
മയാമി: പാമ്പിനെ പേടിയില്ലാത്തവരായി ആരും കാണില്ല. കണ്ടാൽതന്നെ ജീവനുംകൊണ്ട് ഓടി രക്ഷപ്പെടും. എന്നാൽ വിഷപ്പാമ്പുകളുടെ കളിക്കൂട്ടുകാരനായി, നിരവധി തവണ കടി ഏറ്റുവാങ്ങിയ ഒരു മനുഷ്യനെ പറ്റി കേട്ടിട്ടുണ്ടോ? അതും ഒന്നും രണ്ടുമല്ല, പാമ്പു കടിയേറ്റിട്ടുള്ളത് 172 തവണയാണ് ! ബിൽ ഹാസ്റ്റ് എന്ന അമേരിക്കൻ ഗവേഷകനാണ് ഈ അത്ഭുത മനുഷ്യൻ. 60 വർഷകാലംകൊണ്ട് മൂന്ന് ദശലക്ഷം വിഷപ്പാമ്പുകളെയാണ് ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുള്ളത്. 'പാമ്പ് മനുഷ്യൻ' എന്നാണ് വിളിപ്പേര്. എല്ലാ ദിവസവും 32 വ്യത്യസ്ത ഇനത്തിൽപെട്ട പാമ്പുകളിൽ നിന്നുള്ള വിഷം ബിൽ സ്വയം കുത്തിവച്ചിരുന്നത്രെ. അങ്ങനെ ബില്ലിന്റെ രക്തത്തിൽ പാമ്പു വിഷത്തെ പ്രതിരോധിക്കത്തക്ക ആന്റിബോഡികൾ ഉണ്ടായി. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള പാമ്പുകടിയേറ്റ 21 പേരെ ബില്ലിന് തന്റെ രക്തമുപയോഗിച്ച് രക്ഷിക്കാനായി. കളിച്ചു നടക്കേണ്ട പ്രായത്തിൽ പാമ്പുകളുടെ കൂട്ടുകാരനായ ബിൽ ഏഴാം വയസിൽ ഒരു പാമ്പിനെയുംകൊണ്ട് വീട്ടിൽ എത്തി. ഇക്കാരണത്താൽ ബില്ലിന്റെ അമ്മ മൂന്നു ദിവസം വീട് പൂട്ടിയിട്ടു. എന്നിട്ടും ബിൽ പിൻവാങ്ങിയില്ല. ബില്ലിന് പാമ്പുമായുള്ള അമിത ചങ്ങാത്തം കാരണം ആദ്യ ഭാര്യ ഉപേക്ഷിച്ചുപോയി. ഇത്രയധികം തവണ പാമ്പുകടിയേറ്റ് ജീവിച്ചതിന്റെ പേരിൽ ബിൽ ഗിന്നസ് ബുക്കിൽവരെ ഇടം നേടി. 2011ൽ തന്റെ 100 -ാം വയസിൽ ബിൽ അന്തരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |