SignIn
Kerala Kaumudi Online
Sunday, 04 October 2026 8.36 AM IST

ഫ്ലൈ ദുബായ് ആക്രമണം: വിമാനം ഇസ്രയേലിന് മുകളിൽവച്ച് തകർക്കാൻ പദ്ധതിയിട്ടു

s

 ഭീകരാക്രമണമെന്ന് യു.എ.ഇ

അബുദാബി: ദുബായ് - ടെൽ അവീവ് ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റ് നടത്തിയത് ഭീകരാക്രമണ ശ്രമം തന്നെയെന്ന് യു.എ.ഇ. വിമാനത്തെ ഇസ്രയേലിന് മുകളിൽവച്ച് തകർക്കാനായിരുന്നു ഒമാൻ പൗരനായ സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി (29) പദ്ധതിയിട്ടതെന്നും നിരവധി പേരുടെ മരണമായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും റിപ്പോർട്ട്.

യു.എസിൽ അൽ ക്വഇദ ഭീകരർ നടത്തിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ മാതൃകയിൽ വിമാനം തകർക്കാനാണ് ഹമാം ഉദ്ദേശിച്ചിരുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഭീകരാക്രമണത്തിന് ഹമാം ഒറ്റയ്ക്ക് പദ്ധതിയിട്ടതാണോ അതോ ഇയാൾക്ക് പിന്നിൽ ഏതെങ്കിലും ഭീകരഗ്രൂപ്പോ രാജ്യമോ ഉണ്ടോയെന്നാണ് ഇനി അറിയേണ്ടത്. യു.എ.ഇ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.

ബുധനാഴ്ച പുലർച്ചെയാണ് യാത്രാമദ്ധ്യേ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ച് വിമാനം തകർക്കാൻ ഹമാം ശ്രമിച്ചത്. സൗദി അറേബ്യൻ വ്യോമപരിധിയിൽ വച്ചായിരുന്നു ആക്രമണം. സ്മിതിനെ കോക്പിറ്റിലെ എമർജൻസി ക്രാഷ് ആക്സ് കൊണ്ടാണ് കുത്തിപ്പരിക്കേൽപ്പിച്ചതെന്നും അധികൃതർ സ്ഥിരീകരിച്ചു.


സ്മിതിനെ

ചേർത്തുപിടിച്ച്

യു.എ.ഇ

ഹമാമിനെ ചെറുത്ത് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റ് സ്മിത് മച്ചാറിനെ (39) അബുദാബിയിലെ ആശുപത്രിയിലെത്തി നേരിൽ കണ്ട് ദുബായ് കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം. സ്മിതിന്റെ വീര്യത്തിൽ തന്റെ രാജ്യം മുഴുവൻ അഭിമാനിക്കുന്നതായി ഹംദാൻ പറഞ്ഞു. സ്മിത് കാട്ടിയ ധീരതയും ഉത്തരവാദിത്വവും മനുഷ്യ ജീവനോടുള്ള കരുതലും പ്രശംസനീയമാണെന്നും ചൂണ്ടിക്കാട്ടി. സ്മിതിന്റെ നില മെച്ചപ്പെട്ടുവരികയാണ്. അതേസമയം, സ്മിതിനും കുടുംബത്തിനും ഒരു കോടി നൽകി ആദരിക്കുമെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മാൻകൈൻഡ് ഫാർമ പ്രഖ്യാപിച്ചു.


സിറിയയിൽ വച്ച്

തീവ്രവാദത്തിലേക്ക്...


 ഭീകരവാദ ആശയങ്ങൾ കാരണം ഹമാമിനെ ഒമാൻ എയർ നേരത്തെ വിലക്കിയതാണ്

 ഹമാം ജനിച്ചത് യു.എ.ഇയിൽ. അച്ഛൻ ഒമാനി. അമ്മ സിറിയൻ വംശജ. 2011-2017 കാലയളവിൽ സിറിയയിൽ ആയിരിക്കെയാണ് ഭീകരവാദത്തിലേക്ക്. സിറിയൻ ജീവിതം സംബന്ധിച്ച വിവരങ്ങൾ അജ്ഞാതം

 2018ൽ ഒമാൻ എയറിൽ ഫ്ലൈറ്റ് ട്രെയിനിയായി. യു.കെ സർവകലാശാലയിൽ ഏവിയേഷൻ മാനേജ്മെന്റിൽ വിദൂര വിദ്യാഭ്യാസം നടത്തി. 2022 മുതൽ ഫസ്റ്റ് ഓഫീസറായി

 2024ൽ അൽ ക്വഇദ ആശയങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കൾ പിടിച്ചെടുത്തതോടെ ഇയാളെ വിമാനം പറത്തുന്നതിൽ നിന്ന് വിലക്കി. ഓഫീസ് ജോലി നൽകി

 2025ൽ ഒമാൻ വിട്ട് മൊറോക്കോയുടെ 'റോയൽ എയർ മാറോകി'ൽ. 2026 ഫെബ്രുവരിയിൽ ഫ്ലൈ ദുബായ് കമ്പനിയിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360