SignIn
Kerala Kaumudi Online
Sunday, 31 May 2026 9.41 AM IST

ട്രംപ് വഞ്ചിക്കുന്നു: ഇറാൻ  ഇടക്കാല കരാറിൽ അനിശ്ചിതത്വം

pic

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നയതന്ത്ര ശ്രമങ്ങളെ വഞ്ചിക്കുകയാണെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബാ ഖമനേയിയുടെ ഉപദേഷ്ടാവ് മൊഹ്സെൻ റെസായി. യു.എസ് ഇറാനെതിരെ നാവിക ഉപരോധം തുടരുന്നു. ചർച്ചകളിൽ അതിരുകടന്ന ആവശ്യങ്ങൾ ഉന്നയിക്കുന്നു. ട്രംപിന് സമാധാന ചർച്ചകളോട് താത്പര്യമില്ലെന്നും മറ്റ് ലക്ഷ്യങ്ങളെ പിന്തുടരുകയാണെന്നും വീണ്ടും തെളിയിക്കുന്നു - ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മുൻ കമാൻഡർ കൂടിയായ റെസായി പറഞ്ഞു.

ഇറാൻ-യു.എസ് വെടിനിറുത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടാനുള്ള ഇടക്കാല കരാറിന് ട്രംപ് അനുമതി നൽകാൻ വൈകുന്നതിനിടെയാണ് റെസായിയുടെ പ്രതികരണം. കരാറിന്റെ വ്യവസ്ഥകളിൽ യു.എസ്,​ ഇറാൻ ഉദ്യോഗസ്ഥർ സമവായത്തിലെത്തിയിരുന്നു. ഇന്നലെ പുലർച്ചെ വൈറ്റ് ഹൗസിൽ ട്രംപ് അടിയന്തര യോഗം ചേർന്നെങ്കിലും, തൃപ്തനല്ലാത്തതിനാൽ അദ്ദേഹം കരാറിൽ ഒപ്പിട്ടില്ല.


# ഉറപ്പ് വേണമെന്ന് ട്രംപ്

 ആണവായുധം ഒരിക്കലും നിർമ്മിക്കില്ല, ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് പണം ഈടാക്കില്ല, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നശിപ്പിക്കും തുടങ്ങിയ ഉറപ്പുകൾ ഇറാൻ നൽകണമെന്ന് ട്രംപ്. വ്യവസ്ഥകൾ പാലിക്കുംവരെ നാവിക ഉപരോധം തുടരുമെന്നും ഇറാന്റെ മരവിപ്പിച്ച ആസ്തികൾ സ്വതന്ത്രമാക്കില്ലെന്നും പറയുന്നു


 ട്രംപ് നുണകൾ പറയുന്നെന്ന് ഇറാൻ. ആണവ നിരായുധീകരണവും ഹോർമുസിലെ ടോളും ഇടക്കാല കരാറിന്റെ ഭാഗമല്ല. വിദേശ ബാങ്കുകളിൽ മരവിപ്പിക്കപ്പെട്ട 1200 കോടി ഡോളറിന്റെ ആസ്തി നിർബന്ധമായും വേണമെന്നും ഇറാൻ

------------------------------------

# നയതന്ത്രം തകർന്നാൽ ഉടനടി യുദ്ധം പുനരാരംഭിക്കാൻ യു.എസ് സജ്ജമാണ്.

- പീറ്റ് ഹെഗ്‌‌സേത്ത്,

ഡിഫൻസ് സെക്രട്ടറി, യു.എസ്

-----------------------------------

# ഖമനേയിയുടെ സംസ്കാരം ഉടൻ


മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങ് വൻ ജനപങ്കാളിത്തത്തോടെ ഉടൻ നടത്താൻ ഇറാന്റെ നീക്കം. പ്രത്യേക കമാൻഡ് സെന്റർ രൂപീകരിച്ചു. തീയതി പ്രഖ്യാപിച്ചിട്ടില്ല. മഷാദ് നഗരത്തിലാകും ഖമനേയിക്ക് അന്ത്യവിശ്രമം ഒരുക്കുക. യുദ്ധ സാഹചര്യം കണക്കിലെടുത്താണ് ചടങ്ങ് വൈകുന്നത്. ഫെബ്രുവരി 28നാണ് ടെഹ്റാനിലുണ്ടായ യു.എസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടത്. തുടർന്ന് അദ്ദേഹത്തിന്റെ മകൻ മൊജ്തബായെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു. പരിക്കേറ്റ മൊജ്തബാ ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360