പെട്ടുള്ള വധശിക്ഷയാണ് കഴിഞ്ഞവർഷം രാജ്യത്ത് കൂടുതലായിരുന്നു.
ഇറാനിൽ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും വർധനവുണ്ടാക്കി. ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് (ഐഎച്ച്ആർ) പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം 2024-ൽ 31 സ്ത്രീകളെയാണ് തൂക്കിലേറ്റിയത്.
ചൈന ഒഴികെയുള്ള രാജ്യങ്ങളിൽ ഏറ്റവുമധികം പേരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഇതിനെതിരെ കടുത്ത പ്രതിഷേധങ്ങളും ഉയർന്നുവരുന്നുണ്ട്. പൊതുസമൂഹത്തെ ഭയപ്പെടുത്തുന്നതിനായി ഇറാന്റെ പരമോന്നതനേതാവ് ആയ ആയത്തുള്ള അലി ഖൊമേനി വധശിക്ഷയെന്ന ആയുധത്തെ ഉപയോഗിക്കുകയാണെന്ന് നിരവധി വ്യക്തികളും സംഘടനകളും ആരോപണം ഉന്നയിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |