
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കാനെന്ന പേരിൽ സ്പോൺസർ 126 കോടി വിദേശ ഏജൻസിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട് വിദേശനാണയ വിനിമയച്ചട്ട പ്രകാരം (ഫെമ) കേസെടുത്ത് ഇ.ഡി. സ്പോൺസർ ഫെമ വ്യവസ്ഥകൾ പാലിച്ചില്ലെന്നാണ് ഇ.ഡിയുടെ പ്രാഥമികനിഗമനം. അതേസമയം, ഇടപാടിന് കള്ളപ്പണം വിനിയോഗിച്ചോ എന്നതടക്കം (കള്ളപ്പണ വിനിയോഗ നിയന്ത്രണ നിയമം) ഇ.ഡിക്ക് അന്വേഷിക്കണമെങ്കിൽ മറ്റേതെങ്കിലും ഏജൻസി കേസ് രജിസ്റ്റർ ചെയ്യണം. എന്നാൽ, ഫെമ നിയമപ്രകാരം കേസെടുക്കുന്നതിൽ തടസമില്ല. അതിനാലാണ് സ്വമേധയാ കേസെടുത്തത്.
തുക കൈമാറിയത് സംബന്ധിച്ച രേഖകൾ, സ്‌പോൺസർ ഒപ്പിട്ട കരാർ, അനുബന്ധരേഖകൾ തുടങ്ങിയവ വിലയിരുത്തിയാണ് കേസെടുത്തത്. സംസ്ഥാന കായികവകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട്, രേഖകൾ എന്നിവയും ശേഖരിച്ചിരുന്നു. ജി.എസ്.ടി വകുപ്പ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയ വിവരങ്ങളും പരിശോധിച്ചു.
സ്പോൺസർക്ക്
നോട്ടീസ് നൽകും
1 പണമിടപാട് സംബന്ധിച്ച വിശദവിവരങ്ങളും രേഖകളും സമർപ്പിക്കാൻ സ്പോൺസർക്ക് നോട്ടീസ് നൽകും
2. റിസർവ് ബാങ്കിന്റെ അനുമതിപ്രകാരമാണ് തുക നൽകിയതെന്ന സ്‌പോൺസറുടെ അവകാശവാദം സംബന്ധിച്ച രേഖകളും ആവശ്യപ്പെടും
ക്രൈംബ്രാഞ്ചോ,
വിജിലൻസോ?
മെസി വിവാദം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനോ വിജിലൻസിനോ സംസ്ഥാന സർക്കാർ സർക്കാർ വിട്ടേക്കും. മെസിയെ കൊണ്ടുവരാൻ നടത്തിയ സാമ്പത്തിക ഇടപാടുകളടക്കം സംസ്ഥാന ഏജൻസിയും അന്വേഷിക്കും. സംസ്ഥാന ഏജൻസി കേസ് രജിസ്റ്റർ ചെയ്താൽ അതിന്റെ ചുവടുപിടിച്ച് ഇ.ഡിയും മറ്റൊരു കേസെടുത്ത് ഇക്കാര്യങ്ങൾ അന്വേഷിച്ചേക്കും. കൈമാറിയ പണത്തിന്റെ ഉറവിടം, സ്‌പോൺസർക്ക് രണ്ട് ധനകാര്യസ്ഥാപനങ്ങൾ നൽകിയ തുക, കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം നവീകരിക്കാൻ ചെലവഴിച്ച തുക, പണത്തിന്റെ ഉറവിടം, പരിപാടിയുടെ മറവിൽ കള്ളപ്പണം വെളുപ്പിച്ചോ, പണമിടപാടുകളുടെ സുതാര്യത തുടങ്ങിയവയാകും പരിശോധിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |