
ഒട്ടാവ :ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ കനേഡിയൻ പൗരത്വം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ഒന്നരലക്ഷം പേർ ഒപ്പിട്ട ഹർജി കാനഡ പാർലമെന്റിൽ. കാനഡയെ തുടർച്ചയായി അധിക്ഷേപിക്കുന്നു. രാജ്യത്തെ യു.എസിന്റെ 51ാം സംസ്ഥാനമാക്കി മാറ്റുമെന്ന് ഭീഷണിപ്പെടുത്തുന്നു, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി മസ്കിനുള്ള ബന്ധം, ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് ആവശ്യവുമായി കാനഡക്കാർ രംഗത്തെത്തിയത്. ഇതു സംബന്ധിച്ച ഹർജി ബ്രിട്ടിഷ് എഴുത്തുകാരി ക്വാലിയ റീഡിന്റെ നേതൃത്വത്തിൽ പാർലമെന്റിൽ സമർപ്പിച്ചു. ദക്ഷിണാഫ്രിക്കയിലാണു ജനിച്ചതെങ്കിലും കനേഡിയൻ സ്വദേശിയായ അമ്മ വഴിയാണ് മസ്കിന് കാനഡയിൽ പൗരത്വം ലഭിച്ചത്.
അതേസമയം ഓരോ ആഴ്ചയും ഓഫിസിൽ എന്തെല്ലാം ചെയ്തു എന്നതു സംബന്ധിച്ച് വാരാന്ത്യ റിപ്പോർട്ട് സമർപ്പിക്കണമെന്ന യുഎസ് സർക്കാർ കാര്യക്ഷമതാ വകുപ്പ് മേധാവി മസ്കിന്റെ ഉത്തരവിൽ ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നത. ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ, ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മിഷൻ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് വാരാന്ത്യ റിപ്പോർട്ട് നൽകണമെന്ന് മേധാവികൾ നിർദേശം.എന്നാൽ ഹോംലാൻഡ് സെക്യൂരിറ്റി, പ്രതിരോധം, വിദ്യാഭ്യാസം തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരോട് ഉത്തരവിൽ ഇപ്പോൾ പ്രതികരിക്കേണ്ടതില്ലെന്ന് മേധാവികൾ അറിയിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആദ്യം പ്രതികരിക്കാൻ തയാറായില്ല. പിന്നീട് ഉത്തരവിൽ വ്യക്തത വരുന്നതു വരെ കാത്തിരിക്കാൻ തീരുമാനിച്ചു. വാരാന്ത്യ റിപ്പോർട്ട് സമർപ്പിക്കാത്ത ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നു പുറത്താക്കുമെന്ന് മസ്ക് അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |