SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

സർവകക്ഷി യോഗത്തിൽ സർക്കാർ: ആശങ്ക വേണ്ട, ഹോർമുസ് വഴി കപ്പലുകൾ വരും

pic

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുകയാണെങ്കിലും ഇന്ത്യയ്‌ക്ക് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ. ഇന്ധനവില വർദ്ധിപ്പിക്കുന്നത് ആലോചനയിലില്ല. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത വഴിയൊരുക്കാനായത് നയതന്ത്ര വിജയമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ വരുമെന്നും അറിയിച്ചു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷത വഹിച്ച യോഗം തൃണമൂൽ കോൺഗ്രസ് ബഹിഷ്‌കരിച്ചു. അമ്മ സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പങ്കെടുത്തില്ല.


രാജ്യത്ത് ആവശ്യത്തിനുള്ള ക്രൂഡ് ഓയിൽ, എൽ.പി.ജി, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ മതിയായ ശേഖരമുണ്ടെന്നും ഊർജ്ജ സുരക്ഷയിൽ ആശങ്ക വേണ്ടെന്നും പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി വിശദീകരിച്ചു. എൽ.പി.ജി, എണ്ണ വിതരണം സുഗമാക്കാൻ കഴിയും വിധം സാധനങ്ങൾ ഇറക്കുമതി ചെയ്‌തിട്ടുണ്ട്. ആഭ്യന്തര വാതക ഉൽപ്പാദനം സംഘർഷത്തിന്റെ തുടക്കത്തിൽ 28% ആയിരുന്നത് ഇപ്പോൾ 60% ആയി ഉയർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ കപ്പലുകൾ മിക്ക രാജ്യങ്ങൾക്കും ഉപരോധമുള്ള ഹോർമുസ് കടലിടുക്ക് കടന്നെത്തിയത് സർക്കാരിന്റെ നയതന്ത്ര വിജയമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയെ കാഴ്‌ചക്കാരാക്കി പാകിസ്ഥാൻ പശ്ചിമേഷ്യൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കുന്നത് നാണക്കേടാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ന്യൂഡൽഹി എല്ലാ കക്ഷികളുമായും ബന്ധപ്പെടുന്നുണ്ടെന്നും മേഖലയിലെ ഇന്ത്യക്കാരുടെ സുരക്ഷ, ഉൗർജ്ജ സുരക്ഷ എന്നിവയ്‌ക്കാണ് സർക്കാർ മുൻ തൂക്കം നൽകുന്നതെന്നും മന്ത്രിമാർ മറുപടി നൽകി. ശ്രീലങ്കയ്ക്ക് സമീപമുള്ള അന്തർവാഹിനികളുടെ സാന്നിധ്യം ഇന്ത്യയ്ക്ക് ഭീഷണിയല്ലെന്ന് അവർ വ്യക്തമാക്കി.

യോഗത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പ്രസന്റേഷനിലൂടെ സ്ഥിതിഗതികൾ വിശദീകരിച്ചു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയും ചോദ്യങ്ങൾക്ക് മറുപടി നൽകി. ആഭ്യന്തര മന്ത്രി അമിത് ഷാ, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, ധനമന്ത്രി നിർമ്മല സീതാരാമൻ, കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ്, സഞ്ജയ് ഝാ(ജെ.ഡി.യു) മുകുൾ വാസ‌്‌നിക്, താരിഖ് അൻവർ(കോൺഗ്രസ്), ധർമേന്ദ്ര യാദവ്, ജാവേദ് അലി(എസ്.പി),ജോൺ ബ്രിട്ടാസ്(സി.പി.എം), അരുൺ ഭാരതി(എൽ.ജെ.പി),പി.വിൽസൺ(ഡി.എം.കെ), സഞ്ജയ് സിംഗ്(ആംആദ്‌മി പാർട്ടി)തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360