
വാഷിംഗ്ടൺ: ഏറെ അനിശ്ചിതത്വവും വെല്ലുവിളികളും താണ്ടിയാണ് യു.എസും ഇറാനും ഇടക്കാല സമാധാന കരാറിലേക്ക് എത്തിയത്. ഏപ്രിൽ 8ന് വെടിനിറുത്തൽ നിലവിൽ വന്നത് മുതൽ ഇതിനായുള്ള ശ്രമം മദ്ധ്യസ്ഥ രാജ്യങ്ങൾ നടത്തിവരികയായിരുന്നു. യു.എസിന്റെ കടുംപിടുത്തവും വഴങ്ങില്ലെന്ന ഇറാന്റെ വാശിയും ചർച്ചകളെ പലതവണ വഴിമുട്ടിച്ചു.
യുദ്ധം വേഗം അവസാനിപ്പിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരുതിയെങ്കിലും തെറ്റി. സഖ്യ കക്ഷികളായ ഗൾഫ് രാജ്യങ്ങൾ ഇറാന്റെ മിസൈൽ മുനയിലായതോടെ എങ്ങനെയെങ്കിലും യുദ്ധം അവസാനിപ്പിക്കുകയില്ലാതെ ട്രംപിന് മുന്നിൽ മറ്റു വഴിയില്ലായിരുന്നു.
ലോകത്തെ ഏറ്റവും വലിയ എൽ.എൻ.ജി (ദ്രവീകൃത പ്രകൃതി വാതകം) ഹബ്ബായ ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി ഉൾപ്പെടെ ഇറാൻ ആക്രമിച്ചതോടെ ഗൾഫ് രാജ്യങ്ങൾ സമ്മർദ്ദം ശക്തമാക്കി. ട്രംപ് ആവർത്തിച്ച് ഭീഷണികൾ മുഴക്കിയിട്ടും ഇറാൻ ചെവികൊണ്ടില്ല. ഇറാന്റെ സൈനിക ശേഷിയെ തകർത്തെന്ന് ട്രംപ് പറയുമ്പോഴും അതിൽ കഴമ്പില്ലെന്ന് സമീപകാല ആക്രമണങ്ങൾ തെളിയിച്ചു.
ഇറാന്റെ പല ആവശ്യങ്ങൾക്കും യു.എസിന് ഏറെക്കുറേ വഴങ്ങേണ്ടി വന്നുവെന്നാണ് ഇടക്കാല കരാറിലെ വ്യവസ്ഥകളെ കുറിച്ചുള്ള സൂചനകളിൽ നിന്ന് വ്യക്തമാകുന്നത്.
# തടസമായത് കടുംപിടിത്തം
യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുന്നതിനോടൊപ്പം, ഇറാനിലെ ശേഷിക്കുന്ന ആണവ കേന്ദ്രങ്ങൾ നശിപ്പിക്കണമെന്നും ബാലിസ്റ്റിക് മിസൈലുകൾ കുറയ്ക്കണമെന്നും യു.എസ് ആവശ്യപ്പെട്ടു. ദേശ സുരക്ഷയുടെ ഭാഗമായതിനാൽ വിട്ടുവീഴ്ചയില്ലെന്ന് ഇറാൻ
മരവിപ്പിച്ച 2400 കോടി ഡോളർ വിദേശ ആസ്തി ഇടക്കാല കരാറിന് മുമ്പേ വിട്ടുനൽകണമെന്ന് ഇറാന്റെ വാശി. ഉടൻ നൽകില്ലെന്ന് യു.എസ്
ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്കെന്നും ടോൾ പിരിക്കുമെന്നും ഇറാൻ
ട്രംപിനെ അവഗണിച്ച് ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രയേൽ ആക്രമണം തുടർന്നത് ഇറാനെ ചൊടിപ്പിച്ചു
# കരാറിനെ സ്വാഗതം ചെയ്‌ത് മോദി
പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കുന്ന ധാരണയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങളും നിരവധി രാജ്യങ്ങളിലെ പൗരൻമാരുടെ മരണത്തിനും സംഘർഷം ഇടയാക്കിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ധാരണ മേഖലയിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാൻ സഹായിക്കും. കപ്പൽ ഗതാഗതത്തിന്റെയും വ്യാപാരത്തിന്റെയും സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. മറ്റ് വിഷയങ്ങളിലും അന്തിമ കരാറിലെത്താൻ ഇന്ത്യ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
------------------------------------------
# ഫെബ്രുവരി 28 - പശ്ചിമേഷ്യൻ യുദ്ധം തുടങ്ങി
- ആണവ കരാറിനു വഴങ്ങാത്തതിന്റെ പേരിൽ ഇറാനെതിരെ യു.എസും ഇസ്രയേലും സംയുക്ത ആക്രമണം
- ഇസ്രയേലിലും ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക ബേസുകളിലും ഇറാന്റെ തിരിച്ചടി
- ഇറാന്റെ സഖ്യകക്ഷിയായ ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രയേൽ സമാന്തര ആക്രമണം തുടങ്ങി
- ഹോർമുസ് കടലിടുക്ക് അടച്ചു. ആഗോള ഊർജ്ജ ക്ഷാമം. വിലക്കയറ്റം. കപ്പലുകൾ ആക്രമിക്കപ്പെട്ടു. വ്യോമഗതാഗതവും താറുമാറായി
# ഏപ്രിൽ 8 - വെടിനിറുത്തൽ പ്രാബല്യത്തിൽ
# യു.എസ് ലക്ഷ്യമിട്ടത് ഇറാനിൽ ഭരണമാറ്റം. സൈനിക, ആണവ ശേഷി ഇല്ലാതാക്കുക. ദിവസങ്ങൾക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കാമെന്ന് കരുതി
# സംഭവിച്ചത്
ഇറാന്റെ ശക്തമായ ചെറുത്തുനിൽപ്പ്. ട്രംപിന്റെ ഭീഷണികൾ ഏശിയില്ല
ഗൾഫ് രാജ്യങ്ങൾ സ്തംഭിച്ചു
അയത്തൊള്ള അലി ഖമനേയിയുടെ മകൻ മൊജ്തബാ ഖമനേയി ഇറാന്റെ പുതിയ പരമോന്നത നേതാവായി. ഭരണകൂടത്തിനോ സൈന്യത്തിനോ ശക്തി ക്ഷയിച്ചില്ല
ട്രംപിന്റെ ജനപിന്തുണ ഇടിഞ്ഞു. സഖ്യകക്ഷികളും ഒറ്റപ്പെടുത്തി
ഇറാന്റെ ആണവശേഷി പൂർണമായി തുടച്ചുനീക്കിയില്ല
# യുദ്ധത്തിൽ യു.എസിന് ഇതുവരെ ചെലവായത് - 2900 കോടി ഡോളർ (പെന്റഗണിന്റെ കണക്ക്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |