
തിരുവനന്തപുരം: തോട്ടങ്ങൾ ഏറ്റെടുത്ത് പത്തനംതിട്ടയിൽ സെൻട്രൽ ജയിൽ സ്ഥാപിക്കാനും പൂജപ്പുര, കണ്ണൂർ സെൻട്രൽ ജയിലുകൾ മാറ്റാനും ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ. ലാഭകരമല്ലാത്തതോ പാട്ടക്കാലാവധി കഴിഞ്ഞതോ ആയ തോട്ടങ്ങൾ ഏറ്റെടുക്കണം. പ്ലാന്റേഷൻ കോർപറേഷന്റെ ലാഭകരമല്ലാത്ത തോട്ടങ്ങളും പരിഗണിക്കാം.
വിയ്യൂർ ശേഷി കൂട്ടി നവീകരിക്കണം. പുതിയത് സ്ഥാപിക്കാൻ വർഷങ്ങൾ വേണ്ടിവരുന്നതിനാൽ പൂജപ്പുരയും കണ്ണൂരും അടക്കം ശേഷികൂട്ടി നവീകരിക്കണം. എല്ലാ ജയിലുകളിലും തടവുകാരുടെ എണ്ണം 20 ശതമാനത്തിലേറെ കൂടുതലാണ്.
ജയിൽ സുരക്ഷ പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മിഷനാണ് ഈ ശുപാർശകൾ നൽകിയത്.
തടവുകാരെക്കൊണ്ട് കൃഷിപ്പണി ചെയ്യിപ്പിക്കാനാവും. കോഴിഫാം, പാലുത്പാദനം എന്നിവയും നടത്താം. തുറന്ന ജയിലുകളിലേതുപോലെ ഫാം ഇൻഡസ്ട്രിയും നടത്താം.
ജയിലുകൾ മൂന്നുനിലകളിലായി നിർമ്മിക്കണം. നടുക്ക് സെൻട്രൽ ടവറും വശങ്ങളിലേക്ക് പല ദിശകളിൽ റേഡിയൽ ബിൽഡിംഗുകളുമുണ്ടാക്കണം. തടവുകാർക്ക് പുറത്തേക്കിറങ്ങാൻ ഒരു വഴിയേ ഉണ്ടാകാവൂ. സെൻട്രൽ ടവറുണ്ടെങ്കിൽ നിരീക്ഷണം എളുപ്പമാവും.സെൻട്രൽ ജയിലുകൾ ഈ രീതിയിൽ അടിയന്തരമായി നവീകരിക്കണം.
പൂജപ്പുരയിൽ 40 ഏക്കർ
ഒഴിഞ്ഞുകിട്ടും
പൂജപ്പുര സെൻട്രൽ ജയിൽ മാറ്റിയാൽ തലസ്ഥാന നഗരത്തിൽ 40 ഏക്കർ ഭൂമി സർക്കാരിന് ലഭിക്കും.മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാം. നെട്ടുകാൽത്തേരിയിൽ 400 ഏക്കർ സ്ഥലമുണ്ട്. തുറന്ന ജയിലിൽ തടവുകാരുടെ എണ്ണം കൂട്ടണം. എല്ലായിടത്തും സുരക്ഷയുറപ്പാക്കാൻ താത്കാലിക ജീവനക്കാരെ കൂടുതലായി നിയമിക്കണം.
നിയമനിർമ്മാണം
വേണ്ടിവരും
തോട്ടംഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നിയമനിർമ്മാണം വേണ്ടിവരും. 5.25 ലക്ഷം ഏക്കർ തോട്ടം ഭൂമി വൻകിടക്കാരുടെ പക്കലുണ്ട്. ഇതേറ്റെടുത്ത് വികസനാവശ്യത്തിനുപയോഗിക്കാമെന്ന് നേരത്തേ സെക്രട്ടറിതലസമിതിയുടെ ശുപാർശകിട്ടിയിരുന്നു.
തോട്ടങ്ങളിൽ പച്ചക്കറി, പാലുത്പാദനവും ഫാം വ്യവസായങ്ങളും ആരംഭിച്ചാൽ വിഷമില്ലാത്ത പച്ചക്കറിയടക്കം ലഭ്യമാവും. അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാം.
ചീമേനി മോഡൽ
പ്ലാന്റേഷൻ കോർപറേഷന്റെ 308.7ഏക്കർ കശുമാവ് തോട്ടമേറ്റെടുത്താണ് ചീമേനി തുറന്ന ജയിൽ സ്ഥാപിച്ചത്. കശുഅണ്ടി, റബ്ബർ, തെങ്ങ്, പച്ചക്കറി കൃഷികളുണ്ട്. ഡെയറിഫാമുമുണ്ട്. ആട്, കോഴി വളർത്തലുണ്ട്. നഷ്ടത്തിലായിരുന്ന എസ്റ്റേറ്റ് ലാഭകരമായ കാർഷികോത്പാദന കേന്ദ്രമായിമാറി.
''കാക്കനാട്, കോട്ടയം ജില്ലാ ജയിലുകൾ പരിമിതമായ സ്ഥലത്താണ്. നഗരത്തിന് പുറത്തേക്ക് മാറ്റണം. കോട്ടയത്ത് 55 സെന്റിലാണ് ജയിൽ. ഒരുമുറിയിൽ ഇരുപത് തടവുകാരുണ്ട്. സുരക്ഷാഭീഷണിയാണിത്''
-ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |