SignIn
Kerala Kaumudi Online
Sunday, 30 August 2026 12.45 AM IST

പൊലീസ് ഉറപ്പിച്ചു; അത് കുറുപ്പല്ല,ദാമോദര മേനോൻ

sukumara-kurup

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ ചില ചാനലുകൾ പുറത്തുവിട്ട ചിത്രവും പാസ്‌പോർട്ടും തൃശൂർ വടക്കാഞ്ചേരി സ്വദേശി മൂർക്കനാട് ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരിച്ച് പൊലീസ്.

വൃക്ക സംബന്ധിച്ച ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ബ്രൂണെയിൽ ഇന്ത്യൻ ഹൈക്കമ്മിഷന്റെ സംരക്ഷണയിലുള്ള മേനോനെ നാട്ടിലെത്തിച്ച് പുനരധിവാസമൊരുക്കാൻ ജൂലായ് രണ്ടിന് നോർക്ക,സർക്കാരിന് ശുപാർശ നൽകിയിരുന്നു. മേനോന്റെ പാസ്‌പോർട്ട് വിവരങ്ങളും ഇതിലുണ്ടായിരുന്നു. സംരക്ഷണമോ ചികിത്സയോ, ഏറ്റെടുക്കാൻ കുടുംബമോ തയ്യാറാകുന്നില്ലെന്നായിരുന്നു അറിയിച്ചത്. ബ്രൂണെയിൽ പേരുമാറി കുറുപ്പ് ഒളിവിൽ കഴിയുന്നെന്ന വാർത്തയ്ക്കൊപ്പം പ്രചരിപ്പിച്ചത് മേനോന്റെ ചിത്രമായിരുന്നു.

പൂനെയിലെ എൻജിനിയറിംഗ് പഠനത്തിനുശേഷം 40വർഷം മുമ്പ് മലേഷ്യയിലേക്കുപോയ മേനോൻ പാലക്കാട് സ്വദേശി ഉഷയെ വിവാഹം ചെയ്തു. രണ്ട് മക്കളുണ്ട്. ബന്ധുക്കളെ ഒരുമാസം മുമ്പും വിളിച്ചിരുന്നതായി സഹോദരൻ വ്യക്തമാക്കി. മേനോന്റെ കരുമത്രയിലെ വീട്ടിലെത്തി പൊലീസ് വിവരം ശേഖരിച്ചശേഷമാണ് ഫോട്ടോയിലുള്ളയാൾ കുറുപ്പല്ലെന്ന് ഉറപ്പിച്ചത്. പൊലീസ് മേനോനുമായി ഫോണിൽ സംസാരിക്കുകയും ചെയ്‌തു. മേനോന്റെ പേരിൽ കരുമത്രയിൽ 10 സെന്റ് ഭൂമിയുമുണ്ട്.

അതേസമയം സുകുമാരക്കുറുപ്പിനെക്കുറിച്ച് പുതിയ വിവരങ്ങൾ ലഭ്യമാകുമോയെന്ന് സി.ബി.ഐ വഴി ഇന്റർപോളിനോട് ആരായാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി എ.ഡി.ജി.പി എച്ച്.വെങ്കടേശിനെ ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തി. 'ജോൺ മേനോൻ' എന്ന പേരിൽ ബ്രൂണെയിൽ ഒളിവിൽ കഴിയുന്നത് സുകുമാര കുറുപ്പാണെന്ന് മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ വെളിപ്പെടുത്തിയിരുന്നു. കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജപ്രചാരണം നടത്തിയ മുൻ ഉദ്യോഗസ്ഥരെയടക്കം ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. അതേസമയം സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന അഭ്യൂഹത്തിന് സ്ഥിരീകരണമില്ലെന്നും ഇന്റർപോളുമായി ബന്ധപ്പെട്ട് നിജസ്ഥിതിയറിയാൻ ശ്രമിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

വാടക നൽകാൻ പണമില്ലാതെ മേനോൻ

ദാമോദരമേനോനെ വാടക നൽകാത്തതിനാൽ വീട്ടുടമസ്ഥയായ ചൈനീസുകാരി ഇന്ത്യൻ ഹൈക്കമ്മിഷനിലെത്തിച്ചെന്നാണ് വിവരം. മക്കൾ മലേഷ്യ,ഓസ്ട്രേലിയ എന്നിവിടങ്ങളിലുണ്ട്. സന്നദ്ധപ്രവർത്തകർ ബന്ധപ്പെട്ടെങ്കിലും ഏറ്റെടുക്കാൻ തയ്യാറായില്ല. ജൂൺ 16നാണ് ഇന്ത്യൻ ഹൈക്കമ്മിഷൻ സന്നദ്ധ പ്രവർത്തകരെയും നോർക്കയെയും ബന്ധപ്പെട്ടത്.

ഗൂഢാലോചന അന്വേഷിക്കും

തിരുവനന്തപുരം: സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്നും ബ്രൂണെയിൽ കണ്ടെന്നും വ്യാജ പ്രചാരണം നടത്തിയതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിരമിച്ച ഏതാനും പൊലീസുദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നാണ് നിഗമനം. ഭാര്യയുമായുള്ള കുറുപ്പിന്റെ ഫോൺവിളി ചോർത്തിയെന്ന് അവകാശപ്പെട്ട സൈബർ വിദഗ്ദ്ധനെ കണ്ടെത്താനും ശ്രമിക്കും. ആലപ്പുഴ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം വഴിതെറ്റിക്കാനും പൊലീസിനെ താറടിച്ചു കാട്ടാനും ബോധപൂർവം ശ്രമമുണ്ടായോ എന്നാണ് അന്വേഷിക്കുക. ഒരുമാസത്തിനകം പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും.

കുടുംബം നിയമനടപടിക്ക്


വടക്കാഞ്ചേരി (തൃശൂർ): വിരുപ്പാക്ക മൂർക്കനാട്ട് നാരായണൻ-ജാനകി ദമ്പതികളുടെ മകനായ 82കാരൻ ദാമോദര മേനോൻ മലേഷ്യയിൽ പെന്തക്കോസ്ത് സഭയുടെ പാസ്റ്ററായാണ് പ്രവർത്തിക്കുന്നത്. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി ബിജോയ് പറഞ്ഞു.

ആളുകൾക്ക് മറുപടി നൽകി മടുത്തു. തെറ്റായ

പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും.

സുരേന്ദ്രൻ (ദാമോദമേനോന്റെ സഹോദരൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA