SignIn
Kerala Kaumudi Online
Friday, 05 June 2026 8.21 AM IST

വടിയെടുത്ത് ജനപ്രതിനിധി സഭ: 'ട്രംപേ,​ യുദ്ധം നിറുത്തിക്കോ'

f


 പ്രമേയം പാസാക്കി
 എതിർത്തവരിൽ സ്വന്തം പാർട്ടിക്കാരും

വാഷിംഗ്ടൺ: ' യുദ്ധം നിറുത്തണം. ഇറാനെതിരെ ഇനി ആക്രമണം പാടില്ല. കോൺഗ്രസിന്റെ അനുമതിയില്ലാത്തതിനാൽ സൈന്യത്തെ പിൻവലിക്കണം..' ഇക്കാര്യങ്ങൾ ആവശ്യപ്പെടുന്ന യുദ്ധാധികാര പ്രമേയം യു.എസ് ജനപ്രതിനിധി സഭയിൽ പാസായത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടിയായി.

എതിരാളികളായ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രതീകാത്മകമായ പ്രമേയം പാസായതുകൊണ്ട് ഇറാൻ യുദ്ധം ഉടൻ അവസാനിക്കുകയോ, ട്രംപിന്റെ അധികാരം നിയന്ത്രിക്കപ്പെടുകയോ ചെയ്യില്ല. എന്നാൽ സ്വന്തം റിപ്പബ്ലിക്കൻ പാർട്ടിയിലെ നാല് പേർ പ്രമേയത്തെ അനുകൂലിച്ചത് ട്രംപിനെ ചൊടിപ്പിച്ചു.

215 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ, 208 പേർ എതിർത്തു. ഏഴ് പേർ (6 പേരും റിപ്പബ്ലിക്കൻമാർ) സഭയിലെത്തിയില്ല. റിപ്പബ്ലിക്കൻമാർക്കാണ് ഭൂരിപക്ഷം,​ 218 പേർ. ഡെമോക്രാറ്റുകൾ 212. ട്രംപിന്റെ വിദേശ നയത്തിനെതിരെ പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പുണ്ടെന്നതിന്റെ തെളിവാണ് പ്രമേയം. നവംബറിൽ സഭയിലേക്കും സെനറ്റിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പിനെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം. നിലവിൽ സെനറ്റിലും സഭയിലുമുള്ള ഭൂരിപക്ഷം റിപ്പബ്ലിക്കൻമാർക്ക് നഷ്ടമാകുമെന്നും ആശങ്കയുണ്ട്.


# വീറ്റോയിൽ വീഴും


പ്രമേയം സെനറ്റിൽ പാസാകണം. സെനറ്റ് കടന്നെത്തുക ട്രംപിന്റെ മുന്നിലേക്കായതിനാൽ​ അദ്ദേഹം വീറ്റോ ചെയ്യും. വീറ്റോയെ മറികടക്കാൻ സഭയിലും സെനറ്റിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടണമെന്നതിനാൽ പ്രമേയം കാര്യമായ വഴിത്തിരിവുണ്ടാക്കില്ല. എന്നാൽ വീണ്ടും യുദ്ധം തുടങ്ങുന്നതിനെതിരെ ട്രംപിനുള്ള താക്കീതാണ്.

ആക്രമണം തുടരുന്നു,

പക്ഷേ "യുദ്ധം തീർന്നു"


 1973ലെ യുദ്ധാധികാര പ്രമേയമനുസരിച്ച് യുദ്ധം ആരംഭിച്ച് 60 ദിവസത്തിനുള്ളിൽ കോൺഗ്രസിന്റെ അംഗീകാരം പ്രസിഡന്റ് നേടണം. മറിച്ചായാൽ സൈന്യത്തെ പിൻവലിക്കണം
 ട്രംപ് യുദ്ധം തുടങ്ങിയത് കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ഫെബ്രുവരി 28ന്. മേയ് ഒന്നിനകം അംഗീകാരം നേടണമായിരുന്നു. ഏപ്രിൽ 8ന് വെടിനിറുത്തൽ വന്നതിനാൽ യുദ്ധം സാങ്കേതികമായി അവസാനിച്ചെന്ന് കാട്ടി ട്രംപ് ഒഴിഞ്ഞുമാറി
 ഇനിയും സമാധാന കരാറിലെത്തിയിട്ടില്ല. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ യു.എസ് ലക്ഷ്യമിടുന്നുണ്ട്. ഇതോടെയാണ് പ്രമേയം അവതരിപ്പിച്ചത്

# യുദ്ധാവസാനത്തിനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഇതിനിടെ ഡെമോക്രാറ്റുകളും നാല് മോശം റിപ്പബ്ലിക്കൻമാരും എന്റെ അധികാരങ്ങളെ പരിമിതപ്പെടുത്താൻ വോട്ടുചെയ്തിരിക്കുന്നു. ദേശസ്നേഹമില്ലാത്തവർ.

- ഡൊണാൾഡ് ട്രംപ്,

പ്രസിഡന്റ്, യു.എസ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360