
ഗാബറോണി: തെക്കേ ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിൽ അറുപതാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കായുള്ള മാംസത്തിനായി 23 ആനകളെ കൊല്ലാൻ അധികൃതർ അനുമതി നൽകിയതിനെതിരെ വ്യാപക വിമർശനം. ലോകത്ത് ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമായ ബോട്സ്വാന, സെപ്തംബർ 30നാണ് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ അറുപതാം വാർഷികം. ദിവസങ്ങൾ നീളുന്ന വിപുലമായ ആഘോഷങ്ങൾക്കാണ് തുടക്കം കുറിച്ചത്.
ബോട്സ്വാനയുടെ പരിസ്ഥിതി-ടൂറിസം മന്ത്രാലയം ആഘോഷ ആവശ്യങ്ങൾക്കായി 23 ആനകളെയും മറ്റ് വന്യമൃഗങ്ങളെയും വേട്ടയാടാൻ അനുമതി നൽകിയുള്ള ലൈസൻസുകൾ വിതരണം ചെയ്തു. എന്നാൽ ആഘോഷ വിരുന്നുകൾക്കായി ആനകളുടെ മാംസം ഉപയോഗിക്കുന്നത് വന്യജീവി സംരക്ഷണത്തെക്കുറിച്ച് തെറ്റായ സന്ദേശം നൽകുമെന്നും, ഔദ്യോഗിക അനുമതിയോടെ ആനകളെ കൊല്ലുന്നത് വന്യമൃഗവേട്ടയെ പ്രോത്സാഹിപ്പിച്ചേക്കാമെന്നും വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകി.
മൃഗങ്ങളിൽ നിന്ന് രോഗബാധ പടരാനുള്ള സാദ്ധ്യതയും തള്ളാനാകില്ല. അതേ സമയം, ആളുകൾ ആനകളെ ക്രൂരമായി വേട്ടയാടിയതിന്റെ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ചിലയിടങ്ങളിൽ കത്തി ഉപയോഗിച്ച് ആനകളിൽ നിന്ന് നേരിട്ട് മാംസം മുറിച്ചെടുത്ത് വിതരണം നടത്തി.
ബോട്സ്വാനയിൽ 130000 ത്തിലധികം ആനകളുണ്ട്. വന്യജീവി മേഖലകൾക്ക് സമീപം താമസിക്കുന്ന ജനങ്ങൾ ആനകൾ കൃഷിയും സ്വത്തുക്കളും നശിപ്പിക്കുന്നതിനെക്കുറിച്ച് പതിവായി പരാതിപ്പെടാറുണ്ട്. കൂടാതെ ആനകളുമായുള്ള ഏറ്റുമുട്ടലിൽ ആളുകൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ആനകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനുമുള്ള ഒരു മാർഗ്ഗമായി നിയന്ത്രിത വേട്ടയാടലിനെ സർക്കാർ ന്യായീകരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |