SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.11 AM IST

ഖമനേയിയുടെ പിൻഗാമി ആര് ?

pic

ടെഹ്റാൻ: ഖമനേയി കൊല്ലപ്പെട്ടതോടെ ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആരാകും..? ഇതിന് ഇറാനിയൻ ഭരണഘടനയിൽ ചില നടപടിക്രമങ്ങളുണ്ട്. ആദ്യഘട്ടമായി പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ,​ ചീഫ് ജസ്റ്റിസ് ഗോലാം ഹുസൈൻ മൊഹ്സെനി എജെയ്, മുതിർന്ന പുരോഹിതൻ അലിറേസ അറാഫി എന്നിവരടങ്ങുന്ന മൂന്നംഗ സമിതി രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.

പുരോഹിതൻമാരുടെ സമിതിയായ അസംബ്ലി ഒഫ് എക്‌സ്‌പേർട്‌സ് ആണ് പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുക. 88 അംഗങ്ങളാണ് അസംബ്ലി ഒഫ് എക്‌സ്‌പേർട്‌സിലുള്ളത്. ജനങ്ങൾ തിരഞ്ഞെടുക്കുന്ന മതപണ്ഡിതന്മാരുള്ള സഭയാണിത്.

നേതാവ് അന്തരിച്ചാൽ ഇവർ അടിയന്തര യോഗം ചേരും. ഇസ്ലാമിക് പാണ്ഡിത്യം, നീതിബോധം,​ ഭക്തി, ശരിയായ രാഷ്ട്രീയ - സാമൂഹിക കാഴ്ചപ്പാട്, ധൈര്യം, ഭരണനിപുണത എന്നിവ ചേർന്ന വ്യക്തിയെയാണ് നേതാവായി പരിഗണിക്കുക. അസംബ്ലി അംഗങ്ങളിൽ ഭൂരിപക്ഷം പിന്തുണയ്ക്കുന്നത് ആരെയാണോ,​ അയാളെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിക്കും. 1989 ആഗസ്റ്റ് 6 നാണ് ഖമനേയി പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്.

# സാദ്ധ്യത ഇവർക്ക്

മൊജ്തബാ ഹുസൈനി ഖമനേയി (56) - അയത്തൊള്ള അലി ഖമനേയിയുടെ രണ്ടാമത്തെ മകൻ. ഉന്നത പുരോഹിത പദവിയില്ലെങ്കിലും റെവല്യൂഷണറി ഗാർഡിൽ ആഴത്തിലുള്ള സ്വാധീനം

 ഹസൻ ഖൊമേനി (53) - ആദ്യ പരമോന്നത നേതാവ് റുഹൊള്ള ഖൊമേനിയുടെ ചെറുമകൻ

 മുഹമ്മദ് മെഹ്ദി മിർബാഗേരി (64) - കർക്കശക്കാരനായ പുരോഹിതൻ. കടുത്ത പാശ്ചാത വിരുദ്ധനിലപാട്. അസംബ്ലി ഒഫ് എക്‌സ്‌പേർട്‌സ് അംഗം

 അലി ലാരിജാനി (67)​ - പാർലമെന്റ് മുൻ സ്പീക്കർ. നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി. ഖമനേയി ഇദ്ദേഹത്തെ പിൻഗാമി സ്ഥാനത്തേക്ക് നിർദ്ദേശിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു

 അയത്തൊള്ള അലിറേസ അറാഫി (67) - ഉന്നത മതപണ്ഡിതൻ. രാഷ്ട്രീയ നേതാവ്. അസംബ്ലി ഒഫ് എക്‌സ്‌പേർട്‌സ്, ഗാർഡിയൻ കൗൺസിൽ അംഗം

# അഹ്‌മ്മദ് വഹീദി റെവല്യൂഷണറി ഗാർഡ് മേധാവി

ഇറാന്റെ കരുത്തുറ്റ സായുധ സേനാ വിഭാഗമായ റെവല്യൂഷണറി ഗാർഡിന്റെ പുതിയ മേധാവിയായി മുൻ ആഭ്യന്തര, പ്രതിരോധ മന്ത്രി അഹ്‌മ്മദ് വഹീദിയെ (67) നിയമിച്ചു. മുൻ മേധാവി മുഹമ്മദ് പക്‌പോർ യു.എസ് - ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നിയമനം. ഡിസംബർ മുതൽ റെവല്യൂഷണറി ഗാർഡിന്റെ ഉപമേധാവിയായി പ്രവർത്തിച്ചുവരികയായിരുന്നു വഹീദി. ആണവ പദ്ധതിയുടെ പേരിൽ യു.എസും യൂറോപ്യൻ യൂണിയനും വഹീദിക്കെതിരെ ഉപരോധങ്ങൾ ചുമത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360