
നെയ്‌പിഡോ: 'രക്ഷിക്കണേ..." തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ എവിടെ നിന്നോ വരുന്ന ദയനീയ ശബ്ദങ്ങൾ. ഇതിനിടെയിൽ നിസ്സഹായരായി പകച്ചു നിൽക്കുന്ന രക്ഷാപ്രവർത്തകർ. പരിക്കേറ്റവർ തെരുവുകളിലൂടെ സഹായമഭ്യർത്ഥിച്ച് ഓടുന്നുണ്ടായിരുന്നു. കാണാതായ പ്രിയപ്പെട്ടവരെ തേടി അലയുന്ന ഉറ്റവർ. നിറഞ്ഞു കവിഞ്ഞ ആശുപത്രികൾ.... ആഭ്യന്തര സംഘർഷങ്ങളാൽ ഞെരിഞ്ഞമർന്ന മ്യാൻമറിലെ സാധാരണക്കാർക്ക് ഭൂകമ്പം വിതച്ച കെടുതി സഹിക്കാവുന്നതിലും അപ്പുറമാണ്.
രക്ഷാപ്രവർത്തനത്തിന് വേണ്ട ശരിയായ ഏകോപനം പട്ടാള ഭരണകൂടത്തിൽ നിന്നുണ്ടാകുന്നില്ലെന്ന് ചിലർ ആരോപിക്കുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ നീക്കാൻ വേണ്ട ഹെവി മെഷീനുകളുടെ അഭാവം വെല്ലുവിളിയാണ്. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ജനങ്ങൾ കൈകൾ കൊണ്ടാണ് അവശിഷ്ടങ്ങൾ നീക്കിയത്.
2021ലെ പട്ടാള അട്ടിമറിക്ക് ശേഷം അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ട നിലയിലാണ് ഏഷ്യയിലെ ദരിദ്ര രാജ്യങ്ങളിലൊന്നായ മ്യാൻമർ. ദുരന്തത്തിന്റെ ഭീകരത കണക്കിലെടുത്ത് പട്ടാള ഭരണകൂടം അന്താരാഷ്ട്ര സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. സഹായവുമായി ആദ്യമെത്തിയ രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാൻമറിലെ ജനതയ്ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. ചൈന,റഷ്യ,മലേഷ്യ,സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളും സഹായവുമായി എത്തി. മ്യാൻമറിനെ സഹായിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അറിയിച്ചു.
മ്യാൻമർ പട്ടാള മേധാവിയുമായി
സംസാരിച്ച് മോദി
മ്യാൻമാറിലെ പട്ടാള ഭരണകൂട തലവൻ ജനറൽ മിൻ ഓംഗ് ഹ്ളൈംഗുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുഷ്‌കരമായ സമയത്ത് മ്യാൻമറിനെ പിന്തുണയ്ക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത മോദി മിൻ ഓംഗിനെ അറിയിച്ചു. 'ഓപ്പറേഷൻ ബ്രഹ്‌മ'യുടെ ഭാഗമായി ടെന്റുകൾ,പുതപ്പുകൾ,ഭക്ഷണ പാക്കറ്റുകൾ, ശുചിത്വ കിറ്റുകൾ,ജനറേറ്ററുകൾ,മെഡിക്കൽ സാമഗ്രികൾ എന്നിവ അടക്കം രക്ഷാ സാമഗ്രികളുമായി വ്യോമസേന വിമാനം യാങ്കോണിൽ എത്തിയിരുന്നു. 15 ടൺ ആദ്യ ബാച്ച് മ്യാൻമറിലെ ഇന്ത്യൻ അംബാസഡർ അഭയ് താക്കൂർ,പ്രവിശ്യ മുഖ്യമന്ത്രി യു സോ തീന് കൈമാറി.
പാരസെറ്റമോൾ,ആന്റിബയോട്ടിക്കുകൾ,കാനുല,സിറിഞ്ചുകൾ,ഗ്ളൗസുകൾ,പഞ്ഞി,ബാൻഡേജുകൾ,യൂറിൻ ബാഗുകൾ എന്നിവ അടങ്ങിയ മെഡിക്കൽ കിറ്റുകളും ഇക്കൂട്ടത്തിലുണ്ട്. ഇന്ത്യയിൽ നിന്ന് ആദ്യ വിമാനം പുലർച്ചെ മൂന്നു മണിക്കാണ് പുറപ്പെട്ടത്. പിന്നാലെ എൻ.ഡി.ആർ.എഫ് സംഘം അടങ്ങുന്ന രക്ഷാപ്രവർത്തന ടീം രണ്ട് വ്യോമസേനാ വിമാനങ്ങളിലായി മ്യാൻമാറിലെത്തി.
ഇന്ത്യക്കാർ സുരക്ഷിതർ
മ്യാൻമറിലുള്ള 16,000 ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ലെഫ്റ്റ. കേണൽ ജഗ്‌നീത് ഗില്ലിന്റെ നേതൃത്വത്തിൽ ശത്രുജീത്ത് മെഡിക്കൽ റെസ്‌പോണ്ടേഴ്സ് ടീമിൽ നിന്നാണ് 118 മെഡിക്കൽ വിദഗ്‌ദ്ധർ മ്യാൻമാറിലെത്തിയത്. ഇവർ ഭൂകമ്പ ബാധിത പ്രദേശത്ത് അടിയന്തര ശസ്‌ത്രക്രിയ, ട്രോമ കെയർ തുടങ്ങിയ സേവനങ്ങൾക്കായി 60 കിടക്കകളുള്ള ഒരു താത്‌ക്കാലിക ആശുപത്രി സജ്ജീകരിക്കും. കൂടുതൽ എൻ.ഡി.ആർ.എഫ് അംഗങ്ങളും ഇന്നെത്തും.
ഒാപ്പറേഷൻ ബ്രഹ്‌മ: മ്യാൻമാറിനെ പുനഃനിർമ്മിക്കാൻ
ഭൂകമ്പത്തിൽ തകർന്ന മ്യാൻമാറിനെ പുനഃനിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ രക്ഷാദൗത്യത്തിന് 'ഒാപ്പറേഷൻ ബ്രഹ്മ' എന്നു പേരിട്ടതെന്ന് വിദേശകാര്യ മന്ത്രാലയം. സൃഷ്‌ടാവായ ബ്രഹ്‌മാവിന്റെ പേരിലാണ് മ്യാൻമാറിന് ഇന്ത്യ സഹായമെത്തിക്കുന്നതെന്ന് വിദേശകാര്യ വക്താവ് രൺദീപ് ജയ്‌സ്വാൾ വിശദീകരിച്ചു. യാഗി ചുഴക്കാറ്റ് മ്യാൻമാറിൽ നാശമുണ്ടാക്കിയപ്പോഴും ഇന്ത്യയാണ് ആദ്യം രക്ഷാ പ്രവർത്തനത്തിനിറങ്ങിയത്.
80 അംഗ എൻ.ഡി.ആർ.എഫ് സംഘവുമായി വ്യോമസേനയുടെ സി-130 വിമാനം നെയ്‌പിഡോയിൽ ഇറങ്ങിയിരുന്നു. ഭൂകമ്പ രക്ഷാപ്രവർത്തനത്തിന് മ്യാൻമാറിലെത്തിയ ആദ്യ വിദേശ സംഘം ഇതാണ്. അവർ ഇന്ന് രാവിലെ മണ്ഡലൈയിലേക്ക് പുറപ്പെടും.
മോദിയുടെ തായ്‌ലൻഡ് സന്ദർശനത്തിൽ മാറ്റമില്ല
മ്യാൻമാറിനൊപ്പം ഭൂകമ്പം നാശം വിതച്ച തായ്‌ലൻഡിലേക്ക് ഏപ്രിൽ 3, 4 തീയതികളിൽ നടത്താനിരുന്ന പ്രധാനമന്തി നരേന്ദ്രമോദിയുടെ സന്ദർശനത്തിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌ടോങ്‌ടാൺ ഷിനവത്രയുമായി കൂടിക്കാഴ‌്ച നടത്തുന്ന മോദി ഏപ്രിൽ നാലിന് തലസ്ഥാനമായ ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിലും പങ്കെടുക്കും.
ദുരന്തത്തിനിടെയിലും ആക്രമണം നടത്തി സൈന്യം
ഭൂകമ്പം തകർത്തെറിഞ്ഞ തെരുവുകളിലൂടെ ജനങ്ങൾ അലയുന്നതിനിടെയിലും വ്യോമാക്രമണം തുടർന്ന് മ്യാൻമറിലെ പട്ടാള ഭരണകൂടം. ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ച സാഗൈംഗ് മേഖലയിലടക്കം വ്യോമാക്രമണങ്ങളും ഡ്രോൺ ആക്രമണങ്ങളുണ്ടായി. സാഗൈംഗിലെ ഒരു ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി രണ്ട് തവണ ബോംബാക്രമണമുണ്ടായെന്ന് ജനാധിപത്യ അനുകൂല സേനകൾ പറയുന്നു. സാഗൈംഗ് അടക്കം വിമത സേനകളുടെ ശക്തി കേന്ദ്രങ്ങളിൽ സൈന്യത്തിന്റെ ആക്രമണം പതിവാണ്.
ദുരിത ബാധിതരായ ജനങ്ങളെ രക്ഷിക്കാൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര ശ്രമമില്ലെന്ന് വോളന്റിയർമാരും പറഞ്ഞു. അന്താരാഷ്ട്ര സഹായങ്ങൾ സ്വീകരിക്കുമെന്ന് പട്ടാളം അറിയിച്ചതാണ് ഏക ആശ്വാസം. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ 'ഏത് രാജ്യത്തിനും ഏത് സംഘനയ്ക്കും " സഹായവുമായി എത്താമെന്ന് പട്ടാള മേധാവി ജനറൽ മിൻ ഓംഗ് ഹ്ളൈംഗ് ഇന്നലെ അറിയിച്ചു.
2021 ഫെബ്രുവരിയിൽ ഓംഗ് സാൻ സൂചിയുടെ ഭരണകൂടത്തെ അട്ടിമറിച്ച ശേഷം സ്വതന്ത്ര മാദ്ധ്യമങ്ങളെയും അന്താരാഷ്ട്ര സഹായ ഗ്രൂപ്പുകളെയും പട്ടാളം വിലക്കിയിരുന്നു. വിവിധ ഗ്രൂപ്പുകളും മാദ്ധ്യമ പ്രതിനിധികളും മ്യാൻമറിലേക്ക് എത്തുന്നുണ്ടെങ്കിലും ആശയവിനിമയ സംവിധാനങ്ങൾ താറുമാറായത് വെല്ലുവിളിയാണ്. പലയിടങ്ങളിലും വൈദ്യുതി ഇല്ല. റോഡുകളും തകർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |