SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.45 AM IST

ആണവ നിരീക്ഷണം സാദ്ധ്യമല്ലെന്ന് ഇറാൻ  ചർച്ച നിറുത്തുമെന്ന് ട്രംപ്

d

ടെഹ്റാൻ: നയതന്ത്ര ചർച്ചകൾ തുടരവെ, ആണവ നിരീക്ഷണത്തെച്ചൊല്ലി ഇറാൻ-യു.എസ് തർക്കം. ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ വിദഗ്ദ്ധർ പരിശോധന നടത്തുമെന്നും തിങ്കളാഴ്ച സ്വിറ്റ്സർലൻഡിൽ അവസാനിച്ച ആദ്യ റൗണ്ട് ചർച്ചയിൽ ഇറാൻ ഇക്കാര്യം സമ്മതിച്ചെന്നും യു.എസ് പറയുന്നു. എന്നാലിത് വാസ്‌തവ വിരുദ്ധമാണെന്ന് ഇറാൻ ആരോപിച്ചു. ആണവ കാര്യങ്ങൾ ചർച്ച ചെയ്തില്ലെന്നും ഏകപക്ഷീമായ പാശ്ചാത്യ മേൽനോട്ടം അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാനിയൻ എണ്ണയ്ക്ക് യു.എസ് കഴിഞ്ഞ ദിവസം 60 ദിവസത്തെ ഉപരോധ ഇളവും പ്രഖ്യാപിച്ചിരുന്നു.

ആണവ പരിശോധനകൾക്ക് ഇറാൻ പൂർണമായും സമ്മതിച്ചതാണെന്നും അവർ അനുമതി നിഷേധിച്ചാൽ ചർച്ചയും ഉപരോധ ഇളവും നിറുത്തുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. 18ന് നിലവിൽ വന്ന 60 ദിവസത്തെ വെടിനിറുത്തൽ കാലയളവിനിടെ ഇറാൻ രഹസ്യമായി യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ പരിശോധന വേണമെന്ന് യു.എസ് ആവശ്യപ്പെടുന്നത്. അതിനിടെ,ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ചർച്ചയ്ക്കായി ഇന്നലെ മദ്ധ്യസ്ഥ രാജ്യമായ പാകിസ്ഥാനിലെത്തി.

ആസ്തിയുടെ

പേരിലും തർക്കം

ഇടക്കാല സമാധാന കരാറിന്റെ ഭാഗമായി ഇറാന്റെ മരവിപ്പിക്കപ്പെട്ട 1200 കോടി ഡോളറിന്റെ വിദേശ ആസ്തി വിട്ടുനൽകാൻ യു.എസ് തയ്യാറാണ്. എന്നാൽ,പണം അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾ വാങ്ങാനേ ഉപയോഗിക്കാവൂവെന്ന് ട്രംപ് വ്യക്തമാക്കി. തങ്ങളുടെ പണം എന്തു ചെയ്യണമെന്ന് തങ്ങൾ തീരുമാനിക്കുമെന്ന് ഇറാനും.


ഹോർമുസ് സജീവം

തിങ്കളാഴ്ച ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നതോടെ കപ്പൽ ഗതാഗതം സജീവമാകുന്നു. 40ഓളം വാണിജ്യക്കപ്പലുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ ഹോർമുസ് കടന്നു. ഹോർമുസിന്റെ ഭാവി നിയന്ത്രണം, സർവീസ് ചാർജ് തുടങ്ങിയ വിഷയങ്ങളിൽ ഒമാനുമായി ഇറാൻ ചർച്ച തുടങ്ങി.

ഇതിനിടെ ലെബനനിലെ അപ്പർ നബാത്തിയേയിൽ ഇസ്രയേൽ നടത്തിയ വെടിവയ്പിൽ 2 മരണം. ഭീകരരെ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ. കൊല്ലപ്പെട്ടത് സാധാരണക്കാരാണെന്നും വെടിനിറുത്തൽ ലംഘനം ഇറാൻ-യു.എസ് കരാറിനെ ബാധിക്കുമെന്നും ഹിസ്ബുള്ള ഭീഷണി മുഴക്കി.

ഇറാൻ കരാറിൽ ഉറച്ചുനിന്നില്ലെങ്കിൽ എനിക്ക് ചെയ്യാനുള്ളത് ഞാൻ ചെയ്തിരിക്കും.

- ഡൊണാൾഡ് ട്രംപ്,​

പ്രസിഡന്റ്,​ യു.എസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360