SignIn
Kerala Kaumudi Online
Monday, 21 September 2026 11.38 AM IST

രാജ്ഞിയ്ക്കൊപ്പം ചായ വേണ്ട, ക്ലിന്റന് ഇഷ്‌ടം ഇന്ത്യൻ റെസ്‌റ്റോറന്റ് !

pic

വാഷിംഗ്ടൺ: 1997 മേയിൽ ടോണി ബ്ലെയർ യു.കെ പ്രധാനമന്ത്രിയായിരിക്കെ ഒറ്റ ദിവസത്തെ സന്ദർശനത്തിനായി യു.കെയിലെത്തിയതായിരുന്നു അന്നത്തെ യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റനും പത്നി ഹിലരി ക്ലിന്റനും. അന്ന് എലിസബത്ത് രാജ്ഞി ചായ സത്കാരത്തിന് ക്ഷണിച്ചിട്ടും യു.കെ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ വസതിയിൽ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടും യു.എസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ അത് നിരസിച്ചു ; കാരണം, ലണ്ടൻ നഗരത്തിലെ ഇന്ത്യൻ രുചിഭേദങ്ങൾ തേടുകയായിരുന്നു ക്ലിന്റന്റെ മനസ് !

ഒരു ഇന്ത്യൻ റെസ്റ്റോറന്റിലെ രുചി പരീക്ഷിക്കാൻ ആഗ്രഹിച്ചതിനാലാണത്രെ അന്ന് എലിസബത്ത് രാജ്ഞിയുമൊത്തുള്ള ചായ സത്കാരത്തിന്റെ ക്ഷണം അമേരിക്കയുടെ 42ാമത്തെ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റൻ നിരസിച്ചത്. അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക രേഖകളിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ടോണി ബ്ലെയറുമൊത്തുള്ള ക്ലിന്റന്റെ ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്. എലിസബത്ത് രാജ്ഞിയെ അതിന് മുമ്പും ക്ലിന്റൻ സന്ദർശിച്ചിട്ടുണ്ട്.

ക്ലിന്റനെ ചായ സത്കാരത്തിലേക്ക് ക്ഷണിക്കുന്നതിൽ എലിസബത്ത് രാജ്ഞി വളരെ സന്തോഷവതിയാണെന്ന് ബക്കിംഗ്‌ഹാം കൊട്ടാരത്തിലെ അധികൃതർ ടോണി ബ്ലെയറിന്റെ ഓഫീസലേക്കയച്ച കത്തിൽ പറയുന്നതായി യു.കെ നാഷണൽ ആർക്കൈവ്സിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളിൽ വ്യക്തമാക്കുന്നു.

എന്നാൽ,​ താനൊരു ' ടൂറിസ്റ്റ് " ആകാൻ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യൻ ഭക്ഷണം പരീക്ഷിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നതായുമാണ് മറുപടിയായി ക്ലിന്റൻ അറിയിച്ചതെന്ന് രേഖകളെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ലണ്ടൻ നഗരത്തിൽ ഷോപ്പിംഗ് നടത്താനും ക്ലിന്റൻ ആഗ്രഹിച്ചിരുന്നു.

രാജകുടുംബത്തിന്റെ സത്കാരം ക്ലിന്റൻ വിനയപൂർവ്വം ഒഴിവാക്കാൻ ആഗ്രഹിക്കുന്നതായി ടോണി ബ്ലെയറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഫിലിപ് ബാർട്ടൺ ബക്കിംഗ്ഹാം അധികൃതരോട് വ്യക്തമാക്കുകയായിരുന്നു. യു.കെ പ്രധാനമന്ത്രിയുടെ വസതിയിലെ അത്താഴവിരുന്നിലും ക്ലിന്റൺ പങ്കെടുത്തിരുന്നില്ല. ഒറ്റ ദിവസത്തെ സന്ദശനത്തിനിടെ ഇന്ത്യൻ റെസ്റ്റോറന്റിലെത്താൻ ക്ലിന്റൺ ശ്രമിച്ചെങ്കിലും ഒടുവിൽ ലണ്ടൻ ടവർ ബ്രിഡ്ജിന് സമീപമുള്ള ഒരു ഫ്രഞ്ച് റെസ്റ്റോറന്റിലെത്തി തൃപ്തിപ്പെടേണ്ടി വന്നു ക്ലിന്റനും ടോണി ബ്ലെയറിനും. 1993 മുതൽ 2001 വരെയാണ് ക്ലിന്റൻ അമേരിക്കയുടെ പ്രസിഡന്റായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360