SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

കുടിയേറ്റക്കാരെ സ്വീകരിച്ചില്ല: ട്രംപിന്റെ 'താരിഫ് ' ഭീഷണി, മുട്ടുമടക്കി കൊളംബിയ

pic

വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരുടെ പേരിൽ യു.എസുമായി ഇടഞ്ഞ് ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയ. പിന്നാലെ താരിഫ് ഭീഷണി മുഴക്കി കൊളംബിയയെ വരുതിയിലാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊളംബിയൻ പൗരന്മാരായ അനധികൃത കുടിയേറ്റക്കാരുമായി യു.എസിൽ നിന്ന് വന്ന രണ്ട് സൈനിക വിമാനങ്ങൾക്ക് കൊളംബിയൻ പ്രസിഡന്റ് ഗുസ്‌താവോ പെട്രോ അനുമതി നിഷേധിച്ചതാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. കുടിയേറ്റക്കാരെ സൈനിക വിമാനങ്ങളിൽ തിരിച്ചയക്കുന്നതും അവരെ യു.എസ് ക്രിമിനലുകളെ പോലെ പരിഗണിക്കുന്നതും അംഗീകരിക്കില്ലെന്ന് പെട്രോ പറഞ്ഞു.

ഇതിൽ ക്ഷുഭിതനായ ട്രംപ്,​ കൊളംബിയയിൽ നിന്ന് യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും 25 ശതമാനം അധികാര താരിഫും ഉപരോധങ്ങളും ചുമത്തി. കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിലെ യു.എസ് എംബസിയിൽ വിസാ നടപടികളും നിറുത്തിവച്ചു. ഇതോടെ അമേരിക്കൻ ഇറക്കുമതിക്ക് പെട്രോയും 25 ശതമാനം താരിഫ് പ്രഖ്യാപിച്ചു.

എന്നാൽ,​ ഉത്തരവിൽ ട്രംപ് ഒപ്പിടുന്നതിന് മുന്നേ നാടുകടത്തപ്പെട്ടവരെ സ്വീകരിക്കാൻ തയ്യാറാണെന്ന് കൊളംബിയ അറിയിച്ചു. താരിഫ് പ്രഖ്യാപനവും പിൻവലിച്ചു. താരിഫ്, ഉപരോധ നടപടികൾ നിറുത്തിവച്ചെന്ന് യു.എസും അറിയിച്ചു. യു.എസിന്റെ മൂന്നാമത്തെ വലിയ ലാറ്റിൻ അമേരിക്കൻ വ്യാപാര പങ്കാളിയാണ് കൊളംബിയ.

# പെട്രോ പറഞ്ഞത്

കുടിയേറ്റക്കാരുടെ മാന്യമായ തിരിച്ചുവരവിന് തന്റെ പ്രസിഡൻഷ്യൽ വിമാനം യു.എസിലേക്ക് അയക്കാം. മാന്യമായ പരിഗണന ഉറപ്പാണെങ്കിൽ കുടിയേറ്റക്കാരുമായി യു.എസിന്റെ സിവിലിയൻ വിമാനങ്ങൾക്കും രാജ്യത്ത് ലാൻഡ് ചെയ്യാം.


# ട്രംപിന്റെ തിരിച്ചടി


 യു.എസിൽ അനധികൃതമായി കടന്നുകയറിയ കൊളംബിയയ്ക്കാരെ തിരിച്ചയയ്ക്കും. ഇവരെ നിയന്ത്രണങ്ങളോ കാലതാമസമോ ഇല്ലാതെ സ്വീകരിക്കണം

 ഇല്ലെങ്കിൽ കൊളംബിയൻ ഇറക്കുമതിക്ക് 25 ശതമാനം താരിഫ്. ഒരാഴ്ചയ്ക്കുള്ളിൽ 50 ശതമാനമാക്കും

 കൊളംബിയൻ സർക്കാർ ഉദ്യോഗസ്ഥർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തും. വിസ റദ്ദാക്കും

 അടിയന്തര ട്രഷറി, ബാങ്കിംഗ്, സാമ്പത്തിക ഉപരോധങ്ങൾ

 കൊളംബിയൻ പൗരന്മാർക്കും ചരക്കുകൾക്കും കൂടുതൽ അതിർത്തി പരിശോധന

# ലോകത്തിന് മുന്നറിയിപ്പ്


ട്രംപിന്റെ നടപടി എല്ലാ രാജ്യങ്ങൾക്കും

മുന്നറിയിപ്പാണ് - വൈറ്റ് ഹൗസ്

 പ്രതിഷേധിച്ച് ബ്രസീൽ


പൗരന്മാരെ യു.എസ് അപമാനിച്ചെന്ന് ബ്രസീൽ. ബ്രസീലിയൻ പൗരന്മാരായ അനധികൃത കുടിയേറ്റക്കാരെ യു.എസ് കൊമേഴ്ഷ്യൽ വിമാനത്തിൽ നാട്ടിലെത്തിച്ചിരുന്നു. ഇവർ യാത്രയ്ക്കിടെ ദുരനുഭവം നേരിട്ടെന്ന് പറയുന്നു. വിമാനത്തിൽ എ.സി ഇല്ലാതെ, എല്ലാവരെയും കൈയിൽ വിലങ്ങിട്ടാണ് എത്തിച്ചത്.

ടോയ്ലെറ്ര് അനുവദിച്ചില്ലെന്നും കുടിവെള്ളം നൽകിയില്ലെന്നും ആരോപണമുണ്ട്. മിനാസ് ജെറെസിലെ ബെലോ ഹോറിസോണ്ടെയിലാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ സാങ്കേതിക തകരാർ മൂലം ആമസോണസിലെ മനൗസിൽ ഇറക്കി. ബ്രസീൽ ഉത്തരവിട്ടതോടെ വിലങ്ങുകൾ നീക്കി.

ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവയുടെ നിർദ്ദേശപ്രകാരം എയർ ഫോഴ്സ് വിമാനത്തിലാണ് ഇവരെ പിന്നീട് നാട്ടിലെത്തിച്ചത്. കുടിയേറ്റക്കാരെ നാടുകടത്താൻ യു.എസ് സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നത് അസാധാരണമാണ്. ഇത്തരത്തിൽ ഗ്വാട്ടിമാലയിലേക്കും കുടിയേറ്റക്കാരെ അയച്ചിരുന്നു.

ഗുരുദ്വാരയിലും പരിശോധന

 അനധികൃത കുടിയേ​റ്റക്കാർക്കായി ന്യൂയോർക്കിലെയും ന്യൂജേഴ്‌സിയിലെയും ഗുരുദ്വാരകളിലും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി. സിഖ് സംഘടനകൾ പ്രതിഷേധിച്ചു

 എല്ലാ വിദേശ സഹായങ്ങളും യു.എസ് താത്കാലികമായി നിറുത്തിവച്ചു. മറ്റ് രാജ്യങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായം പുനഃപരിശോധിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360