
റോം: ഡബിൾ ന്യുമോണിയയും ബ്രാങ്കൈറ്റിസ് ബാധയെ തുടർന്നും ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. രാത്രി മുഴുവൻ പോപ്പ് സുഖമായി വിശ്രമിച്ചതായും വൃക്കയിലെ പ്രശ്നങ്ങളിലും ആശങ്കയില്ലെന്നും ഓക്സിജൻ തെറാപ്പി തുടരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. രാവിലെ കുർബാന സ്വീകരിച്ച മാർപാപ്പ, ഉച്ചയ്ക്ക് ശേഷം ജോലികൾ പുനരാരംഭിച്ചു. എങ്കിലും മാർപാപ്പയുടെ പ്രായം, ദുർബലമായ ആരോഗ്യം,ശ്വാസകോശ അസുഖങ്ങൾ എന്നിവ കാരണം ഡോക്ടർമാർ അദ്ദേഹത്തിന്റെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർപാപ്പയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ തുടരുകയാണ്.തനിക്ക് വേണ്ടി പ്രാർത്ഥനകളിൽ ഏർപ്പെട്ടവർക്ക് ഫ്രാൻസിസ് മാർപ്പാപ്പ നന്ദി അറിയിച്ചതായും വത്തിക്കാൻ വക്താവ് വിശദമാക്കി. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ശ്വാസകോശ അണുബാധയിൽ കുറവുണ്ടായതായി ചികിത്സക്കിടെ വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |