SignIn
Kerala Kaumudi Online
Friday, 26 June 2026 8.50 AM IST

തകർന്നടി‌ഞ്ഞ് വെനസ്വേല : ഒരു നിമിഷം, എല്ലാം നിശ്ചലം

d

കാരക്കാസ്: 'ശക്തമായ കുലുക്കം. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ കുടുംബത്തെയും കൂട്ടി ഓടി. പുറത്തുകണ്ട കാഴ്ച ഭീകരമായിരുന്നു.

കെട്ടിടാവശിഷ്ടങ്ങൾ വീണുകൊണ്ടേയിരിക്കുന്നു. കൂനയായി മാറിയ കെട്ടിടങ്ങൾ... എല്ലാത്തിന്റെയും മുകളിലൂടെ ഞങ്ങൾ ജീവനുവേണ്ടി പരക്കം പാഞ്ഞു. അയൽക്കാർക്കൊക്കെ എന്ത് സംഭവിച്ചെന്ന് പോലും അറിയില്ല...' കാരക്കാസിൽ തകർന്നടിഞ്ഞ ഒരു ഫ്ലാറ്റിലെ താമസക്കാരി മരിയ അലയാൻഡ്ര ഓർക്കുന്നു.

'കരാബോബോ യുദ്ധ ദിന'മായിരുന്നതിനാൽ രാജ്യത്ത് ബുധനാഴ്ച പൊതു അവധിയായിരുന്നു. പ്രാദേശിക സമയം വൈകിട്ട് 6.04ന് ആദ്യ ഭൂകമ്പമുണ്ടായപ്പോൾ മിക്കവരും സ്വന്തം വീടുകളിൽ. സെക്കൻഡുകൾക്കുള്ളിൽ അടുത്ത ഭൂകമ്പം. ഇരുട്ടിൽ നിന്നും നിലയ്ക്കാതെ മുഴങ്ങിയ നിലവിളികൾ. നിമിഷങ്ങൾക്കുള്ളിൽ കാരക്കാസ് പ്രേതഭൂമിയായി. യാരാകൂയി സംസ്ഥാനത്തെ സാൻ ഫിലിപ്പിന് സമീപം ഭൗമോപരിതലത്തിൽ നിന്ന് 22 കിലോമീറ്റർ ആഴത്തിലായിരുന്നു ആദ്യ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. തൊട്ടടുത്ത കരാബോബോ സംസ്ഥാനത്തെ മോറോൺ പട്ടണത്തിന് തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിൽ രണ്ടാമത്തെ ഭൂകമ്പം. ഭൗമോപരിതലത്തിൽ നിന്ന് കുറഞ്ഞ ആഴത്തിൽ ഉടലെടുത്തതിനാൽ ഈ ഭൂകമ്പമാണ് കൂടുതൽ നാശംവിതച്ചത്.

1900ത്തിൽ 140 പേരുടെ ജീവനെടുത്ത ഭൂകമ്പത്തിന് ശേഷം ഇതാദ്യമായാണ് തീവ്രതയേറിയ ഭൂചലനമുണ്ടാകുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റെയിൽ, മെട്രോ, പൊതു ഗതാഗത സർവീസുകൾ നിറുത്തിവച്ചു. അന്താരാഷ്ട്ര നാണയനിധിയുമായി (ഐ.എം.എഫ്) സഹകരിച്ച് 20 കോടി ഡോളറിന്റെ അടിയന്തര പുനർനിർമ്മാണ ഫണ്ട് ക്രമീകരിച്ചതായി ഇടക്കാല പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വസ് അറിയിച്ചു.

മിനിറ്റുകൾക്കുള്ളിൽ

നിലംപൊത്തി


 തലസ്ഥാനമായ കാരക്കാസിലും ലാ ഗ്വൈര അടക്കം വടക്കൻ തീരപ്രദേശങ്ങളിലും നാശം. ലാ ഗ്വൈരയെ ദുരന്ത മേഖലയായി പ്രഖ്യാപിച്ചു

 വൈദ്യുതി വിതരണം താറുമാറായതോടെ നഗരങ്ങൾ ഇരുട്ടിലായി.രക്ഷാപ്രവർത്തനം തടസപ്പെട്ടു

 നൂറുകണക്കിന് കെട്ടിടങ്ങൾ മിനിറ്റുകൾക്കുള്ളിൽ നിലംപൊത്തി

 രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ സൈമൺ ബൊളിവർ എയർപോർട്ടിൽ കനത്ത നാശം. സീലിംഗുകൾ തകർന്നു. വിമാനത്താവളം അനിശ്ചിതമായി അടച്ചു

 ലാ ഗ്വൈരയിൽ തീരദേശ ഹോട്ടലുകളും മറ്റും പൂർണമായി തകർന്നു

പ്രതിസന്ധിക്കിടെ ദുരന്തം

പ്രസിഡന്റായിരുന്ന നിക്കോളാസ് മഡുറോയെ യു.എസ് പുറത്താക്കിയതിന് ശേഷമുള്ള രാഷ്ട്രീയ അസ്ഥിരതയും ദീർഘനാളായുള്ള സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തിന് വെല്ലുവിളിയായി തുടരവെയാണ് ഭൂകമ്പം.യു.എസ്,ജർമ്മനി,നെതർലൻഡ്സ്, മെക്സിക്കോ,ഖത്തർ തുടങ്ങിയ രാജ്യങ്ങൾ അടിയന്തര സഹായം പ്രഖ്യാപിച്ചു.


വെനസ്വേലയിലെ ജനങ്ങൾക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണ്.

-നരേന്ദ്ര മോദി,

പ്രധാനമന്ത്രി

-------------------------------------------

# ആഴം കുറഞ്ഞ ഭൂകമ്പം അപകടകാരി

ഭൗമോപരിതലത്തോട് എത്രത്തോളം അടുത്താണ് സംഭവിച്ചത്, പ്രദേശത്തെ ജനസംഖ്യ, കെട്ടിടങ്ങളുടെ ഗുണനിലവാരം തുടങ്ങിയവയും ഭൂകമ്പത്തിന്റെ ശക്തിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വെനസ്വേലയിലുണ്ടായ ആദ്യ ഭൂകമ്പം ഭൗമോപരിതലത്തിൽ നിന്ന് 22 കിലോമീറ്റർ ആഴത്തിലായിരുന്നു. രണ്ടാമത്തേതാകട്ടെ, വെറും പത്ത് കിലോമീറ്റർ ആഴത്തിലും. ഉപരിതലത്തിൽ കനത്ത നാശനഷ്ടങ്ങളുണ്ടാകാൻ ഇതാണ് കാരണമായത്. മരണസംഖ്യ 10,000 കടക്കാൻ 44 ശതമാനം സാദ്ധ്യതയുണ്ടെന്നാണ് യു.എസ് ജിയോളജിക്കൽ സർവേയുടെ കണക്ക്. പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്ന് 70 കിലോമീറ്റർ വരെ ആഴത്തിലുള്ളവയെ 'ആഴം കുറഞ്ഞ ഭൂകമ്പങ്ങളുടെ" ഗണത്തിൽപ്പെടുത്തുന്നു. 70 - 300 കിലോമീറ്റർ ആഴത്തിൽ സംഭവിക്കുന്നവയെ ഇടത്തരമെന്നും 300-700 കിലോമീറ്റർ വരെയുള്ളതിനെ ആഴം കൂടിയ ഭൂകമ്പങ്ങളെന്നും തിരിച്ചിരിക്കുന്നു. ആഴം കുറഞ്ഞ ഭൂകമ്പങ്ങളാണ് കൂടുതൽ വിനാശകാരി.


 ആഴം കുറഞ്ഞത്

പ്രഭവകേന്ദ്രം ഉപരിതലത്തോട് വളരെ അടുത്ത്. ഭൂകമ്പ തരംഗങ്ങൾ അധികം ഊർജ്ജം നഷ്ടപ്പെടാതെ വേഗത്തിൽ ഉപരിതലത്തിലെത്തും. ശക്തമായ പ്രകമ്പനം അനുഭവപ്പെടും. വലിയ നാശനഷ്ടങ്ങൾ


 ആഴം കൂടിയത്

പ്രഭവകേന്ദ്രം ഉപരിതലത്തിൽ നിന്ന് അകലെ. ഭൂകമ്പ തരംഗങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചാരിക്കണമെന്നതിനാൽ ഉപരിതലത്തിൽ എത്തുമ്പോഴേക്കും കൂടുതൽ ഊർജ്ജം നഷ്ടമാകും. തീവ്രത കുറഞ്ഞ പ്രകമ്പനം അനുഭവപ്പെടും. നാശനഷ്ടതോത് കുറവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360