
പാരീസ്: റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാനുള്ള യു.എസിന്റെ ഏകപക്ഷീയ നീക്കത്തിൽ പ്രതിഷേധവുമായി യൂറോപ്യൻ രാജ്യങ്ങൾ. വിഷയം ചർച്ച ചെയ്യാൻ ഇന്ന് പാരീസിൽ യൂറോപ്യൻ നേതാക്കളുടെ അടിയന്തര യോഗം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വിളിച്ചതായാണ് റിപ്പോർട്ട്. ജർമ്മനി, ഇറ്റലി, ഇംഗ്ലണ്ട്, പോളണ്ട് രാജ്യങ്ങളുടെ തലവന്മാരും നാറ്റോ സെക്രട്ടറി ജനറലും പങ്കെടുക്കുമെന്നാണ് വിവരം. യു.കെ പ്രധാനമന്ത്രി കെയിർ സ്റ്റാർമറും പങ്കെടുത്തേക്കും. നാറ്റോയിലെ യുറോപ്യൻ രാജ്യങ്ങളുടെ പങ്ക് സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടാവും. സൗദി അറേബ്യയിൽ പുട്ടിനുമായി കൂടിക്കാഴ്ച്ചയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇതിനായി യു. എസ് ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ സൗദിയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ചർച്ചയിൽ യൂറോപ്പ്യൻ യൂണിയനെ ഉർപ്പെടുത്തിയിട്ടില്ല. അതേസമയം സൗദിയിലെ സമാധാന ചർച്ചയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോഡിമർ
സെലൻസ്കി വ്യക്തമാക്കി. നേരത്തെ യൂറോപ്പ് സ്വന്തം സേനയുണ്ടാക്കണമെന്ന ആവശ്യവുമായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി രംഗത്തെത്തിയിരുന്നു. അതിനുള്ള സമയം വന്നിരിക്കുകയാണെന്നും സെലൻസ്കി കൂട്ടിച്ചേർത്തു. യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് പുടിനുമായി സംസാരിച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. താൽ അധികാരത്തിലെത്തുന്ന ആദ്യ ദിവസം തന്നെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നും നാറ്റോയിൽ യുക്രൈയ്ന് അംഗത്വം നൽകില്ലെന്നും പ്രചാരണ വേളയിൽ ട്രംപ് പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |