SignIn
Kerala Kaumudi Online
Sunday, 17 May 2026 1.02 PM IST

എബോള ഭീതി; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ebola-virus

ജനീവ: കോംഗോയിലും ഉഗാണ്ടയിലും എബോള രോഗബാധ പടരുന്നതിന്റെ പശ്ചാത്തലത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ബണ്ടിബ്യൂഗോ വൈറസ് മൂലമുണ്ടാകുന്ന രോഗബാധ മഹാമാരിയല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഈ പ്രത്യേക വൈറസിനെ പ്രതിരോധിക്കാൻ നിലവിൽ അംഗീകൃത മരുന്നുകളോ ഫലപ്രദമായ വാക്സിനുകളോ ലഭ്യമല്ല.

ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിലെ ബൂനിയ, റാംപര, മോംഗ്ബവാലു മേഖലകളിൽ സംശയാസ്പദമായ 80 മരണങ്ങളും ലബോറട്ടറി സ്ഥിരീകരിച്ച എട്ട് കേസുകളും സംശയാസ്പദമായ 246 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ കോംഗോയിൽ നിന്ന് യാത്ര ചെയ്ത രണ്ട് പേർക്ക് പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലൊരാൾ മരണപ്പെടുകയും ചെയ്തു. ഇട്ടൂരിയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് കോംഗോ തലസ്ഥാനമായ കിൻഷാസയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ സമൂഹവ്യാപനം നടക്കുന്നുണ്ടെന്ന് ആഫ്രിക്ക സിഡിസി മുന്നറിയിപ്പ് നൽകി. രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ ആരോഗ്യപ്രവർത്തകർ സ്ക്രീനിംഗും സമ്പർക്കപ്പട്ടിക തയ്യാറാക്കലും ഊർജ്ജിതമാക്കിയിട്ടുണ്ട്.

1976-ൽ കോംഗോയിലാണ് ലോകത്ത് ആദ്യമായി എബോള വൈറസ് കണ്ടെത്തുന്നത്. വവ്വാലുകളിൽ നിന്ന് പടർന്നതെന്ന് കരുതപ്പെടുന്ന ഈ മാരക വൈറസിന്റെ 17-ാമത് വ്യാപനമാണ് ഇപ്പോൾ രാജ്യത്ത് ഉണ്ടായിരിക്കുന്നത്. രോഗബാധിതരുടെ ശരീര സ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെ പടരുന്ന വൈറസ് ആന്തരിക രക്തസ്രാവത്തിനും അവയവങ്ങൾ പ്രവർത്തനരഹിതമാകുന്നതിനും കാരണമാകുന്നു. പനി, പേശി വേദന, തലവേദന തുടങ്ങിയവയ്ക്ക് പുറമെ കടുത്ത ഛർദ്ദിയും രക്തസ്രാവവുമാണ് ലക്ഷണങ്ങൾ. ശരാശരി 50 ശതമാനത്തോളം മരണനിരക്കുള്ള എബോള ബാധിച്ച് കഴിഞ്ഞ 50 വർഷത്തിനിടെ ആഫ്രിക്കൻ രാജ്യങ്ങളിൽ 15,000-ത്തോളം ആളുകളാണ് മരണപ്പെട്ടിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, WHO, EBOLA, EBOLA VIRUS, GOLABL HEALTH EMERGENCY, CONGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360