SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

കണക്കുകൂട്ടലുകൾ തെറ്റി ട്രംപ്: കൈവിട്ട തീക്കളി

g


 വെല്ലുവിളിച്ച് ഇറാൻ, ഗൾഫിൽ ആക്രമണം തുടരുന്നു
 യു.എസിനോട് മുഖംതിരിച്ച് സഖ്യകക്ഷികൾ
 ഊർജ്ജ പ്രതിസന്ധി ഉയരുന്നു

വാഷിംഗ്ടൺ: ഇറാനെതിരെ യുദ്ധം തുടങ്ങി മൂന്ന് ആഴ്ച പിന്നിടുമ്പോൾ, കാര്യങ്ങൾ കൈവിട്ട് പോകുന്ന തരത്തിലുള്ള പ്രതിസന്ധികളാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിമുഖീകരിക്കുന്നത്. ആഗോള എണ്ണ വില കുതിച്ചുയരുന്നു. സഖ്യ കക്ഷികളിൽ നിന്ന് ഒറ്റപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് കരുതിയ യുദ്ധത്തിലേക്ക് കൂടുതൽ സൈനികരെ വിന്യസിക്കേണ്ട സ്ഥിതിയുമെത്തി.

പരമോന്നത നേതാവായിരുന്ന അയത്തൊള്ള അലി ഖമനേയി അടക്കം ഉന്നതർ കൊല്ലപ്പെട്ടിട്ടും ഇറാൻ ഭരണകൂടം തകർന്നില്ലയെന്നതും യു.എസ് ഇന്റലിജൻസ് വിഭാഗം സമ്മതിക്കുന്നു. ഇസ്രയേലുമായി ചേർന്ന് യുദ്ധ ലക്ഷ്യങ്ങൾ ഏറെക്കുറേ കൈവരിച്ചെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും ഗൾഫിലുടനീളം മിസൈലാക്രമണം നടത്തിയും എണ്ണ, വാതക വിതരണം സ്തംഭിപ്പിച്ചും ചെറുത്തുനിൽപ്പ് തുടരുകയാണ് ഇറാൻ. ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ ആധിപത്യം തകർക്കാൻ നാറ്റോ സഖ്യകക്ഷികൾ സഹായിക്കാത്തതും ട്രംപിനെ ചൊടിപ്പിച്ചു. യുദ്ധക്കപ്പലുകൾ ഹോർമുസിലേക്ക് അയയ്ക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടും സഖ്യ കക്ഷികൾ വിമുഖത കാട്ടുന്നു. നാറ്റോ രാജ്യങ്ങളെ ഭീരുക്കളെന്ന് ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തു.

തുടങ്ങിവച്ച സംഘർഷത്തിന്റെ ഫലമോ സന്ദേശമോ ഇപ്പോൾ ട്രംപിന്റെ നിയന്ത്രണത്തിലല്ല. പ്രതിസന്ധിയിൽ നിന്ന് യു.എസ് എങ്ങനെ പുറത്തുകടക്കുമെന്നും വ്യക്തമല്ല. ഇത് ട്രംപിനും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കും വെല്ലുവിളിയാണ്.

# ഏത് വഴി സ്വീകരിക്കും ?


1. യു.എസ് ആക്രമണം ശക്തമാക്കാം. ഖാർഗ് ദ്വീപിനെ പിടിച്ചെടുക്കാനോ, ഇറാൻ തീരത്ത് സൈന്യത്തെ വിന്യസിക്കാനോ വരെ സാദ്ധ്യത. എന്നാൽ കൂടുതൽ അമേരിക്കക്കാരും കരയുദ്ധത്തെ എതിർക്കുന്നു


2. യു.എസും ഇറാനും നിലവിൽ ചർച്ചയ്ക്ക് തയ്യാറല്ല. ലക്ഷ്യം നേടിയെന്ന് പ്രഖ്യാപിച്ച് യു.എസിന് യുദ്ധം അവസാനിപ്പിക്കാം. എന്നാൽ മുറിവേറ്റ ഗൾഫ് രാജ്യങ്ങളെ യു.എസിൽ നിന്ന് അകറ്റാനും മേഖലയിലെ കപ്പൽ ഗതാഗതത്തിന് മേൽ ഇറാന്റെ നിയന്ത്രണം തുടരാനും ഇത് ഇടയാക്കും

# ട്രംപിന് തലവേദന


 രാജ്യത്ത് യുദ്ധത്തെ എതിർക്കുന്നവർ കൂടുന്നു

 എണ്ണ, വാതക വില ഉയരുന്നു

 കാർഷിക, സെമികണ്ടക്ടർ, എയർലൈൻ മേഖലകളെ പ്രതികൂലമായി ബാധിച്ചു

 യുദ്ധത്തിന് 20000 കോടി ഡോളർ അധിക ഫണ്ട് കൂടി വേണമെന്ന് പ്രതിരോധ വകുപ്പ്

 നവംബറിൽ കോൺഗ്രസിലേക്ക് നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പിനെയും ബാധിച്ചേക്കും

# യു.എസിന് പിന്തുണയുമായി യു.കെ

 ഇറാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ ബേസുകൾ ഉപയോഗിക്കാൻ യു.എസിന് അനുമതി നൽകി യു.കെ

 ഇസ്രയേലി യുദ്ധവിമാനത്തെ വെടിവച്ചെന്ന് ഇറാൻ. കേടുപാടില്ലെന്ന് ഇസ്രയേൽ

 ബഹ്റൈന്റെ തലസ്ഥാനമായ മനാമയെ ലക്ഷ്യമാക്കിയ ഇറാനിയൻ മിസൈലുകൾ തകർത്തു

 സൗദി അറേബ്യ 20ലേറെ ഡ്രോണുകൾ വെടിവച്ചിട്ടു

 കുവൈറ്റിലെ അലി - അൽ സലീം എയർബേസിനും യു.എ.ഇയിലെ അൽ-മിൻഹാദ് ബേസിനും നേരെ ആക്രമണം. ആളപായമില്ല

 യു.എ.ഇയിലെ റാസ് അൽ ഖൈമയ്ക്ക് ഇറാന്റെ ആക്രമണ മുന്നറിയിപ്പ്

 ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,020 കടന്നു

 തെക്കൻ ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാന്റെ ശക്തമായ മിസൈലാക്രമണം. ആളപായമില്ല. മദ്ധ്യ ഇസ്രയേലിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് നഴ്സറി കെട്ടിടത്തിന് കേടുപാട്

# ഇറാൻ എണ്ണയ്ക്ക് ഇളവ്

ഇറാൻ എണ്ണയ്ക്ക് യു.എസ് ഉപരോധ ഇളവ് പ്രഖ്യാപിച്ചു. മാർച്ച് 20വരെ കപ്പലുകളിൽ കയറ്റിക്കഴിഞ്ഞ എണ്ണയും പെട്രോളിയം ഉത്പന്നങ്ങളും വാങ്ങുന്ന രാജ്യങ്ങൾക്ക് 30 ദിവസത്തേക്ക് ഉപരോധം ബാധകമല്ല. എണ്ണ വില ഉയർന്നതോടെയാണിത്. റഷ്യൻ എണ്ണയ്ക്കും ഇളവ് പ്രഖ്യാപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360