SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

യുദ്ധത്തിൽ തെറ്റി ട്രംപിന്റെ തന്ത്രങ്ങൾ

pic

ടെഹ്റാൻ: ഫെബ്രുവരി 28നാണ് യു.എസും ഇസ്രയേലും ഇറാനെതിരെ ആക്രമണം തുടങ്ങിയത്. യു.എസ് പ്രസി‌ഡന്റ് ഡൊണാൾഡ് ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇറാൻ ചെറുത്തുനിൽപ്പ് തുടരുമ്പോൾ, യുദ്ധം കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന ഭീതിയിലാണ് ഗൾഫ് രാജ്യങ്ങൾ. ഇറക്കുമതി തീരുവ മുതൽ വെനസ്വേലയിലെ ഭരണമാറ്റത്തിൽ വരെ ട്രംപ് പരീക്ഷിച്ച് വിജയിച്ച സമ്മർദ്ദ തന്ത്രം ഇറാന്റെ കാര്യത്തിൽ പാളി.

ട്രംപ് സമ്മർദ്ദം ചെലുത്തുംതോറും ഇറാൻ കൂടുതൽ അക്രമകാരിയാകുന്ന കാഴ്ചയാണിപ്പോൾ. വിട്ടുവീഴ്ചയില്ലാത്ത പ്രത്യാക്രമണമാണ് ഇറാൻ ഗൾഫ് രാജ്യങ്ങൾക്കുനേരെ നടത്തുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥയെ വിറപ്പിക്കാൻ ശേഷിയുള്ള ഒരു ഊർജ്ജ യുദ്ധത്തിന്റെ വക്കിലാണ് ലോകം. ഗൾഫിലെ ഊർജ്ജ കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യമിട്ടാൽ ഇന്ത്യയടക്കം ലോകരാജ്യങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല.

ഊർജ്ജ യുദ്ധത്തിന്റെ ഒരു സാമ്പിളാണ് കഴിഞ്ഞയാഴ്ച മേഖലയിലുണ്ടായത്. സൗത്ത് പാർസ് വാതകപ്പാടത്ത് ഇസ്രയേൽ ബോംബിട്ടതിന് പ്രതികാരമായി ഗൾഫ് രാജ്യങ്ങളിലെ ഊർജ്ജ കേന്ദ്രങ്ങളെ ഇറാൻ പ്രഹരിച്ചു. ലോകത്തെ ഏറ്റവും വലിയ എൽ.എൻ.ജി (ദ്രവീകൃത പ്രകൃതി വാതകം) ഹബ്ബായ ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ വ്യാപക നാശമുണ്ടായി.

യു.എസിന്റെ അറിവോടെയല്ല സൗത്ത് പാർസ് ആക്രമിക്കപ്പെട്ടതെന്ന് പറഞ്ഞ് ട്രംപ് സാഹചര്യം തണുപ്പിക്കാൻ ശ്രമിച്ചു. ട്രംപിന്റെ നിർദ്ദേശപ്രകാരം ഇറാന്റെ വാതക കേന്ദ്രങ്ങളിലേക്കുള്ള ആക്രമണം ഇസ്രയേൽ നിറുത്തിവയ്ക്കുകയും ചെയ്തു. യുദ്ധം ട്രംപിന്റെ നിയന്ത്റണത്തിന് അപ്പുറത്തേക്ക് പോയി എന്നതിന്റെ വ്യക്തമായ സൂചന കൂടിയായിരുന്നു ഇത്.

# ഗൾഫ് രാജ്യങ്ങൾ പറഞ്ഞു,

നിലപാട് മാറ്റി


അഞ്ച് ദിവസത്തേക്ക് ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങളെയോ പവർ പ്ലാന്റുകളെയോ ആക്രമിക്കില്ലെന്ന് തിങ്കളാഴ്ച ട്രംപ് ഉറപ്പു നൽകിയിരുന്നു. ഹോർമുസ് തുറന്നില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കുമെന്നാണ് ട്രംപ് അതിന് മുന്നേ ഭീഷണി മുഴക്കിയത്. ഗൾഫ് രാജ്യങ്ങളുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് ട്രംപ് പെട്ടെന്ന് നിലപാട് മാറ്റിയത്.

ഇറാന്റെ പവർ പ്ലാന്റുകളെ യു.എസ് ആക്രമിച്ചാൽ, തങ്ങളുടെ ഊർജ്ജ നിലയങ്ങൾക്കും ജല ശുദ്ധീകരണ പ്ലാന്റുകൾക്കും നേരെ ഇറാൻ പ്രത്യാക്രമണം നടത്തുമെന്ന് ഗൾഫ് രാജ്യങ്ങൾ ട്രംപിനെ നേരിട്ടറിയിച്ചെന്നാണ് റിപ്പോർട്ട്. ഇറാന്റെ കഴിവിനെ യു.എസ് തെ​റ്റായി വിലയിരുത്തിയെന്ന് മേഖലയിലെ നയതന്ത്ര ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.

# ട്രംപിന് തെറ്റി

1. ഹോർമുസ് കടലിടുക്ക് തുറക്കാൻ ട്രംപ് ആവർത്തിച്ച് ഭീഷണി മുഴക്കിയിട്ടും ഇറാൻ വഴങ്ങിയില്ല. എണ്ണ, വാതക വില കുതിച്ചുയർന്നു. ആഗോള ഓഹരി വിപണികൾ ഇടിഞ്ഞു. ഇത് ട്രംപിന്റെ സമ്മർദ്ദ തന്ത്റങ്ങളുടെ പരിമിതികൾ തുറന്നുകാട്ടി

2. പരമോന്നത നേതാവായിരുന്ന അയത്തൊള്ള അലി ഖമനേയി അടക്കം ഉന്നതർ കൊല്ലപ്പെട്ടിട്ടും പോരാട്ടത്തിൽ ഉറച്ചുനിൽക്കാനുള്ള ഇറാന്റെ കഴിവ് ട്രംപിന്റെ പ്രതീക്ഷകൾ തെറ്റിച്ചു. ഭരണകൂടത്തിന് ജനപിന്തുണയും ശക്തം

3. ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് കരുതിയ യുദ്ധം കൂടുതൽ നീളുന്നത് ട്രംപിന് തിരിച്ചടി. സൈനിക നീക്കങ്ങൾക്ക് ചെലവാകുന്നത് കോടിക്കണക്കിന് ഡോളറുകൾ. സഖ്യ രാജ്യങ്ങളും ഇടപെടുന്നില്ല. കരയുദ്ധത്തിലേക്ക് നീങ്ങിയാൽ കാര്യങ്ങൾ കൂടുതൽ വഷളാകും. സൈനികരുടെ ജീവൻ അപകടപ്പെടുത്തുന്നതിനോട് യു.എസിലെ ജനങ്ങൾക്ക് എതിർപ്പ്

4. യുദ്ധ ലക്ഷ്യങ്ങൾ കൈവരിച്ചെന്ന് ട്രംപ് പറയുമ്പോഴും ഇറാന്റെ ആണവശേഷി പൂർണമായി തുടച്ചുനീക്കാനായിട്ടില്ല. ഭരണകൂട മാറ്റവും ഉണ്ടായിട്ടില്ല. യുദ്ധം പിന്നെ എന്തിന് വേണ്ടിയെന്ന ചോദ്യം അവശേഷിക്കുന്നു. യുദ്ധം എങ്ങനെ അവസാനിക്കുമെന്നതും ചോദ്യചിഹ്നം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360