SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

ഇറാന് ട്രംപിന്റെ ഇളവ് : 10 ദിവസം കൂടി ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ല

pic

ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ, ഇറാന് പ്രഖ്യാപിച്ച ഇളവ് നീട്ടി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പത്ത് ദിവസത്തേക്ക് കൂടി (ഇന്ത്യൻ സമയം ഏപ്രിൽ 7 രാവിലെ 5.30 വരെ)​ ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് ട്രംപ് അറിയിച്ചു.

ഇറാന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്നും ചർച്ചകൾ നന്നായി പുരോഗമിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഏഴ് ദിവസത്തെ സാവകാശമാണ് ചോദിച്ചത്. പത്ത് ദിവസം നൽകിയതാണെന്നും ട്രംപ് അവകാശപ്പെട്ടു. സമയപരിധിക്കുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും മറിച്ചായാൽ ഇറാനിലെ പവർ പ്ലാന്റുകൾ തകർക്കുമെന്നുമാണ് ട്രംപിന്റെ നിലപാട്. ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങളെ അഞ്ച് ദിവസത്തേക്ക് ആക്രമിക്കില്ലെന്ന് മാർച്ച് 23ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇളവ് നീട്ടിയത്.

അതേസമയം, ട്രംപിന്റെ വാദങ്ങളോട് ഇറാൻ പ്രതികരിച്ചിട്ടില്ല. യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് മുന്നോട്ടുവച്ച 15 ഇന സമാധാന പദ്ധതി തള്ളിയ ഇറാൻ, ചർച്ചയ്ക്കോ വിട്ടുവീഴ്ചയ്ക്കോ തയ്യാറാണെന്നതിന് നേരിട്ടുള്ള സൂചനകളൊന്നും നൽകിയിട്ടില്ല. എന്നാൽ ഇറാനും യു.എസും തമ്മിൽ നേരിട്ടുള്ള ചർച്ചയ്ക്ക് സുഹൃദ് രാജ്യങ്ങളുടെ നേതൃത്വത്തിൽ ശ്രമം തുടരുകയാണെന്നും അധികം വൈകാതെ പാകിസ്ഥാനിൽ വച്ച് ചർച്ച നടന്നേക്കുമെന്നും ജർമ്മൻ വിദേശകാര്യ മന്ത്രി ജൊഹാൻ വേഡ്‌ഫുൾ പറഞ്ഞു.

# ട്രംപ് പറയുന്നത്

നുണ: ഇറാൻ

ഹോർമുസ് കടലിടുക്കിന്റെ പേരിൽ ട്രംപ് നുണ പ്രചരിപ്പിക്കുന്നെന്ന് ഇറാൻ. മദ്ധ്യസ്ഥ രാജ്യങ്ങൾ വഴി ചർച്ച തുടങ്ങിയതിന് യു.എസിനുള്ള സമ്മാനമായി പത്ത് എണ്ണ ടാങ്കറുകളെ ഹോർമുസിലൂടെ കടത്തിവിട്ടെന്ന ട്രംപിന്റെ അവകാശവാദം ഇറാൻ തള്ളി. ഇന്ത്യയടക്കം ചില സുഹൃദ് രാജ്യങ്ങളുടെ കപ്പലുകളെ മാത്രമേ കടത്തിവിടൂയെന്നും ശത്രു ബന്ധമുള്ള കപ്പലുകൾ ആക്രമിക്കുമെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു. ശത്രു ബന്ധമുള്ള മൂന്ന് കപ്പലുകൾ ഇന്നലെ ഹോർമുസിൽ നിന്ന് തുരത്തിയെന്നും അറിയിച്ചു.

# 10,000 സൈനികരെത്തും

10,000 അധിക സൈനികരെ കൂടി ഗൾഫ് രാജ്യങ്ങളിലെ ബേസുകളിലേക്ക് വിന്യസിക്കുന്നത് ട്രംപിന്റെ പരിഗണനയിൽ. ഇറാൻ വഴങ്ങിയില്ലെങ്കിൽ ഖാർഗ് ദ്വീപിനെ ആക്രമിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണിത്. യു.എസ് ആർമിയുടെ 82-ാം എയർബോൺ ഡിവിഷനിലെ 4000 ത്തോളം സൈനികരെയും 5000 മറീൻ സൈനികരെയും മേഖലയിൽ വിന്യസിക്കാൻ നേരത്തെ ഉത്തരവിട്ടിരുന്നു.

# ടോമഹോക്കിന് ക്ഷാമം


യു.എസിന്റെ വജ്രായുധമായ ടോമഹോക്ക് ക്രൂസ് മിസൈലുകൾക്ക് ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ കരുത്തുറ്റ ടോമഹോക്കിനെയാണ് യു.എസ് പ്രധാനമായും ഉപയോഗിക്കുന്നത്. യുദ്ധം നീണ്ടാൽ പശ്ചിമേഷ്യയിലുള്ള ടോമഹോക്ക് ശേഖരം തീരുമെന്ന് പ്രതിരോധ വിദഗ്ദ്ധർ ആശങ്ക പങ്കിട്ടു. മറ്റിടങ്ങളിൽ വിന്യസിച്ചിട്ടുള്ള ടോമഹോക്കുകളെ മേഖലയിലേക്ക് എത്തിക്കുന്നതും മിസൈലിന്റെ ഉത്പാദനം ഉയർത്തുന്നതും പ്രതിരോധ ഉദ്യോഗസ്ഥർ ചർച്ച ചെയ്യുന്നുണ്ട്. മണിക്കൂറിൽ 880 കിലോമീറ്റർ വേഗതയുള്ള ടോമഹോക്കിന് റഡാറുകളുടെ കണ്ണിൽപ്പെടാതെ പറക്കാൻ സാധിക്കും.


 ഫെബ്രുവരി 28 മുതൽ ഇറാന് നേരെ യു.എസ് പ്രയോഗിച്ച ടോമഹോക്ക് മിസൈലുകൾ - 850 ലേറെ

 ഒരു ടോമഹോക്ക് നിർമ്മിക്കാൻ വേണ്ടത് - 2 വർഷം വരെ

 ഒരു മിസൈലിനുള്ള ചെലവ് - 36 ലക്ഷം ഡോളർ

# പത്ത് ലക്ഷം പോരാളികൾ സജ്ജം

അമേരിക്കൻ സൈനികർ തങ്ങുന്ന പശ്ചിമേഷ്യയിലെ ഹോട്ടലുകളിൽ ആക്രമണം നടത്തുമെന്ന് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. യു.എസ് കരയാക്രമണത്തിന് മുതിർന്നാൽ നേരിടാൻ പത്ത് ലക്ഷം പോരാളികൾ സജ്ജമാണെന്നും പറഞ്ഞു.

 ഇറാനിൽ ഊർജ്ജ കേന്ദ്രങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ യു.എസ്-ഇസ്രയേൽ ആക്രമണം തുടരുന്നു. ക്വോമിലെ പർദിസാനിൽ മൂന്ന് ജനവാസ കെട്ടിടങ്ങൾ തകർന്ന് 15 പേർ കൊല്ലപ്പെട്ടു. ഉർമിയയിൽ മിസൈൽ കെട്ടിടത്തിൽ വീണ് നിരവധി പേർ മരിച്ചു. ആകെ മരണം 3,320 കടന്നു

 ഇറാനിലെ കെർമാൻഷായിൽ ഇസ്രയേലി ഇന്റലിജൻസ് ഏജൻസിയായ മൊസാദുമായി ബന്ധമുള്ള മൂന്ന് പേരെ പിടികൂടി. ഇസ്‌ഫഹാനിൽ വിദേശ സംഘടനകളുമായി സഹകരിച്ച 15ലേറെ പേരും അറസ്റ്റിൽ

 ഇറാനിലെ നേവൽ മൈൻ, മിസൈൽ നിർമ്മാണ കേന്ദ്രങ്ങളും നാവിക ബേസുകളും തകർത്തെന്ന് ഇസ്രയേൽ. ആളപായമുണ്ടോയെന്ന് വ്യക്തമല്ല

ഇറാനിലെ അരക്, അർദാകൻ, ഇസ്ഫഹാൻ ആണവകേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ആണവ ചോർച്ചയില്ല. മേഖലയിലെ വ്യവസായ കേന്ദ്രങ്ങളിൽ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി

 ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,110 കടന്നു

 ഇസ്രയേലിലെ നഹരിയയിൽ ഹിസ്ബുള്ള റോക്കറ്റ് പതിച്ച് ഒരാൾ കൊല്ലപ്പെട്ടു

 സൗദി അറേബ്യയിലെ റിയാദിനെ ലക്ഷ്യമാക്കിയ ആറ് ഇറാനിയൻ മിസൈലുകൾ തകർത്തു. ബഹ്റൈനിൽ യു.എസ് സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം. യു.എ.ഇയ്ക്കും ഖത്തറിനും നേരെയുണ്ടായ ആക്രമണശ്രമം തകർത്തു

 കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് ഡ്രോൺ ആക്രമണത്തിൽ നാശനഷ്ടം. ആളപായമില്ല

 ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാനുള്ള അന്താരാഷ്ട്ര സേനയ്ക്കായി യു.എ.ഇ ശ്രമിക്കുന്നതായി റിപ്പോർട്ട്

 സൗദിയുമായി ഡ്രോൺ പ്രതിരോധ സാങ്കേതികവിദ്യ പങ്കിടുന്നതിനുള്ള കരാറിൽ യുക്രെയിൻ ഒപ്പിട്ടു. യുക്രെയിന് സൗദി വ്യോമ പ്രതിരോധ മിസൈലുകളും സാമ്പത്തിക പിന്തുണയും നൽകും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360