SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.23 AM IST

ഹോർമുസ് കടലിടുക്ക് കടന്നു എൽ.പി.ജിയുമായി ഒരു കപ്പൽ നാളെയെത്തും

k

 ഇന്ത്യയിൽ മറ്റൊന്ന് എത്തുന്നത് വെള്ളിയാഴ്‌ച

ന്യൂഡൽഹി: എൽ.പി.ജി വഹിച്ച പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ കപ്പലുകൾ ഇറാന്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നതായും രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. 45,000 മെട്രിക് ടൺ എൽ.പി.ജി വഹിക്കുന്ന പൈൻ ഗ്യാസ് മാർച്ച് 27 ന് രാവിലെ ന്യൂ മാംഗ്ലൂർ തുറമുഖത്തും 47,600 മെട്രിക് ടൺ എൽ.പി.ജിയുമായി ജഗ് വസന്ത് നാളെ ഗുജറാത്തിലെ കണ്ട്ല തുറമുഖത്തും നങ്കൂരമിടും. ഇന്ത്യൻ നാവിക സേനയുടെ അകമ്പടിയോടെ കപ്പലുകൾ നീങ്ങുന്ന ദൃശ്യങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ടിരുന്നു. പൈൻ ഗ്യാസിൽ 33ഉം ജഗ്‌വസന്തിൽ 27ഉം ഇന്ത്യൻ നാവികരുണ്ട്. നിലവിൽ ഇന്ത്യൻ പതാകയുള്ള 20 കപ്പലുകളും 540 ഇന്ത്യൻ നാവികരും പേർഷ്യൻ ഗൾഫിലുണ്ടെന്ന് ഷിപ്പിംഗ് സെക്രട്ടറി രാജേഷ് സിൻഹ അറിയിച്ചു. ഈ കപ്പലുകളും വരും ദിവസങ്ങളിൽ ഇന്ത്യയിലെത്തുമെന്നാണ് സൂചന.

എൽ.പി.ജിക്കായി

നയതന്ത്രം: മോദി

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സാദ്ധ്യമായ ഇടങ്ങളിൽ നിന്ന് എണ്ണ, വാതകം എന്നിവ രാജ്യത്തെത്തിക്കാൻ ശ്രമം നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ പറഞ്ഞു. സമീപ ദിവസങ്ങളിൽ, പല രാജ്യങ്ങളിൽ നിന്നും അസംസ്കൃത എണ്ണയും എൽ.പി.ജിയും വഹിക്കുന്ന കപ്പലുകളെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ശ്രമം തുടരും.

എണ്ണ ഇറക്കുമതി ചെയ്യുന്ന കപ്പലുകളിൽ 90 ശതമാനത്തിലധികവും വിദേശ കപ്പലുകളായത് ആഗോള പ്രതിസന്ധികളിൽ ബുദ്ധിമുട്ടാകുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ കപ്പലുകൾ നിർമ്മിക്കാനുള്ള 70,000 കോടി രൂപയുടെ ഒരു പദ്ധതി ഇതു മുന്നിൽ കണ്ടാണ്.

മന്ത്രിതല ഗ്രൂപ്പും ശാക്തീകൃത ഗ്രൂപ്പുകളും

ആഗോള സമ്പദ്‌വ്യവസ്ഥയെ പിടിച്ചുകുലുക്കിയ പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ നിന്ന് ലോകം കരകയറാൻ വളരെ സമയമെടുക്കുമെന്ന് പ്രധാനമന്ത്രി ഇന്നലെയും ആവർത്തിച്ചു. ആഘാതം കുറയ്‌ക്കാൻ ഹ്രസ്വകാല, ഇടത്തരം, ദീർഘകാല നടപടികൾ കൈക്കൊള്ളും. വിതരണ ശൃംഖലകൾ, പെട്രോൾ, ഡീസൽ, വളങ്ങൾ, ഗ്യാസ് എന്നിവയുടെ ക്ഷാമം, പണപ്പെരുപ്പം തുടങ്ങിയവ നിരീക്ഷിക്കാനും പെട്ടെന്ന് ഇടപെടാനും അന്തർ-മന്ത്രിതല ഗ്രൂപ്പും ഏഴ് പുതിയ ശാക്തീകൃത ഗ്രൂപ്പുകളും രൂപീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. കൂട്ടായ ശ്രമങ്ങളിലൂടെ, സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാനാകുമെന്നാണ് പ്രതീക്ഷ.

ദരിദ്രർ, തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ തുടങ്ങിയവ വിഭാഗങ്ങൾക്ക് സൗജന്യ റേഷൻ അടക്കം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരുകളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360