
വാഷിംഗ്ടൺ: സ്‌പേസ് എക്സ് റോക്കറ്റിന്റെ ഒരു ഭാഗം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയെന്ന് റിപ്പോർട്ട്. ഏകദേശം ഒരു ബസിന്റെ വലിപ്പവും നാല് ടൺ ഭാരമുവുമുള്ള റോക്കറ്റിന്റെ ഭാഗം മണിക്കൂറിൽ 8,700 കിലോമീറ്റർ (5,400 മൈൽ) വേഗതയിലാണ് ഇടിച്ചിറങ്ങിയത്. ഐൻസ്റ്റൈൻ ഗർത്തത്തിനടുത്തായാണ് പതിച്ചതെന്നും തുടർന്ന്, വലിയ ഗർത്തം രൂപപ്പെട്ടതായും ശാസ്ത്രജ്ഞരും അന്താരാഷ്ട്ര ബഹിരാകാശ ട്രാക്കിംഗ് ഏജൻസികളും സ്ഥിരീകരിച്ചു. 2025 ആദ്യപാദത്തിൽ വിക്ഷേപിച്ച സ്‌പേസ് എക്സ് ഫാൾക്കൺ 9 റോക്കറ്റിന്റെ രണ്ടാം ഘട്ട ഭാഗമാണിത്.
മൂന്ന് ടൺ ടി.എൻ.ടി സ്‌ഫോടനത്തിന് തുല്യമായ പ്രഹരശേഷിയോടെയാണ് ഇത് ചന്ദ്രന്റെ ഉപരിതലത്തിൽ പതിച്ചത്. സാധാരണ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച ശേഷം റോക്കറ്റിന്റെ ഇത്തരത്തിലുള്ള ഭാഗങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ കടന്ന് കത്തിയമരുകയോ സമുദ്രത്തിൽ പതിക്കുകയോയാണ് ചെയ്യാറുള്ളത്. എന്നാൽ, കഴിഞ്ഞ 18 മാസത്തിനിടെ സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവയുടെ ഗുരുത്വാകർഷണ ബലങ്ങൾ കാരണമാണ് റോക്കറ്റിന്റെ സഞ്ചാരപഥം മാറി ചന്ദ്രനിലേക്ക് നീങ്ങിയത്. മനുഷ്യൻ വിക്ഷേപിച്ച റോക്കറ്റ് അവശിഷ്ടം അബദ്ധത്തിൽ ചന്ദ്രനിൽ പതിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. 2014ൽ വിക്ഷേപിച്ച ചൈനയുടെ ലോംഗ് മാർച്ച് 3 സി റോക്കറ്റിന്റെ ഭാഗം 2022ൽ ചന്ദ്രനിൽ പതിച്ച് ഇരട്ട ഗർത്തം രൂപപ്പെട്ടിരുന്നു.
ഇന്ധനം കുറവ്
റോക്കറ്റിൽ ശേഷിച്ചിരുന്ന ഇന്ധനത്തിന്റെ അളവ് കുറവായതിനാൽ ഈ അപകടഗതി ഒഴിവാക്കാൻ സാധിച്ചില്ലെന്ന് സ്പേസ് എക്സ് വ്യക്തമാക്കി. സൂര്യന്റെ പ്രവർത്തനങ്ങളും ഗുരുത്വാകർഷണ ബലങ്ങളുമാണ് റോക്കറ്റിനെ ചന്ദ്രന്റെ ദിശയിലേക്ക് നയിച്ചെന്ന് സ്‌പേസ് എക്സ് ഡയറക്ടർ ജൂലിയാന ഷെയ്മാൻ അറിയിച്ചു. രൂപപ്പെട്ട ഗർത്തത്തിന്റെ ചിത്രങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാക്കും. കൂട്ടിയിടി നടന്ന പ്രദേശം നിരീക്ഷിക്കുന്നതിനായി നാസയുടെ ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ, ദക്ഷിണ കൊറിയയുടെ ദനൂരി എന്നീ പേടകങ്ങളിലെ സെൻസറുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |