
ന്യൂഡൽഹി: ഇന്ത്യയും യു.എസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിൽ ഒപ്പിടാൻ കഴിയും വിധം പ്രധാന മേഖലകളിൽ ധാരണയിലെത്തിയതായി കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. അന്തിമ ചർച്ചകൾക്കായി ബ്രെൻഡൻ ലിഞ്ചിന്റെ നേതൃത്വത്തിലുള്ള ഉന്നതതല യു.എസ് പ്രതിനിധി സംഘം ഡൽഹിയിലെത്തി. മൂന്നു ദിവസത്തെ ചർച്ചകൾ ഇന്നു തുടങ്ങും.
തർക്കങ്ങളെല്ലാം പരിഹരിച്ചെന്നും 99% അന്തിമമാക്കിയെന്നും ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ അടുത്തിടെ പ്രസ്താവിച്ചത് പിയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി. വ്യാപാര കരാറിന്റെ ആദ്യ ഘട്ടം എത്രയും വേഗം യാഥാർത്ഥ്യമാകുമെന്നാണ് വിശ്വാസം. അതിൽ ഒപ്പിട്ട ശേഷം ഒരു ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കും.
വാണിജ്യ വകുപ്പ് അഡിഷണൽ സെക്രട്ടറി ദർപ്പൺ ജെയിനിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഉത്പന്നങ്ങളുടെ വിപണി പ്രവേശനം, തീരുവ ഇതര നടപടികൾ, കസ്റ്റംസ്, വ്യാപാര സൗകര്യം, നിക്ഷേപ പ്രോത്സാഹനം, സാമ്പത്തിക സുരക്ഷാ വിന്യാസം തുടങ്ങിയ ഒന്നിലധികം മേഖലകളിൽ ചർച്ച നടക്കും. 2026 ഏപ്രിലിൽ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ചർച്ചകളുടെ തുടർച്ചയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |