SignIn
Kerala Kaumudi Online
Friday, 23 October 2026 6.56 AM IST

ബന്ദികളെ ഉടൻ മോചിപ്പിക്കണം: ഹമാസിന് ട്രംപിന്റെ അന്ത്യശാസനം

pic

വാഷിംഗ്ടൺ: ഗാസയിലുള്ള ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ഹമാസിന് അന്ത്യശാസനം നൽകി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇല്ലെങ്കിൽ ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്നും അതിനായി ഇസ്രയേലിനെ സഹായിക്കുമെന്നും കൂട്ടിച്ചേർത്തു. ഹമാസ് നേതൃത്വം ഗാസയിൽ നിന്ന് വിട്ടുപോകണമെന്നും ഹമാസിനുള്ള അവസാന മുന്നറിയിപ്പാണ് ഇതെന്നും സമൂഹ മാദ്ധ്യമത്തിൽ ട്രംപ് കുറിച്ചു.

ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിലെ ജനങ്ങളുടെ ജീവൻ അപകടത്തിലാകുമെന്നും സൂചന നൽകി. ഗാസയിലെ വെടിനിറുത്തൽ കരാറിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഹമാസിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കപ്പെട്ട ബന്ദികളിൽ ചിലരുമായി ട്രംപ് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഗാസയിൽ ജനുവരി 19ന് നിലവിൽ വന്ന ഒന്നാം ഘട്ട വെടിനിറുത്തലിന്റെ കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചിരുന്നു. ഗാസയിൽ നിന്ന് ഇസ്രയേലിന്റെ പൂർണ പിന്മാറ്റം ഉൾപ്പെടുന്ന രണ്ടാം ഘട്ടം തുടങ്ങണമെന്ന് ഹമാസ് ആവശ്യപ്പെടുന്നു.

എന്നാൽ ഒന്നാം ഘട്ടം നീട്ടണമെന്നും രണ്ടാം ഘട്ടത്തിനുള്ള ചർച്ചകൾ ഇതിനിടെയിൽ നടത്താമെന്നും ഇസ്രയേലും പറയുന്നു. ഇതു സംബന്ധിച്ച ചർച്ചകളിൽ ധാരണയായിട്ടില്ല. ഗാസയിലേക്കുള്ള എല്ലാ സഹായ വിതരണവും ഇസ്രയേൽ തടഞ്ഞിരുന്നു.

 ഹമാസുമായി ചർച്ച

പ്രശ്ന പരിഹാരത്തിന് ഹമാസുമായി രഹസ്യ ചർച്ച നടത്തി യു.എസ്. ഭീകരപ്പട്ടികയിലുള്ള ഗ്രൂപ്പുകളുമായി ചർച്ച നടത്തില്ലെന്ന നയം മറികടന്നാണ് യു.എസിന്റെ നീക്കം. ഗാസയിലെ ബന്ദികളുടെ വിഷയം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനായ ആഡം ബോലറും ഹമാസ് പ്രതിനിധികളും അടുത്തിടെ ഖത്തറിലെ ദോഹയിൽ വച്ച് ചർച്ച നടത്തിയെന്നാണ് വിവരം.

 പട്ടിണിയുടെ വക്കിൽ...

ഞായറാഴ്ചയാണ് ഗാസയിലേക്കുള്ള ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങിയ സഹായ വിതരണം ഇസ്രയേൽ വിലക്കിയത്. പരമാവധി രണ്ടാഴ്ചത്തെ ഭക്ഷ്യ സ്റ്റോക്ക് മാത്രമേ ഗാസയിലുള്ളൂ എന്നാണ് റിപ്പോർട്ട്. സ്ഥിതി തുടർന്നാൽ ആയിരക്കണക്കിന് മനുഷ്യർ പട്ടിണിയിലേക്ക് വഴുതി വീഴും.

 ട്രംപിന്റെ ഭീഷണികൾ നെതന്യാഹുവിനെ ശക്തനാക്കും. വെടിനിറുത്തൽ കരാർ അട്ടിമറിക്കാനും ഗാസയിലെ ജനങ്ങൾക്കെതിരെയുള്ള ആക്രമണം ശക്തമാക്കാനും ഇസ്രയേലിനെ പ്രേരിപ്പിക്കും. കരാർ പാലിക്കാനും രണ്ടാം ഘട്ട വെടിനിറുത്തലിലേക്ക് കടക്കാനും ഇസ്രയേലിനെ പ്രേരിപ്പിക്കുകയാണ് വേണ്ടത്.

- ഹമാസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360