SignIn
Kerala Kaumudi Online
Monday, 10 August 2026 7.49 AM IST

ട്രംപിന്റെ പ്ലാൻ നടക്കില്ല  പുതിയ ഗാസ പദ്ധതി തള്ളി നെതന്യാഹു

d

ടെൽ അവീവ്: ഗാസയിൽ ഹമാസിന്റെ നിരായുധീകരണത്തിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവിഷ്കരിച്ച പുതിയ പദ്ധതി തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് പൂർണമായും നിരായുധീകരിക്കപ്പെട്ട ശേഷമേ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറൂ. സൈന്യത്തിനും പൗരന്മാർക്കുമെതിരെ ഉയരുന്ന ഭീഷണികളെ ചെറുക്കുന്നത് തുടരുമെന്നും വ്യക്തമാക്കി. പദ്ധതിക്കെതിരെ തീവ്ര വലതുപക്ഷ ഇസ്രയേലി മന്ത്രിമാർ രംഗത്തെത്തിയതിനുപിന്നാലെയാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്. ഹമാസ് അടക്കം ഗാസയിലെ എല്ലാ സായുധ ഗ്രൂപ്പുകളും ആയുധങ്ങൾ പൂർണമായും ഉപേക്ഷിക്കുമെന്നും ഈജിപ്റ്റിൽ നടത്തിയ ചർച്ചയിലൂടെ ഇതുസംബന്ധിച്ച ചരിത്ര ധാരണയിലെത്തിയെന്നും കഴിഞ്ഞ മാസം അവസാനമാണ് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ ഇസ്രയേൽ ആക്രമണം നിറുത്തുന്നതും സേനയെ പിൻവലിക്കുന്നതും അനുസരിച്ചാകും ആയുധ കൈമാറ്റമെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. രണ്ട് വർഷത്തെ യുദ്ധത്തിനൊടുവിൽ കഴിഞ്ഞ ഒക്ടോബർ 10നാണ് ട്രംപ് ആവിഷ്കരിച്ച കരാർ പ്രകാരം ഗാസയിൽ വെടിനിറുത്തൽ നടപ്പാക്കിയത്. ഇതിന്റെ രണ്ടാം ഘട്ടമായിട്ടാണ് ഹമാസിന്റെ നിരായുധീകരണ പദ്ധതി അവതരിപ്പിച്ചത്.


# ആയുധങ്ങൾ പുറത്തുപോകില്ല


ആയുധങ്ങൾ ഗാസയ്ക്ക് പുറത്ത് പോകാൻ അനുവദിക്കില്ലെന്നാണ് ഹമാസ് നിലപാട്. ഗാസയുടെ ഭാവി ഭരണത്തിനായി രൂപീകരിച്ച പാലസ്തീനിയൻ സാങ്കേതിക വിദഗ്ദ്ധർ അടങ്ങുന്ന എൻ.സി.എ.ജിയ്ക്ക് (നാഷണൽ കമ്മിറ്റി ഫോർ ദ അഡ്‌മിനിസ്ട്രേഷൻ ഒഫ് ഗാസ) ആയുധങ്ങൾ കൈമാറാമെന്നും പറഞ്ഞു.


# ഭാവി തുലാസിൽ


ഗാസയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിൽ. കരാർ നടപ്പാക്കി സംഘർഷം അവസാനിപ്പിച്ച് ഗാസയുടെ ഭരണം എൻ.സി.എ.ജിക്ക് കൈമാറാനും ഗാസയുടെ പുനർ നിർമ്മാണം തുടങ്ങാനുമായിരുന്നു ട്രംപിന്റെ പദ്ധതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360