
ടെൽ അവീവ്: വെടിനിറുത്തലിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ 2 പാലസ്തീനികൾ കൊല്ലപ്പെട്ടു. ഇന്നലെ റാഫയിലായിരുന്നു സംഭവം. ഖാൻ യൂനിസിൽ ഇസ്രയേലി ഹെലികോപ്റ്ററിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സൈന്യത്തിന് ഭീഷണി സൃഷ്ടിച്ചവർക്ക് തിരിച്ചടി നൽകിയെന്നാണ് ഇസ്രയേലിന്റെ പ്രതികരണം. ഇതോടെ ഇസ്രയേൽ ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന ഭീതി ശക്തമായി.
ഗാസയിലേക്കുള്ള എല്ലാ സഹായ വിതരണവും ഇസ്രയേൽ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. വിശുദ്ധ റംസാൻ വ്രതം ആരംഭിച്ചിരിക്കെയുള്ള നടപടി പാലസ്തീനികളെ കടുത്ത ക്ഷാമത്തിലേക്ക് തള്ളിവിടും. പല കടകളിലും സ്റ്റോക്ക് കാലിയായി. ഭക്ഷ്യവസ്തുക്കളുടെ വില ഇരട്ടിയായി.
ജനുവരി 19ന് നിലവിൽ വന്ന ഒന്നാം ഘട്ട വെടിനിറുത്തലിന്റെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഞായറാഴ്ച മുതൽ ആറാഴ്ച നീളുന്ന രണ്ടാം ഘട്ടം തുടങ്ങേണ്ടതായിരുന്നു. ഗാസയിൽ ശേഷിക്കുന്ന ബന്ദികളെ ഇക്കാലയളവിൽ ഹമാസ് മോചിപ്പിക്കുമെന്നും പകരം ഇസ്രയേൽ ഗാസയിൽ നിന്ന് പൂർണമായി പിന്മാറണമെന്നുമാണ് കരാറിൽ പറയുന്നത്.
എന്നാൽ, ഇതുസംബന്ധിച്ച ചർച്ചകൾ വിജയിച്ചില്ല. അതിനാൽ, ഒന്നാം ഘട്ടം 42 ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു. ഹമാസ് ഇത് നിരസിച്ചതോടെയാണ് സഹായ വിതരണം തടഞ്ഞത്. രണ്ടാം ഘട്ട വെടിനിറുത്തൽ തുടങ്ങണമെന്നാണ് ഹമാസിന്റെ ആവശ്യം.
രണ്ടാം ഘട്ടത്തിലെ സൈനിക പിന്മാറ്റം അട്ടിമറിക്കാനാണ് ഇസ്രയേൽ ഒന്നാം ഘട്ടം നീട്ടാൻ ആവശ്യപ്പെടുന്നതെന്ന് ഹമാസ് ആരോപിക്കുന്നു. വിഷയത്തിൽ പരിഹാരം കാണാൻ യു.എസ്, ഈജിപ്റ്റ് അടക്കമുള്ള മദ്ധ്യസ്ഥ രാജ്യങ്ങൾ ഇസ്രയേലിനോട് ഏതാനും ദിവസം കൂടി സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |