
കീവ്: യുക്രെയിനിലെ ക്രിവീ റീ നഗരത്തിലെ ഹോട്ടലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 4 മരണം. 30 പേർക്ക് പരിക്കേറ്റു. അമേരിക്കൻ ബ്രിട്ടീഷ് വോളന്റിയർമാർ ഈ ഹോട്ടലിൽ ഉണ്ടായിരുന്നെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. അതിനിടെ ഡൊണെസ്കിലും സുമിയിലും വ്യോമാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. തുറമുഖ നഗരമായ ഒഡേസയിൽ ഡ്രോൺ ആക്രമണത്തിൽ വ്യാപക നാശനഷ്ടമുണ്ടായി.
ഇതിനിടെ, ബ്രസൽസിൽ ഇന്നലെ ചേർന്ന യൂറോപ്യൻ കൗൺസിൽ സുരക്ഷാ ഉച്ചകോടിയിൽ സെലെൻസ്കി പങ്കെടുത്തു. രാജ്യത്തിന് നൽകുന്ന ശക്തമായ പിന്തുണയ്ക്ക് യൂറോപ്യൻ നേതാക്കൾക്ക് സെലെൻസ്കി നന്ദി അറിയിച്ചു. യുക്രെയിനുമായി ഇന്റലിജൻസ് വിവരങ്ങൾ പങ്കിടുമെന്ന് ഫ്രാൻസ് അറിയിച്ചു. യുക്രെയിനുള്ള ഇന്റലിജൻസ് പിന്തുണ യു.എസ് കഴിഞ്ഞ ദിവസം നിറുത്തിയിരുന്നു.
അതിനിടെ, യൂറോപ്യൻ രാജ്യങ്ങൾക്ക് യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹമില്ലെന്ന് റഷ്യ കുറ്റപ്പെടുത്തി. സമാധാന കരാറിന്റെ ഭാഗമായി യൂറോപ്യൻ സൈനികരെ യുക്രെയിനിൽ വിന്യസിക്കാൻ അനുവദിക്കില്ലെന്നും അത് തങ്ങളോട് നേരിട്ടുള്ള യുദ്ധമായി കണക്കാക്കുമെന്നും റഷ്യ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |