SignIn
Kerala Kaumudi Online
Sunday, 31 May 2026 12.46 AM IST

ഇന്ത്യ യു.എസ് മദ്യത്തിന് 150 ശതമാനം തീരുവ ചുമത്തുന്നു: വൈറ്റ് ഹൗസ്

k

വാഷിംഗ്ടൺ: യു.എസ് മദ്യത്തിന് ഇന്ത്യ 150 ശതമാനം തീരുവ ചുമത്തുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ്. കാർഷിക ഉത്പന്നങ്ങൾക്ക് 100 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്നും കരോളിൻ ആരോപിച്ചു. വിവിധ രാജ്യങ്ങളിലെ തീരുവകളെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അവർ ഇന്ത്യയെപ്പറ്റിയും സംസാരിച്ചത്.

‘‘അമേരിക്കൻ ചീസിനും ബട്ടറിനും കാനഡ 300 ശതമാനം തീരുവയാണ് ചുമത്തുന്നത്. അമേരിക്കൻ മദ്യത്തിന് ഇന്ത്യയിൽ 150 ശതമാനമാണ് തീരുവ. ഇന്ത്യയിൽ കാർഷിക ഉത്പന്നങ്ങൾക്ക് 100 ശതമാനം തീരുവയുണ്ട്. ജപ്പാൻ അരിക്ക് 700 ശതമാനം തീരുവ ഏർപ്പെടുത്തിയിരിക്കുന്നു’’-കാരലൈൻ പറഞ്ഞു.

വ്യാപാരം ന്യായവും സന്തുലിതവുമായിരിക്കണമെന്നാണ് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിലപാട്. അമേരിക്കൻ വ്യവസായങ്ങളുടെയും തൊഴിലാളികളുടെയും താത്പര്യം സംരക്ഷിക്കുന്ന പ്രസിഡന്റാണ് ഇപ്പോഴുള്ളതെന്നും കാരലൈൻ പറഞ്ഞു.

നേരത്തെ, യു.എസ് സമ്മർദത്തെ തുടർന്ന്‌ ബേർബൻ വിസ്‌കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തിൽനിന്ന്‌ 50 ശതമാനമാക്കി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചിരുന്നു. മോദി -ട്രംപ്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ തൊട്ടുമുൻപായിരുന്നു തീരുമാനം. ചോളത്തിൽനിന്ന്‌ ഉത്പാദിപ്പിക്കുന്ന ബേർബൻ വിസ്‌കി കൂടുതലായും യു.എസിൽ നിന്നാണ്‌ ഇന്ത്യയിലെത്തുന്നത്‌. ജാക്ക്‌ ഡാനിയേൽസ്‌, ജിം ബീം എന്നീ പ്രധാന ബ്രാൻഡുകളാണ്‌ ഇന്ത്യയിൽ ലഭ്യമാകുന്നത്‌. പിന്നാലെ വിലയിൽ 1000 -1200 രൂപയുടെ കുറവാണ് ഉണ്ടായത്.

ജീവനക്കാരുടെ എണ്ണം

വെട്ടിക്കുറച്ച് ട്രംപ്

കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വകുപ്പിലെ പകുതിയോളം ജീവനക്കാർക്ക് ജോലി നഷ്ടമായി. ഇവർക്ക് ജൂൺ‍ 9 വരെയുള്ള ശമ്പളം ലഭിക്കുമെന്ന് യു.എസ് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോൺ പറഞ്ഞു. വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകി വികേന്ദ്രീകരണം നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് പൊളിച്ചുമാറ്റുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി.

ന്യൂയോർക്ക്,ബോസ്റ്റൺ,ചിക്കാഗോ,ക്ലീവ്‌ലാൻഡ് തുടങ്ങിയ നഗരങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് പാട്ടത്തിനെടുത്ത കെട്ടിടങ്ങളുടെ കരാറും അവസാനിപ്പിച്ചു. സ്കൂളുകൾക്ക് നൽകുന്ന ധനസഹായം,ഗ്രാന്റ് എന്നിവ തുടരുമെന്നും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട മുതിർ‍ന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360