
ടെൽ അവീവ്: ഇസ്രയേൽ-ലെബനൻ അതിർത്തിയിൽ വീണ്ടും യുദ്ധ ഭീതി. ഇന്നലെ രാവിലെ തെക്കൻ ലെബനനിൽ നിന്നുണ്ടായ റോക്കറ്റാക്രമണത്തെ ഇസ്രയേൽ സൈന്യം തകർത്തു. പിന്നാലെ തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തി. രണ്ട് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു.
ഇസ്രയേലിന് നേരെയുണ്ടായ റോക്കറ്റാക്രമണത്തിൽ തങ്ങൾക്ക് ബന്ധമില്ലെന്നും വെടിനിറുത്തൽ കരാർ പാലിക്കുകയാണെന്നും ഹിസ്ബുള്ള പ്രതികരിച്ചു. കഴിഞ്ഞ നവംബറിലാണ് ലെബനീസ് അതിർത്തിയിൽ ഇസ്രയേൽ - ഹിസ്ബുള്ള വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്.
ഇതിനുശേഷം ഇത് രണ്ടാം തവണയാണ് ഇസ്രയേലിന് നേരെ അതിർത്തി കടന്ന് റോക്കറ്റാക്രമണമുണ്ടായത്. ഇസ്രയേലിലെ വടക്കൻ നഗരമായ മെതുലയെ ലക്ഷ്യമാക്കിയാണ് റോക്കറ്റുകളെത്തിയത്. ശക്തമായ മറുപടി നൽകാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തോട് നിർദ്ദേശിക്കുകയായിരുന്നു. ആക്രമണത്തിൽ ഹിസ്ബുള്ളയുടെ റോക്കറ്റ് ലോഞ്ചറുകളും ഒരു കമാൻഡ് സെന്ററും തകർത്തു.
ഗാസയിൽ വെടിനിറുത്തൽ ലംഘിച്ച് ഇസ്രയേൽ ആക്രമണം രൂക്ഷമാക്കുന്നതിനിടെയാണിത്. ബെയ്റ്റ് ലാഹിയയിലും ഗാസ സിറ്റിയിലുമായുണ്ടായ ആക്രമണങ്ങളിൽ ഒരു കുട്ടി അടക്കം അഞ്ച് പേർ ഇന്നലെ കൊല്ലപ്പെട്ടു. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ചൊവ്വാഴ്ച മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം 634 ആയി.
ഹമാസ് നേതാവിനെ വധിച്ചു
ഗാസയിലെ ഹമാസ് മിലിട്ടറി ഇന്റലിജൻസ് മേധാവി ഒസാമ തബാഷിനെ വധിച്ച് ഇസ്രയേൽ. വ്യാഴാഴ്ച തെക്കൻ ഗാസയിൽ നടന്ന ആക്രമണത്തിലാണ് ഒസാമയെ വധിച്ചതെന്ന് പറയുന്നു. ഹമാസിന്റെ നിരീക്ഷണ യൂണിറ്റിന്റെ മേധാവിയും ഇയാളായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |