SignIn
Kerala Kaumudi Online
Saturday, 30 May 2026 8.01 PM IST

'സിപിഎം മനുഷ്യരുടെ പാർട്ടി, ഭാവിയിൽ തെറ്റ് പറ്റാതിരിക്കാൻ ശ്രമിക്കും'

ep-jayarajan

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ കനത്ത പരാജയം തീർത്തും അപ്രതീക്ഷിതമാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. തോൽവിക്ക് കാരണം പരിശോധിക്കുമെന്നും ചോർന്നുപോയ ജനകീയ അടിത്തറ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയാരാജ്.

തിരഞ്ഞെടുപ്പിൽ 102 സീറ്റ് നേടിയിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ കോൺഗ്രസ് തകർച്ചയിലാണെന്ന് ഇപി പരിഹസിച്ചു. കോൺഗ്രസ് മുഖ്യമന്ത്രിയെ തേടി നടക്കുകയാണ്. ഗ്രൂപ്പ് തിരിഞ്ഞ് മുഖ്യമന്ത്രിയായാൽ ഭരണം താറുമാറാകും. ഉദ്യോഗസ്ഥതലത്തിൽ പോലും ഗ്രൂപ്പിസം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപി മൂന്ന് സീറ്റ് നേടിയത് ദുഃഖകരമായ തുടക്കമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലുമുണ്ടായ തോൽവി ഗൗരവമേറിയതാണെന്ന് ജയരാജൻ സമ്മതിച്ചു. പൊതുവായുണ്ടായ രാഷ്ട്രീയ തരംഗത്തിൽ പാർട്ടി വോട്ടുകൾ ചോർന്നിട്ടുണ്ട്. എന്നാൽ പരാജയം ഭരണവിരുദ്ധ വികാരം കൊണ്ടല്ലെന്നും വികസന രംഗത്ത് കേരളം വലിയ വളർച്ചയാണ് കൈവരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. സിപിഎം മനുഷ്യരുടെ പാർട്ടി, 10 വർഷത്തിനിടെ പിശകുകൾ പറ്റിയിട്ടുണ്ടാകാം. ഭാവിയിൽ അത് തിരുത്തി മുന്നോട്ടുപോകുമെന്നും ജയരാജൻ വ്യക്തമാക്കി.

തനിക്കായി ഫ്ളക്സ് വയ്ക്കുന്നത് തന്നെ സ്‌നേഹിക്കുന്നവരല്ല. മറിച്ച് ശത്രുക്കളാണെന്ന് ഇ.പി ആഞ്ഞടിച്ചു. പാർട്ടിയെ പ്രതിരോധത്തിലാക്കി എതിരാളികളെ സഹായിക്കാനാണ് ഇത്തരം നീക്കങ്ങൾ. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നത് ആരോഗ്യപ്രശ്നങ്ങൾ കാരണമാണെന്നും യാത്രകൾ ഒഴിവാക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ന്യൂനപക്ഷ വോട്ടുകൾ പൂർണമായി നഷ്ടപ്പെട്ടിട്ടില്ലെന്ന് അഴീക്കോട്ടെ വിജയം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ അഭിപ്രായങ്ങൾക്കല്ല, പാർട്ടി യോഗങ്ങളിലെ ചർച്ചകൾക്കും തീരുമാനങ്ങൾക്കുമാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EP JAYARAJAN, LATESTNEWS, MALAYALAM NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA