
ന്യൂഡൽഹി: ആഗോള രംഗത്ത് യു.എസ് കൂടുതൽ ഒറ്റപ്പെടുകയാണെന്നും ചൈനയുടെ സ്വാധീനം ശക്തമാകുകയാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യു.എസ് സ്വീകരിച്ച പുതിയ സമീപനവും ചൈനയുടെ ഉയർച്ചയും ആഗോള ശക്തിസന്തുലനത്തിൽ മാറ്റം വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. മ്യൂണിക് ലീഡേഴ്സ് മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു. യു.എസ്-ചൈന മത്സരത്തിനപ്പുറം സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ വിവിധ രാജ്യങ്ങൾ പരസ്പരം സഹകരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. സാമ്പത്തിക, സാങ്കേതിക, തന്ത്രപ്രധാന ശേഷികൾ സമ്മർദ്ദത്തിനുള്ള ഉപാധികളാക്കുന്ന പ്രവണതയും ശക്തമാകുന്നു. യു.എസുമായും ചൈനയുമായും ബന്ധം തുടരുന്നതിനൊപ്പം മറ്റ് രാജ്യങ്ങളുമായും സഹകരക്കേണ്ട സാഹചര്യമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുള്ളത്. ക്വാഡ്, ബ്രിക്സ് തുടങ്ങിയ കൂട്ടായ്മകൾ ഇതിന് ഉദാഹരണമാണ്. പരസ്പരം യോജിക്കാത്ത രാജ്യങ്ങൾ പോലും പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ സഹകരിക്കുന്ന പുതിയ രീതിയാണ് വളരുന്നതെന്നും ജയശങ്കർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |