
ജപ്പാനിലെ സെറ്റോ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഓകുനോഷിമ, ലോകത്തിലെ ഏറ്റവും സവിശേഷതകളുള്ള ദ്വീപുകളിലൊന്നാണ്. 'റാബിറ്റ് ഐലൻഡ്' എന്ന് അറിയപ്പെടുന്ന ഈ കൊച്ചുദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഇവിടത്തെ കടൽത്തീരങ്ങളിലും വനങ്ങളിലും നടപ്പാതകളിലുമെല്ലാം സ്വതന്ത്രമായി വിഹരിക്കുന്ന ഇണക്കമുള്ള കാട്ടുമുയലുകളാണ് അതിന് കാരണം.
ഹിരോഷിമ പ്രവിശ്യയിലെ തകെഹാര നഗരത്തിന് സമീപമാണ് ഓകുനോഷിമ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അതീവ രഹസ്യസ്വഭാവമുള്ള സ്ഥലമായതിനാൽ ചില ജാപ്പനീസ് ഭൂപടങ്ങളിൽ നിന്ന് ഈ ദ്വീപിനെ ഒഴിവാക്കിയിരുന്നു. 1929നും 1945നും ഇടയിൽ ജാപ്പനീസ് സൈന്യം വിഷവാതകങ്ങൾ നിർമിക്കാൻ ഈ ദ്വീപ് ഉപയോഗിച്ചു.ഹസ്യസ്വഭാവം നിലനിർത്തുന്നതിനായി ഫാക്ടറികൾ ഒറ്റപ്പെട്ട ഈ ദ്വീപിൽ മറച്ചുവയ്ക്കുകയായിരുന്നു. വിഷ രാസവസ്തുക്കളുമായുള്ള സമ്പർക്കം കാരണം ദ്വീപിലെ തൊഴിലാളികൾ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടു. ഈ സൈനിക നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ യുദ്ധം കഴിഞ്ഞ് വർഷങ്ങളോളം രഹസ്യമായി തുടർന്നു. ഇന്നും ദ്വീപിൽ പലയിടത്തായി ഉപേക്ഷിക്കപ്പെട്ട സൈനിക കെട്ടിടങ്ങളുടെ ശേഷിപ്പുകളുണ്ട്.
ചരിത്രം സംരക്ഷിക്കുന്നതിനായി,ദ്വീപിൽ ഓകുനോഷിമ പോയ്സൺ ഗ്യാസ് മ്യൂസിയവും പ്രവർത്തിക്കുന്നുണ്ട്. ദ്വീപിന്റെ യുദ്ധകാല പങ്കിനെക്കുറിച്ചും രാസയുദ്ധങ്ങളുടെ ഭീകരതയെക്കുറിച്ചും ഈ മ്യൂസിയം സന്ദർശകരെ അറിയിക്കുന്നു. ഏതായാലും ഓകുനോഷിമ ഇന്ന് പ്രധാനമായും പ്രശസ്തമാകുന്നത് മുയലുകളുടെ പേരിലാണ്. ഇവിടത്തെ മുയലുകളുടെ യഥാർഥ ഉറവിടം ഇപ്പോഴും അജ്ഞാതം. യുദ്ധകാലത്ത് രാസായുധ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ച മുയലുകളുടെ പിൻതലമുറക്കാരാണ് ഇവയെന്നൊരു വാദമുണ്ട്. എന്നാൽ പല ചരിത്രകാരന്മാരും ഇത് തള്ളിക്കളയുന്നു. 1970കളിൽ സ്കൂൾ കുട്ടികൾ ഏതാനും മുയലുകളെ ദ്വീപിൽ തുറന്നുവിട്ടതാണെന്നും സ്വാഭാവിക ശത്രുക്കൾ ഇല്ലാത്തതിനാൽ അവയുടെ എണ്ണം അതിവേഗം പെരുകിയതാണെന്നും മറ്റൊരു സിദ്ധാന്തം പറയുന്നു. മുയലുകൾക്ക് തീറ്റ കൊടുക്കുന്നത് ഇവിടുത്തെ പ്രധാന വിനോദങ്ങളിലൊന്നാണ്. അതേസമയം, മൃഗങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നിയമങ്ങൾ പാലിക്കാൻ സന്ദർശകർക്ക് കർശന നിർദ്ദേശമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |