SignIn
Kerala Kaumudi Online
Friday, 23 October 2026 12.02 AM IST

 യൂനുസിനെതിരെ അട്ടിമറി നീക്കം ബംഗ്ലാദേശിൽ അടിയന്തര യോഗം ചേർന്ന് സൈന്യം

a

ധാക്ക: ബംഗ്ലാദേശിൽ വീണ്ടും സർക്കാർ അട്ടിമറിക്ക് സാദ്ധ്യതയെന്ന് റിപ്പോർട്ട്. ധാക്കയിൽ വൻ സുരക്ഷാ സേനയെ വിന്യസിച്ചതിനുപിന്നാലെ അട്ടിമറി സാദ്ധ്യത വാർത്ത സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയായിരുന്നു. ഷെയ്ഖ് ഹസീനയെ വീഴ്ത്തി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിലെത്തിയെങ്കിലും പ്രതിഷേധങ്ങൾക്ക് ശമനമുണ്ടായിരുന്നില്ല. ഇതിനിടെയാണ് അധികാരം ഏറ്റെടുക്കാൻ സൈന്യം നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. വരും ദിവസങ്ങളിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള ഒരു വൻ നീക്കത്തിന്റെ സൂചന നൽകികൊണ്ട് സൈനിക മേധാവി വാക്കർ-ഉസ്-സമാന്റെ നേതൃത്വത്തിലുള്ള സൈന്യം തിങ്കളാഴ്ച അടിയന്തര യോഗം ചേർന്നെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അഞ്ച് ലെഫ്റ്റനന്റ് ജനറൽമാർ,എട്ട് മേജർ ജനറൽമാർ,ഇൻഡിപെൻഡന്റ് ബ്രിഗേഡുകളുടെ കമാൻഡിംഗ് ഓഫീസർമാർ,സൈനിക ആസ്ഥാനത്തെ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ യോഗത്തിൽ പങ്കെടുത്തെന്നും. ഭീകരാക്രമണങ്ങൾക്കെതിരെ സൈനിക മേധാവി മുന്നറിയിപ്പ് നൽകിയതായും രാജ്യത്ത് സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടതായുമാണ് പുറത്തുവരുന്ന വിവരം. എന്നാൽ,അടിയന്തരാവസ്ഥ പ്രഖ്യാപനത്തെക്കുറിച്ചുള്ള വാർത്തകൾ അഭ്യൂഹം മാത്രമാണെന്ന് ഇടക്കാല സർക്കാരിന്റെ ആഭ്യന്തര സെക്രട്ടറി നസിമുൾ ഹഖ് ഗാനി പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ് സൈന്യത്തിലെ പാക് അനുകൂലികൾ കരസേനാ മേധാവിയെ അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രസിഡന്റ് മുഹമ്മദ് ഷാബുദ്ദീനുമായി ചേർന്ന് പുതിയ ഇടക്കാല സർക്കാർ സ്ഥാപിക്കാൻ സൈനിക മേധാവി ഗൂഢാലോചന നടത്തിയെന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ആമർ ബംഗ്ലാദേശ് പാർട്ടിയുടെ ജനറൽ സെക്രട്ടറി അസദുസ്സമാൻ ഫുആദ് ആരോപിച്ചു. സൈനിക അട്ടിമറിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ കഴിഞ്ഞ മാസം കരസേനാ മേധാവി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വീണ്ടും വൈറലായി.

തള്ളി സൈന്യം

അതിനിടെ അട്ടിമറി സാദ്ധ്യതയെന്ന വാർത്ത തള്ളി സൈന്യം രംഗത്തെത്തി. കുപ്രചാരണമാണെന്നും അത്തരം നീക്കങ്ങളില്ലെന്നും വ്യക്തമാക്കി. എന്നാൽ മുഹമ്മദ് യൂനുസ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. 

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360