
വാഷിംഗ്ടൺ: യു.എസിലെ ടെക്‌സസ് ആസ്ഥാനമായുള്ള ഇൻറ്റൂറ്റിവ് മെഷീൻസിന്റെ ചാന്ദ്ര ലാൻഡറായ ''അഥീന" ചന്ദ്രനിൽ ഇറങ്ങി. എന്നാൽ ലാൻഡറിന് എന്ത് സംഭവിച്ചു എന്നതിൽ വ്യക്തതയില്ല. പേടകം ചാന്ദ്രോപരിതലത്തിൽ നിവർന്ന് ഇറങ്ങിയില്ലെന്നും മറിച്ച് ചരിഞ്ഞ് കിടക്കുകയാകാം എന്നുമാണ് നിഗമനം.
ഇന്ത്യൻ സമയം വ്യാഴാഴ്ച രാത്രി 11നാണ് അഥീന ചന്ദ്രോപരിതലത്തിൽ തൊട്ടത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് 100 മൈൽ അകലെയുള്ള മോൺസ് മൗട്ടൺ പർവതത്തിലായിരുന്നു ലാൻഡിംഗ്. ലാൻഡിംഗിനിടെ അഥീനയുമായുള്ള ബന്ധം നഷ്ടമായി. പിന്നീട് ബന്ധം വീണ്ടെടുക്കാനായെങ്കിലും ലാൻഡർ ശരിയായി വിന്യസിക്കപ്പെട്ടില്ലെന്ന് മനസിലായി. രണ്ട് റേഡിയോ ആന്റിനകളിൽ ഒന്ന് പ്രവർത്തനരഹിതമായി. ആവശ്യമായ ഊർജ്ജവും ഉത്പാദിപ്പിക്കുന്നില്ല. ചന്ദ്രനിലെ ജല സാന്നിദ്ധ്യം പഠിക്കുകയാണ് അഥീനയുടെ ലക്ഷ്യം.
നാസയുടെ കൊമേഴ്ഷ്യൽ ലൂണാർ പേലോഡ് സർവീസസ് പ്രോഗ്രാമിന്റെ ഭാഗമായി ഫെബ്രുവരി 27ന് കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റിലായിരുന്നു അഥീനയുടെ വിക്ഷേപണം. ചന്ദ്രനിൽ ഇറങ്ങുന്ന മൂന്നാമത്തെ സ്വകാര്യ ലാൻഡറാണ് അഥീന.
ഇൻറ്റൂറ്റിവ് മെഷീൻസിന്റെ തന്നെ ' ഒഡിസീയസ്' ആണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ലാൻഡർ. ലാൻഡിംഗിനിടെ ഒരു പാറയിൽ തട്ടിയതിനാൽ ഒഡിസീയസും മറിഞ്ഞാണ് നിലംതൊട്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഒഡിസീയസ് ചന്ദ്രനിൽ ഇറങ്ങിയത്. ടെക്സസ് ആസ്ഥാനമായുള്ള ഫയർഫ്ലൈ കമ്പനിയുടെ 'ബ്ലൂ ഗോസ്റ്റ്" എന്ന ലാൻഡർ കഴിഞ്ഞ ആഴ്ച ചന്ദ്രനിൽ ലാൻഡ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |