SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

ജോലി സമയത്ത് ഉറക്കം: പൊലീസ് നായയുടെ ബോണസ് പോയി!

pic

ബീജിംഗ്: അച്ചടക്ക ലംഘനത്തിന്റെ പേരിൽ ചൈനയിൽ പൊലീസ് നായയുടെ വാർഷിക ബോണസ് കട്ട് ചെയ്തു.! കിഴക്കൻ ചൈനയിലെ ഷാൻഡോങ്ങിലുള്ള വെയ്ഫാംഗിലെ ഫു സെയ് എന്ന നായയ്ക്കെതിരെയാണ് നടപടി. ഫു സെയ് ഡ്യൂട്ടിക്കിടെ ഉറങ്ങിയെന്നും സ്വന്തം ഭക്ഷണ പാത്രത്തിൽ മൂത്രമൊഴിച്ചെന്നും പൊലീസുകാർ പറയുന്നു. കോർഗി ഇനത്തിലെ സുന്ദരൻ നായക്കുട്ടനായ ഫു സെയ് സോഷ്യൽ മീഡിയ താരമാണ്. ചൈനീസ് പൊലീസിൽ ഉൾപ്പെട്ട കോർഗി ഇനത്തിലെ ആദ്യ നായ എന്ന റെക്കാഡും ഫു സെയ്ക്ക് ആണ്.

2023 ആഗസ്റ്റ് 28നാണ് ഫു സെയുടെ ജനനം. സ്ഫോടക വസ്തുക്കൾ മണത്ത് കണ്ടെത്താനും വിവിധ തരത്തിലെ വ്യായാമ മുറകൾ ചെയ്യാനും മിടുക്കനായ ഫു സെയ്ക്ക് അടുത്തിടെയാണ് മോശം പെരുമാറ്റം കണ്ടുതുടങ്ങിയത്. രസകരമായ ഒരു വീഡിയോയിലൂടെയാണ് പൊലീസുകാർ ഇക്കാര്യം വെളിപ്പെടുത്തിയത്. പൊലീസ് നായകളുടെ ലെവൽ 4 പരീക്ഷ പാസായതിന് ഫു സെയ്‌യെ വീഡിയോയിൽ അനുമോദിച്ചിരുന്നു. ചുവന്ന പൂവും കളിപ്പാട്ടങ്ങളും പലഹാരങ്ങളും ബോണസായി നൽകി. ഫു സെയുടെ കഴിവുകൾ ഉദ്യോഗസ്ഥർ എടുത്തു പറഞ്ഞു.

പിന്നാലെ ഫു സെയ് മോശം പെരുമാറ്റങ്ങൾ കാട്ടുന്നതിനാൽ വാർഷിക ബോണസ് തിരിച്ചെടുക്കുകയാണെന്നും വ്യക്തമാക്കി. ഇതോടെഫു സെയ്ക്ക് നൽകിയ കളിപ്പാട്ടങ്ങളും പലഹാരങ്ങളും പൊലീസുകാർ തിരിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. ബോണസ് പോയെങ്കിലും ചൈനീസ് പുതുവർഷം പ്രമാണിച്ചുള്ള ട്രീറ്റ് ഫു സെയ്ക്ക് നൽകിയിട്ടുണ്ട്. മാസങ്ങൾ നീണ്ട പരിശീലനത്തിനൊടുവിൽ ഒക്ടോബറിലാണ് ഫു സെയ് ഔദ്യോഗികമായി ചുമതലയേറ്റെടുത്തത്.

ചെറിയ കാലുകളാണ് കോർഗി നായകളുടെ പ്രത്യേകത. വലിപ്പം കുറവായതിനാൽ വാഹനങ്ങൾക്ക് ഇടയിലും ഇടുങ്ങിയ സ്ഥലങ്ങളിലുമുള്ള തെരച്ചിലുകൾക്ക് ഇക്കൂട്ടർ വഴികാട്ടിയാകും. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ ഫു സെയുടെ വീഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360