SignIn
Kerala Kaumudi Online
Thursday, 06 August 2026 11.48 AM IST

'കത്തിത്തീരാൻ ഇനി എത്ര സമയമെടുക്കും, ഞങ്ങൾക്ക് ഭക്ഷണം കഴിക്കാനും കുളിക്കാനും ഉള്ളതാണ്': അച്ഛന്റെ സംസ്കാരചടങ്ങിനിടെ മക്കൾ

father-funeral
പിതാവിന്റെ അന്ത്യകർമ്മങ്ങൾ വീഡിയോ കോളിലൂടെ കാണുന്ന മകൾ

മുംബയ്: തന്റെ മൂന്ന് പെൺമക്കൾക്കായി ജീവിതം ഉഴിഞ്ഞുവച്ച പിതാവിന് ഒടുവിൽ അന്ത്യം വൃദ്ധസദനത്തിൽ. പിതാവിന്റെ സംസ്കാര ചടങ്ങിനെത്താൻ പോലും സമയമില്ലാത്ത മക്കൾ നേപ്പാൾ, ഉത്തർപ്രദേശ്, മുംബയ് എന്നിവിടങ്ങളിലിരുന്ന് വീഡിയോ കോളിലൂടെയാണ് അന്ത്യകർമ്മങ്ങൾ കണ്ടത്.

മുംബയ് സ്വദേശിയും ടെക്സ്റ്റൈൽസ് ഷോപ്പ് മുൻ ഉടമയുമായ ശിവ്തരൺ രത്തൻ ഗുപ്തയുടെ മക്കളാണ് വീഡിയോ കോളിലൂടെ അന്ത്യകർമ്മങ്ങൾ കണ്ടത്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഹരിയാനയിലെ സോനിപതിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഗുപ്ത മരണപ്പെട്ടത്. ഉടൻ തന്നെ മരണവിവരം അധികൃതർ മക്കളെ അറിയിച്ചെങ്കിലും എത്താൽ സമയമില്ലെന്ന് അറിയിക്കുകയായിരുന്നു.

ഒന്നരവ‌ർഷമായി സോനിപതിലെ വെസ്റ്റ് റാം നഗറിലുള്ള സമാജ് കല്യാൺ ശിക്ഷാ സമിതി നടത്തുന്ന വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്നു അദ്ദേഹം. ഭാര്യ മീനയ്‌ക്കൊപ്പമാണ് ഗുപ്ത ഇവിടെ എത്തിയത്. എന്നാൽ ഭാര്യ മരണപ്പെട്ടതോടെ ഗുപ്ത തനിച്ചാകുകയായിരുന്നു. മൊബൈൽ ഫോണിലൂടെ ഗുപ്ത പതിവായി മക്കളുമായി സംസാരിക്കാറുണ്ടായിരുന്നെന്നും എന്നാൽ അദ്ദേഹം രോഗബാധിതനായതോടെ അവരുടെ ഫോൺ കോളുകൾ നിലച്ചെന്നും വൃദ്ധസദനത്തിലെ അഡ്മിനിസ്ട്രേറ്ററായ ആനന്ദ് കുമാർ പറഞ്ഞു.

മരിക്കുന്നതിന് ഏകദേശം ഇരുപത് ദിവസം മുൻപ് പിതാവിന്റെ ആരോഗ്യനില വഷളായ വിവരം മക്കളെ അറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തെ കാണാൻ അവർ തയ്യാറായിരുന്നില്ലെന്നും ആനന്ദ് കുമാർ പറഞ്ഞു. മരണശേഷം അധികൃതർ വീണ്ടും മക്കളെ ബന്ധപ്പെടുകയും സോനിപത്തിൽ എത്തുകയാണെങ്കിൽ അതിനുള്ള ക്രമീകരണങ്ങൾ ചെയ്യാമെന്ന് അറിയിച്ചിരുന്നു. എന്നാൽ സമയമില്ലെന്ന് പറഞ്ഞ് അവർ മനഃപൂർവ്വം ഒഴിവായതായും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് മൂവരും വീഡിയോ കോളിലൂടെ സംസ്കാരചടങ്ങുകൾ കാണുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേപ്പാളിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന മൂത്തമകൾ അനിത പിതാവിന്റെ അന്ത്യകർമ്മങ്ങൾക്കായി 5,100 രൂപ ഓൺലൈനായി അയച്ചുനൽകിയതായും അധികൃതർ പറഞ്ഞു. സംസ്കാര ചടങ്ങുകൾക്ക് ശേഷം ചടങ്ങുകളുടെ വീഡിയോ അയച്ചുതരണമെന്നും മക്കൾ ആവശ്യപ്പെട്ടതായും അധികൃതർ പറയുന്നു. "ഇനി എത്ര സമയമെടുക്കും? ഞങ്ങൾക്ക് ഭക്ഷണം കഴിക്കാനും കുളിക്കാനും ഉള്ളതാണ്," എന്ന് അവരിലൊരാൾ പറയുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

മൂന്ന് പെൺമക്കളെ വളർത്തുന്നതിനും പഠിപ്പിക്കുന്നതിനുമായി ഗുപ്ത തന്റെ ജീവിതം ഉഴിഞ്ഞുവച്ചിരുന്നു. അവർക്ക് മികച്ച വിദ്യാഭ്യാസം നൽകി. അവരുടെ നേട്ടങ്ങളിൽ അദ്ദേഹം അഭിമാനിച്ചിരുന്നുവെന്നും അധികൃതർ പറഞ്ഞു. ഗുപ്തയുടെ രണ്ട് പെൺമക്കൾ അദ്ധ്യാപികമാരാണ്. മൂത്ത മകൾ അനിത നേപ്പാളിലും, നിഷ ഉത്തർപ്രദേശിലെ അസംഗഢിലും, ഇളയമകൾ പ്രിയ മുംബയിലുമാണ് താമസം. മൂന്നുപേരും വിവാഹിതരാണ്.

English Summary

A father who dedicated his life to raising and caring for his children spent his final days in an old-age home. After his passing, his three daughters did not attend the funeral in person and instead watched the last rites through a video call, highlighting the emotional impact of family separation and changing social realities.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OLD AGE HOME, FATHER FUNERAL, VIDEO CALL, DAUGHTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360