SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.45 AM IST

എണ്ണ ടാങ്കുകൾ കത്തിച്ച് യു.എസും ഇസ്രയേലും, ടെഹ്റാനെ വിഴുങ്ങി കറുത്ത പുക

pic

ടെഹ്‌റാൻ: ഇറാനിലെ എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളെയും എണ്ണ സംഭരണ ടാങ്കുകളെയും ലക്ഷ്യമിട്ട് യു.എസും ഇസ്രയേലും വ്യോമാക്രമണം തുടങ്ങിയതോടെ, ടെഹ്റാനടക്കം നഗരങ്ങളെ പൊതിഞ്ഞ് കട്ടിയേറിയ കറുത്ത പുക. മിസൈലാക്രമണങ്ങൾ മൂലമുള്ള സ്ഫോടനങ്ങൾക്കിടെയിൽ, കത്തിയമരുന്ന എണ്ണ സംഭരണ ടാങ്കുകളിൽ നിന്നുയരുന്ന പുകയിലെ രാസവസ്തുക്കളും ജനങ്ങൾക്കിടെയിൽ ഭീതി സൃഷ്ടിക്കുന്നു.

അതിനിടെ, ഇറാനിൽ 'വിഷ മഴ'യ്ക്ക് സാദ്ധ്യതയുണ്ടെന്ന് റെഡ് ക്രെസന്റ് സംഘടന മുന്നറിയിപ്പ് നൽകി. കട്ടിയേറിയ കറുത്ത പുകയുടെ സാന്നിദ്ധ്യം കാരണം മഴവെള്ളം വിഷമയമാകാമെന്നും,​ മഴ പെയ്താൽ ജനങ്ങൾ കഴിയുന്നതും പുറത്തിറങ്ങരുതെന്നും റെഡ് ക്രെസന്റ് അറിയിച്ചു. ത്വക്കിൽ പൊള്ളൽ മുതൽ ശ്വാസകോശ പ്രശ്നങ്ങൾക്കുവരെ ഇത് കാരണമാകാം.

ഇന്നലെ രാവിലെ ടെഹ്റാനിൽ പെയ്ത മഴയ്ക്ക് കറുത്ത നിറമായിരുന്നെന്നും എണ്ണപ്പാട പോലെ മാലിന്യങ്ങൾ കലർന്നിരുന്നെന്നും പ്രചരിക്കുന്നുണ്ട്. ജനങ്ങൾ ജനാലകൾ തുറക്കരുതെന്നും മാസ്ക് ധരിക്കണമെന്നും വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകി. സൂര്യൻ അപ്രത്യക്ഷമായ പോലെയായിരുന്നു ഇന്നലെ ടെഹ്റാനിലെ പകലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതുവരെ 1,400ഓളം പേരാണ് യു.എസ്-ഇസ്രയേൽ ആക്രമണങ്ങളിൽ ഇറാനിൽ കൊല്ലപ്പെട്ടത്.


അതേ സമയം, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാധാന ശ്രമങ്ങൾക്ക് തുരങ്കംവച്ചെന്നും പ്രാദേശിക സംഘർഷം ആളിക്കത്തിച്ചെന്നും ഇറാൻ ആരോപിച്ചു. പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ വധിച്ചതിന് ട്രംപ് വലിയ വില നൽകേണ്ടി വരുമെന്ന് ഇറാൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി മുന്നറിയിപ്പ് നൽകി.

 യു.എസ് എംബസിയ്ക്ക് സമീപം സ്ഫോടനം


നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോയിൽ യു.എസ് എംബസിയുടെ കവാടത്തിന് സമീപം സ്ഫോടനം. പ്രാദേശിക സമയം ഇന്നലെ പുലർച്ചെ 1നായിരുന്നു സംഭവം. ആളപായമില്ല. എംബസി പരിസരത്ത് നേരിയ നാശനഷ്ടമുണ്ട്. സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളുമായി സ്ഫോടനത്തിന് ബന്ധമുണ്ടെന്ന് കരുതുന്നു.

 സ്റ്റാമറെ വിമർശിച്ച് ട്രംപ്


ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമറിനെ രൂക്ഷമായി വിമർശിച്ച് ട്രംപ്. ഇറാൻ യുദ്ധത്തിനിടെ മതിയായ ബ്രിട്ടീഷ് പിന്തുണ ലഭിച്ചില്ല എന്ന കാര്യം താൻ മറക്കില്ലെന്ന് ട്രംപ് പറഞ്ഞു. ' യു.കെയുടെ വിമാനവാഹിനിയുടെ സഹായം യു.എസിന് വേണ്ട. ഇപ്പോൾ ബ്രിട്ടൻ സൈനിക പിന്തുണയുമായി എത്തിയെങ്കിലും വളരെ വൈകിപ്പോയി. തീരെ ചെറുതുമാണ്. ഒരിക്കൽ യു.എസിന്റെ ഏറ്റവും വലിയ സഖ്യ കക്ഷിയായിരുന്നു ബ്രിട്ടൻ ' - ട്രംപ് പറഞ്ഞു.

ഇറാനെതിരെയുള്ള ആക്രമണത്തിന് മേഖലയിലെ ബ്രിട്ടീഷ് ബേസുകൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നായിരുന്നു സ്റ്റാമർ ആദ്യമെടുത്ത നിലപാട്. എന്നാൽ സൈപ്രസിലെ ബ്രിട്ടീഷ് എയർബേസിന് നേരെ ഡ്രോണാക്രമണമുണ്ടായ പിന്നാലെ തീരുമാനം തിരുത്തി.

 മിനാബ് ആക്രമണം: ഇറാനെ കുറ്റപ്പെടുത്തി ട്രംപ്

തെക്കൻ ഇറാനിലെ മിനാബിലെ സ്കൂൾ തകർന്ന് 183 പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാനെ കുറ്റപ്പെടുത്തി ട്രംപ്. സ്ഫോടനം നടത്തിയത് ഇറാനാണെന്നാണ് ട്രംപിന്റെ വാദം. സ്കൂളിൽ രണ്ട് തവണ സ്ഫോടനമുണ്ടായെന്നും യു.എസ് ആണ് പിന്നിലെന്നുമുള്ള അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്ന പിന്നാലെയാണ് ട്രംപിന്റെ പ്രസ്തവന. ആയുധ പ്രയോഗത്തിന്റെ കാര്യത്തിൽ ഇറാൻ തീരെ കൃത്യതയില്ലാത്തവർ ആണെന്നും ട്രംപ് പറഞ്ഞു. ഹോർമോസ്ഗൻ പ്രവിശ്യയിൽ ഒമാൻ ഉൾക്കടലിന് സമീപമാണ് സ്കൂളിന്റെ സ്ഥാനം. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ കേന്ദ്രം സ്കൂളിനടുത്തുണ്ട്. ഈ കേന്ദ്രത്തെ ലക്ഷ്യമിട്ട് യു.എസ് നടത്തിയ ആക്രമണമാകാം സ്കൂളിനെയും തകർത്തതെന്നാണ് കരുതുന്നത്.

 കരദൗത്യം ?

ഇറാനിലെ തന്ത്രപ്രധാന ആണവ കേന്ദ്രങ്ങൾ പിടിച്ചെടുക്കാനും തകർക്കാനും സ്പെഷ്യൽ ഫോഴ്സ് കമാൻഡോമാരെ വിന്യസിക്കുന്നത് അടക്കമുള്ള പദ്ധതികൾ ട്രംപിന്റെ പരിഗണനയിലുണ്ടെന്ന് റിപ്പോർട്ട്. യു.എസ് ആർമിയുടെ ഡെൽറ്റാ ഫോഴ്സ് യൂണിറ്റ് ഇതുസംബന്ധിച്ച ദൗത്യങ്ങൾക്ക് തയ്യാറാണെന്നും പറയപ്പെടുന്നു.  മുന്നറിയിപ്പുമായി യു.എ.ഇയിലെ ഇന്ത്യൻ എംബസി പൗരന്മാർക്ക് മുന്നറിയിപ്പുമായി യു.എ.ഇയിലെ ഇന്ത്യൻ എംബസി. ആക്രമണ സ്ഥലങ്ങളുടെയോ നിരോധിത മേഖലകളുടെയോ വിമാനത്താവളത്തിനുള്ളിലെയോ ദൃശ്യങ്ങൾ പകർത്താനോ അവ സോഷ്യൽ മീഡിയയിൽ പങ്കിടാനോ പാടില്ലെന്ന് എംബസി അറിയിച്ചു. യു.എ.ഇ അധികൃതരുടെ മുന്നറിയിപ്പിന് പിന്നാലെയാണ് എംബസിയുടെ നിർദ്ദേശം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360