SignIn
Kerala Kaumudi Online
Friday, 23 October 2026 3.43 AM IST

ഇന്ത്യയും ചൈനയും ഒന്നിച്ചുനിൽക്കണം: ഷീ

ff

 ബന്ധം 'ഡ്രാഗൺ ആന ടാംഗോ' പോലെയാകണം

ബീജിംഗ്: ഇന്ത്യ-ചൈന ബന്ധം ശക്തമാക്കണമെന്ന ആഹ്വാനവുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം തുടങ്ങിയതിന്റെ 75 -ാം വാർഷികത്തോട് അനുബന്ധിച്ച് ഇന്നലെ രാഷ്ട്രപതി ദ്രൗപതി മുർമുവിനയച്ച ആശംസ സന്ദേശത്തിലാണ് ഷീയുടെ പരാമർശം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണിയ്ക്കെതിരെ ഇന്ത്യയും ചൈനയും ഒന്നിച്ചുനിൽക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്റി വാംഗ് യീ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ത്യയെ ഒപ്പം നിറുത്താനുള്ള താത്പര്യം ഷീയും പരസ്യമാക്കിയത്. ഇന്ത്യ- ചൈന ബന്ധം ആനയും ഡ്രാഗണും ചേർന്നുള്ള ടാംഗോ (ഒരുതരം നൃത്തരൂപം) പോലെയാകണമെന്ന് ഷീ പറഞ്ഞു(ഇരു രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന മൃഗങ്ങളാണ് ആനയും ഡ്രാഗണും). മുർമുവും ഷീയ്ക്ക് ആശംസാ സന്ദേശം കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാംഗും തമ്മിലും സന്ദേശം കൈമാറി. 2020ലെ സൈനിക സംഘർഷത്തെ തുടർന്ന് ഇന്ത്യ-ചൈന ബന്ധം വഷളായിരുന്നു. എന്നാൽ സമീപകാലത്ത് നടന്ന നയതന്ത്ര ചർച്ചകളിലൂടെ പിരിമുറുക്കങ്ങൾ കുറഞ്ഞു.

 വിശ്വാസം ശക്തമാക്കും

ഇന്ത്യയ്ക്കും ചൈനയ്ക്കും മുന്നിലുള്ള ഏറ്റവും മികച്ച പാത പങ്കാളിത്തമാണെന്ന് ചൈന. ' ഗ്ലോബൽ സൗത്തിലെ സുപ്രധാന വികസന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. നിലവിൽ ഇരുരാജ്യങ്ങളും നിർണായകമായ ആധുനികവത്കരണ ഘട്ടത്തിലൂടെ പോകുന്നു.

ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയുമായി വിവിധ മേഖലകളിലുടനീളം തന്ത്രപരമായ വിശ്വാസം ശക്തിപ്പെടുത്താനും സഹകരണം വർദ്ധിപ്പിക്കാനും ചൈന പ്രതിജ്ഞാബന്ധമാണ് " - ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

# ലക്ഷ്യം ട്രംപ്

ട്രംപ് അധികാരത്തിലേറിയ ശേഷം യു.എസിലെ ചൈനീസ് ഇറക്കുമതിക്ക് രണ്ട് തവണയായി 20 ശതമാനം താരിഫ് ചുമത്തിയിരുന്നു. ഇന്ത്യ,​ ബ്രസീൽ, തായ്‌ലൻഡ് അടക്കം രാജ്യങ്ങളുടെ ഇറക്കുമതിക്ക് 'പരസ്പര താരിഫ്" (റെസിപ്രോക്കൽ താരിഫ് ) ട്രംപ് ഇന്ന് പ്രഖ്യാപിക്കും. ഈ അവസരത്തിൽ ട്രംപിന്റെ ഭീഷണികളെ ചെറുക്കാൻ ഇന്ത്യയടക്കം രാജ്യങ്ങളെ ഒപ്പം നിറുത്താനാണ് ചൈനീസ് ശ്രമം.

# കസാൻ ചർച്ച നിർണായകം

കഴിഞ്ഞ വർഷം ഒക്ടോബറിൽ റഷ്യയിലെ കസാനിൽ മോദിയും ഷീയും കൂടിക്കാഴ്ച നടത്തിയത് ഇരുരാജ്യങ്ങൾക്കുമിടെയിലെ ഭിന്നത ലഘൂകരിക്കാൻ സഹായിച്ചു

 അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ തമ്മിലും ചർച്ചകൾ നടത്തി

 കൈലാസ് - മാനസ സരോവർ യാത്രയും നേരിട്ടുള്ള വിമാന സർവീസും പുനരാരംഭിക്കാൻ ധാരണയായി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360