
വാഷിംഗ്ടൺ: ഒമ്പത് മാസത്തോളം നീണ്ട ബഹിരാകാശ വാസം. ഒടുവിൽ നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നു. നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് ഇരുവരും.
നാസയുടെ സ്പേസ് എക്സ് ക്രൂ - 10 മിഷന്റെ ഭാഗമായി 4 സഞ്ചാരികൾ നിലയത്തിൽ എത്തി ഒരാഴ്ചയ്ക്ക് ശേഷം സുനിതയ്ക്കും വിൽമോറിനും മടങ്ങാനാകും. കാലാവസ്ഥ അടക്കമുള്ള ഘടകങ്ങൾ അനുകൂലമായാൽ മാർച്ച് 12 രാത്രി 11.48ന് (ഇന്ത്യൻ സമയം, 13ന് രാവിലെ 5.18) ഫ്ലോറിഡയിൽ നിന്ന് ഫാൽക്കൺ റോക്കറ്റിൽ ക്രൂ - 10 പേടകം വിക്ഷേപിക്കും. പേടകത്തിലെത്തുന്ന 4 സഞ്ചാരികൾക്കുവേണ്ട പരിശീലനവും നിർദ്ദേശങ്ങളും നൽകിയ ശേഷം മാർച്ച് 19 ഓടെ സുനിതയ്ക്കും വിൽമോറിനും മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
# മടക്കം ഇങ്ങനെ
സുനിതയും വിൽമോറും 8 ദിവസത്തെ ദൗത്യത്തിനായി 2024 ജൂണിൽ ബോയിംഗ് സ്റ്റാർലൈനർ പേടകത്തിൽ നിലയത്തിൽ എത്തി
പേടകത്തിലെ ഹീലിയം ചോർച്ച മൂലം ഇരുവരും നിലയത്തിൽ കുടുങ്ങി. സ്‌റ്റാർലൈനറിനെ സെപ്തംബറിൽ ആളില്ലാതെ ഭൂമിയിൽ തിരിച്ചെത്തിച്ചു
സുനിതയും വിൽമോറും ഭൂമിയിൽ തിരിച്ചെത്തുക നിലയത്തിൽ ഡോക്ക് ചെയ്തിട്ടുള്ള സ്‌പേസ് എക്സ് ക്രൂ - 9 മിഷൻ പേടകത്തിൽ. ഈ പേടകം സെപ്തംബറിലാണ് നിലയത്തിൽ എത്തിയത്
നാസ സഞ്ചാരി നിക്ക് ഹേഗ്, റഷ്യയുടെ അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരും മടക്കയാത്രയിൽ സുനിതയ്ക്കൊപ്പമുണ്ടാകും (ക്രൂ - 9 മിഷനിലൂടെയാണ് ഇരുവരും നിലയത്തിൽ എത്തിയത്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |