SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 AM IST

പിരിച്ചുവിടൽ പദ്ധതിയുമായി ട്രംപ്: 8 മാസത്തെ ശമ്പളം തരാം,​ ജോലി രാജിവയ്‌ക്കൂ

pic

വാഷിംഗ്ടൺ: തന്റെ ഭരണത്തിന് കീഴിൽ ജോലി ചെയ്യാൻ താത്പര്യമില്ലാത്ത ഫെഡറൽ ജീവനക്കാർക്ക് രാജിവയ്ക്കാൻ അവസരം നൽകി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുസംബന്ധിച്ച് ജീവനക്കാർക്ക് ഇ- മെയിൽ അയച്ചു. രാജിവയ്ക്കാൻ സമ്മതമെങ്കിൽ എട്ട് മാസത്തെ ശമ്പളവും ആനുകൂല്യങ്ങളും പിരിച്ചുവിടൽ പാക്കേജായി നൽകും. ഫെബ്രുവരി 6നകം തീരുമാനം അറിയിക്കണം.

20 ലക്ഷത്തിലേറെ ജീവനക്കാരിൽ പത്ത് ശതമാനത്തോളം പേർ ഓഫർ സ്വീകരിക്കുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ. പദ്ധതിയിലൂടെ 10,000 കോടി ഡോളറിന്റെ ലാഭമുണ്ടാകുമെന്നും കരുതുന്നു.

യോഗ്യത, പെരുമാറ്റം, മാനദണ്ഡങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തലുണ്ടാകും. ഇത് ഭാവിയിൽ പിരിച്ചുവിടലിന് കാരണമായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. നീക്കത്തിനെതിരെ അമേരിക്കൻ ഫെഡറേഷൻ ഒഫ് ഗവൺമെന്റ് എംപ്ലോയീസ് രംഗത്തെത്തി. ഡെമോക്രാറ്റിക് നേതാക്കളും വിമർശിച്ചു.

 സുനിതയെ തിരിച്ചെത്തിക്കണം:

മസ്കിനോട് ട്രംപ്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന സുനിത വില്യംസിനെയും ബച്ച് വിൽമോറിനെയും ഉടൻ തിരിച്ചെത്തിക്കണമെന്ന് ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്കിനോട് നിർദ്ദേശിച്ച് ട്രംപ്. ഇരുവരെയും തിരിച്ചെത്തിക്കാൻ വൈകിയതിൽ ബൈഡൻ ഭരണകൂടത്തെ മസ്ക് കുറ്റപ്പെടുത്തി. വേഗത്തിൽ തിരിച്ചെത്തിക്കുമെന്ന് മസ്‌ക് ഉറപ്പുനൽകി.

എട്ട് ദിവസത്തെ ദൗത്യത്തിന് ബോയിംഗ് സ്റ്റാർലൈനർ പേടകത്തിൽ കഴിഞ്ഞ ജൂണിലാണ് സുനിതയും വിൽമോറും നിലയത്തിൽ എത്തിയത്. എന്നാൽ, പേടകത്തിലെ ഹീലിയം ചോർച്ച മൂലം നിലയത്തിൽ കുടുങ്ങി. ഇരുവരെയും മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ സ്‌പേസ് എക്‌സിന്റെ പേടകത്തിൽ തിരിച്ചെത്തിക്കാനാണ് നാസയുടെ പദ്ധതി.

 വൈറ്റ് ഹൗസിലേക്ക് ഇൻഫ്ലുവൻസർമാരും

വൈറ്റ് ഹൗസിലെ വാർത്താ സമ്മേളനങ്ങളിൽ പരമ്പരാഗത മാദ്ധ്യമങ്ങൾക്ക് പുറമേ ഇനി മുതൽ 'നവ മാദ്ധ്യമ" പ്രതിനിധികൾക്കും പങ്കെടുക്കാം. സ്വതന്ത്ര മാദ്ധ്യമ പ്രവർത്തകർ, പോഡ്‌കാസ്റ്റർമാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, കണ്ടറ്റ് ക്രിയേറ്റേഴ്സ് എന്നിവർക്ക് അപേക്ഷിക്കാമെന്ന് വൈ​റ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ് പറഞ്ഞു. യുവാക്കളെ ലക്ഷ്യമിട്ടാണ് നീക്കം. പ്രസ് സെക്രട്ടറിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 27കാരിയായ കാരലൈൻ.

 ലിംഗമാ​റ്റ ശസ്ത്രക്രിയയ്ക്ക് നിയന്ത്റണം

19 വയസിൽ താഴെയുള്ളവർക്ക് ലിംഗമാ​റ്റ ശസ്ത്രക്രിയയ്ക്ക് നിയന്ത്റണമേർപ്പെടുത്തി ട്രംപ്. ഇത്തരം ശസ്ത്രക്രിയകൾക്ക് ഇനി സർക്കാർ ധനസഹായമോ പ്രോത്സാഹനമോ നൽകില്ലെന്ന് ട്രംപ് പറഞ്ഞു. സ്ത്രീ,​ പുരുഷൻ എന്നീ രണ്ട് വിഭാഗങ്ങളേ അംഗീകരിക്കൂ എന്ന് ട്രംപ് അധികാരമേറ്റ ആദ്യ ദിനം വ്യക്തമാക്കിയിരുന്നു.

 ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച ഫെബ്രുവരി 4ന് വൈറ്റ് ഹൗസിൽ നടക്കും. നെതന്യാഹുവിന്റെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ട്രംപുമായി കൂടിക്കാഴ്ച നടത്താൻ പോകുന്ന ആദ്യ വിദേശ നേതാവാണ് നെതന്യാഹു.

 പാകിസ്ഥാന് തിരിച്ചടി

വിദേശ സഹായങ്ങൾ താത്കാലികമായി നിറുത്തിവയ്ക്കാനുള്ള ട്രംപിന്റെ ഉത്തരവിന് പിന്നാലെ പാകിസ്ഥാന് കനത്ത തിരിച്ചടി. യു.എസ് ഏജൻസികൾ പാകിസ്ഥാനിലെ ഊർജ്ജ മേഖലയിൽ അടക്കം നടത്തി വന്ന പല പദ്ധതികളും നിറുത്തിവച്ചു. പാകിസ്ഥാൻ അടക്കം വിവിധ രാജ്യങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായം പുനഃപരിശോധിക്കാനും ട്രംപ് ഉത്തരവിട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360