
യു.എസ് എംബസി ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ
ഹോർമുസ് പൂർണമായും അടച്ചെന്ന് ഇറാൻ
ടെഹ്റാൻ/മസ്കറ്റ്: ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യക്കാർ അടക്കം നൂറുകണക്കിന് നാവികരുടെ ജീവൻ അപകടത്തിലാക്കി യു.എസ്-ഇറാൻ ഏറ്റുമുട്ടൽ. ഇന്ത്യൻ ജീവനക്കാർ ഉൾപ്പെട്ട മറ്റൊരു കപ്പലിനെ കൂടി യു.എസ് ഇന്നലെ ആക്രമിച്ചു.
20 ഇന്ത്യൻ ജീവനക്കാരുമായി ഒമാൻ ഉൾക്കടലിലൂടെ നീങ്ങിയ 'എം.ടി ജൽവീർ" എന്ന ബിറ്റുമിൻ ടാങ്കറിന് നേരെയാണ് യു.എസ് രണ്ട് മിസൈലുകൾ തൊടുത്തത്. അതേസമയം, ബുധനാഴ്ച യു.എസ് ആക്രമണം നേരിട്ട 'സെറ്റെബെല്ലോ" എണ്ണ ടാങ്കറിലെ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചെന്ന് സ്ഥിരീകരിച്ചു. പിന്നാലെ ഡൽഹിയിലെ യു.എസ് എംബസി ഡെപ്യൂട്ടി ചീഫ് ഒഫ് മിഷൻ ജേസൺ മീക്‌സിനെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു.
ജൽവീറിലെ ജീവനക്കാർ സുരക്ഷിതരാണ്. ഒമാൻ സേന ഇവരെ ഷിനാസ് തുറമുഖത്തെത്തിച്ചു. കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിത്തമുണ്ടായി. ഗിനി ബിസൗ പതാക വഹിക്കുന്ന കപ്പലാണ്. നാല് ദിവസത്തിനിടെ ഇന്ത്യൻ ജീവനക്കാരുൾപ്പെട്ട മൂന്നാമത്തെ കപ്പലിനെയാണ് യു.എസ് ആക്രമിക്കുന്നത്. അവശ്യവസ്തുക്കളുമായി പോയ ഇറാനിയൻ ചരക്കുകപ്പലിനെയും യു.എസ് ആക്രമിച്ചു. കപ്പൽ മുങ്ങിയെങ്കിലും 5 ജീവനക്കാരെയും മറ്റൊരു കപ്പൽ രക്ഷിച്ചു.
അതിനിടെ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചെന്നും കടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ തകർക്കുമെന്നും ഇറാൻ പ്രഖ്യാപിച്ചു. രണ്ട് വാണിജ്യക്കപ്പലുകളെ ആക്രമിച്ചെന്നും റിപ്പോർട്ടുണ്ട്.
അതേ സമയം, യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചയിൽ വഴിത്തിരിവുണ്ടായെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ രാത്രി അറിയിച്ചു. ഇന്ന് പുലർച്ചെ ഇറാനിൽ നടത്താനിരുന്ന യു.എസ് ആക്രമണവും ട്രംപ് റദ്ദാക്കി. ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും വെനസ്വേലയ്ക്ക് സമാനമായി ഇറാന്റെ എണ്ണയുടെ പൂർണ നിയന്ത്രണം കൈയടക്കുമെന്നും ഭീഷണി മുഴക്കി പിന്നാലെയായിരുന്നു നിലപാട് മാറ്റം.
യു.എസ് ബേസുകൾ
ലക്ഷ്യമിട്ട് ഇറാൻ
ബന്ദർ അബ്ബാസ്, മിനാബ്, ഖേഷം ദ്വീപ് തുടങ്ങി ഇറാന്റെ തെക്കൻ തീരത്തെ സൈനിക കേന്ദ്രങ്ങളെ യു.എസ് ഇന്നലെ പുലർച്ചെ ആക്രമിച്ചു. സംഭരണ, ശുദ്ധീകരണ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതോടെ തെക്കൻ ഇറാനിലെ ജലവിതരണം താറുമാറായി. ടെഹ്റാൻ പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ 3 പേർക്ക് പരിക്കേറ്റു.
ഇതിനുപകരമായി കുവൈറ്റ്, ബഹ്റൈൻ, ജോർദ്ദാൻ എന്നിവിടങ്ങളിലെ യു.എസ് ബേസുകൾ ഇറാൻ ആക്രമിച്ചു. മിസൈലുകളിലൊന്ന് ബഹ്റൈനിലെ മനാമയിലുള്ള യു.എസ് നാവിക ആസ്ഥാനത്തിന് സമീപം പതിച്ചു.
അന്തിമ വ്യവസ്ഥകൾ എല്ലാ കക്ഷികളും അംഗീകരിച്ചു. സമാധാന കരാർ ഒപ്പുവയ്ക്കുന്ന സമയവും സ്ഥലവും ഉടൻ പ്രഖ്യാപിക്കാനാകും.
- ഡൊണാൾഡ് ട്രംപ്,
യു.എസ് പ്രസിഡന്റ്
ഹോർമുസിലെ ആക്രമണം
യു.എസ് നിറുത്തണം: ഇന്ത്യ
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ ആക്രമണം അടിയന്തരമായി നിറുത്തണമെന്ന് ഇന്ത്യ യു.എസിനോട് ആവശ്യപ്പെട്ടു. മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതോടെ, യു.എസ് ഡെപ്യൂട്ടി ചീഫ് ഒഫ് മിഷനെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. മേഖലയിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ആശങ്കാജനകമാണ്. നാവികരുടെ ക്ഷേമത്തിന് ഇന്ത്യ ഉയർന്ന പ്രാധാന്യം നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |