SignIn
Kerala Kaumudi Online
Saturday, 27 June 2026 1.12 AM IST

ഡോൺബാസിൽ പിടിമുറുക്കി റഷ്യ

ukraine

കീവ് : യുക്രെയിന്റെ കിഴക്കൻ മേഖലകളിൽ റഷ്യൻ സൈന്യം മുന്നേറ്റം ശക്തമാക്കുന്നു. ഡോൺബാസിലെ ലുഹാൻസ്കിൽ റഷ്യൻ സേന കനത്ത പോരോട്ടം നടത്തുകയാണെന്ന് യുക്രെയിൻ വ്യക്തമാക്കി. ലുഹാൻസ്കിലെ ലൈസിചാൻസ്ക് മേഖലയിലെ ഷെല്ലാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.

ഡോൺബാസിലെ 40ലേറെ നഗരങ്ങളിൽ ഷെല്ലാക്രമണം നടത്തിയ റഷ്യ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന സിവിലിയൻമാരെ പുറത്തെത്തിക്കാനുള്ള അവസാന പാതയും തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുക്രെയിൻ ആരോപിച്ചു.

യുക്രെയിനിലെ ലക്ഷ്യസ്ഥാനം തകർക്കാൻ ഇസ്‌കൻഡർ മിസൈൽ വിക്ഷേപിക്കുന്നതിന്റെ വീഡിയോ റഷ്യ പുറത്തുവിട്ടു. എന്നാലിത് ഏത് യുക്രെയിൻ നഗരത്തെയാണ് ലക്ഷ്യമാക്കിയതെന്ന് വ്യക്തമല്ല. നിലവിൽ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സെപൊറേഷ്യ, ഖേഴ്സൺ നഗരങ്ങളിലെ ജനങ്ങൾക്ക് റഷ്യൻ പൗരത്വം നൽകുന്ന നടപടികൾ വേഗത്തിലാക്കിയെന്നും ഇവ യുക്രെയിന് വിട്ടുകൊടുക്കില്ലെന്നും ഇവിടുത്തെ റഷ്യൻ പ്രതിനിധികൾ അറിയിച്ചു.

അതേ സമയം, യുക്രെയിൻ തുറമുഖങ്ങളിൽ തടഞ്ഞുവച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്യാൻ അനുവദിക്കണമെങ്കിൽ പാശ്ചാത്യ രാജ്യങ്ങൾ തങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കണമെന്ന റഷ്യയുടെ ആവശ്യം യു.എസ് തള്ളി. റഷ്യൻ പൗരന്മാർക്കുള്ള വിസാരഹിത യാത്ര നിറുത്തലാക്കുന്നതായി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഉത്തരവിട്ടു.

 മിനിമം വേതനവും പെൻഷനും ഉയർത്തി പുട്ടിൻ

സമ്പദ്‌വ്യവസ്ഥ പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത ഉപരോധങ്ങൾ അഭിമുഖീകരിക്കുന്നതിനിടെ രാജ്യത്തെ മിനിമം വേതന നിരക്കും പെൻഷനുകളും 10 ശതമാനം ഉയർത്തുന്നതായി പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഇതോടെ റഷ്യയിലെ മിനിമ മാസ വേതനം ഏകദേശം 250 ഡോളറും ( 19,400 ഇന്ത്യൻ രൂപ ) ശരാശരി പെൻഷൻ 320 ഡോളറും ( 24,840 ഇന്ത്യൻ രൂപ ) ആകുമെന്ന് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ പണപ്പെരുപ്പത്തെ നേരിടാനാണ് പുട്ടിന്റെ നീക്കം. പൗരന്മാരുടെ ക്ഷേമവും ജീവിത നിലവാരവും വർദ്ധിപ്പിക്കുക എന്നതിലാണ് പ്രധാന മുൻഗണനയെന്ന് പുട്ടിൻ പറഞ്ഞു. രാജ്യത്തിന് പുറത്ത് സേവനമനുഷ്ഠിക്കുന്ന റഷ്യൻ സൈനികരുടെ വേതനം കൂട്ടാനും പുട്ടിൻ സർക്കാർ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360