SignIn
Kerala Kaumudi Online
Saturday, 24 October 2026 3.05 PM IST

യു.എസ് കരാർ: യുക്രെയിനിൽ വെടിനിറുത്തലിന് സാദ്ധ്യത

pic

ജിദ്ദ: മൂന്ന് വർഷമായി തുടരുന്ന റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള വഴിയൊരുങ്ങുന്നു. യു.എസ് ആവിഷ്കരിച്ച 30 ദിവസത്തെ താത്കാലിക വെടിനിറുത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് യുക്രെയിൻ അറിയിച്ചു. ഇന്നലെ സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന യു.എസ്-യുക്രെയിൻ സമാധാന ചർച്ചയിലാണ് നിർണായക നീക്കം.

വെടിനിറുത്തലിനിടെ യുക്രെയിനിലെ സ്ഥിര സമാധാനത്തിനായി ഇരുപക്ഷത്തിനും ചർച്ചകൾ നടത്താമെന്നും യു.എസ് നിർദ്ദേശത്തിൽ പറയുന്നു. ഇതിനിടെ, യുക്രെയിനുള്ള ഇന്റലിജൻസ് പിന്തുണയും സുരക്ഷാ സഹായങ്ങളും നിറുത്തിവച്ച തീരുമാനം പിൻവലിക്കുകയാണെന്ന് യു.എസ് പ്രഖ്യാപിച്ചു. അതേസമയം, യു.എസിന്റെ നിർദ്ദേശം റഷ്യ അംഗീകരിക്കണം. റഷ്യയുമായി യു.എസ് ഉടൻ ചർച്ച നടത്തും. റഷ്യ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.

റൂബിയോ, യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് എന്നിവർ നടത്തിയ ചർച്ചയിൽ യുക്രെയിൻ വിദേശകാര്യ മന്ത്രി ആൻഡ്രി സൈബിഹയും പ്രതിരോധ മന്ത്രി റുസ്തം ഉമറോവും അടങ്ങുന്ന സംഘം പങ്കെടുത്തു. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആതിഥേയത്വം വഹിച്ചു. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി സൗദിയിലുണ്ടായിരുന്നെങ്കിലും ചർച്ചയുടെ ഭാഗമായില്ല. അദ്ദേഹം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.

 ധാതു കരാർ ചർച്ചയായില്ല

യു.എസ് - യുക്രെയിൻ അപൂർവ ധാതു കരാർ ചർച്ചയിൽ വിഷയമായില്ലെന്ന് റൂബിയോ അറിയിച്ചു. സാമ്പത്തിക, സൈനിക സഹായത്തിന് പ്രതിഫലമായി യുക്രെയിനിലെ ധാതു ശേഖരത്തിലെ പങ്ക് യു.എസ് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ ചർച്ചയ്ക്കായി സെലെൻസ്കി അടുത്തിടെ വൈറ്റ് ഹൗസിൽ എത്തിയിരുന്നു. എന്നാൽ, യുദ്ധം അവസാനിപ്പിക്കുന്നതിന്റെ പേരിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായും വാക്കുതർക്കമുണ്ടായതോടെ കരാറിൽ ഒപ്പിടാതെ സെലെൻസ്കി വൈറ്റ് ഹൗസ് വിട്ടു. പിന്നാലെ സെലെൻസ്കിക്കെതിരെ രൂക്ഷവിമർശനമാണ് ട്രംപ് ഉന്നയിച്ചത്.

 റഷ്യയിൽ 3 മരണം

ഇതിനിടെ, റഷ്യയിലെ മോസ്കോയിൽ യുക്രെയിന്റെ ശക്തമായ ഡ്രോൺ ആക്രമണം. ഇന്നലെ പുലർച്ചെ നടന്ന ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. എണ്ണ ശുദ്ധീകരണശാലയ്ക്ക് കേടുപാടുണ്ട്. യുക്രെയിനിലെ ഒഡേസ, സുമി, ഖേഴ്സൺ, ഡൊണെസ്ക് നഗരങ്ങളിലും വ്യോമാക്രമണമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360