
തിരുവനന്തപുരം: പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ഖജനാവിലെ പണം തിന്നുകൊഴുക്കുന്ന സ്ഥാപനങ്ങളെ ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത്തരം 591സർക്കാർ സ്ഥാപനങ്ങളുണ്ട്. ഇവർക്ക് ശമ്പളം നൽകാൻ 19000 കോടിയിലേറെ ചെലവിടുന്നു. സംസ്ഥാനം ഒരു വർഷം കടമെടുക്കുന്നത് 39000 കോടിയാണ്. അതിന്റെ പകുതിയും ഇവരുടെ ശമ്പളത്തിന് വേണം. കാറും ഓഫീസും മറ്റ് ചെലവുകളും വേറെയും.
ഒരു ജോലിയുമില്ലെങ്കിലും ജില്ലാ, സംസ്ഥാന തലത്തിൽ ഓഫീസുകളുണ്ട്. ഒരേ സ്വഭാവമുള്ള സ്ഥാപനങ്ങളെ സംയോജിപ്പിക്കും. അല്ലാത്തവയെ ഒഴിവാക്കും. അല്ലെങ്കിൽ വകുപ്പുകളോട് ചേർക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാമ്പത്തിക അച്ചടക്കവും കാര്യക്ഷമതയും വീണ്ടെടുക്കാൻ അഞ്ചിന പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഇതുൾപ്പെടെ പൊതുഭരണവകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് പരിഷ്‌കാരങ്ങൾ നടപ്പാക്കും. സ്‌പെഷ്യൽ അസറ്റ് മാനേജ്‌മെന്റ് പോർട്ടൽ, പ്ലാൻ സ്‌പെയ്സ് 2.0, അസറ്റ് രജിസ്റ്റർ രൂപീകരണം, കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കൽ, ബിസ്സിനസ് നടപടികളുടെ പരിഷ്‌ക്കാരം തുടങ്ങിയവയാണ് പ്രധാനം. കെൽട്രോണിന്റെ ഓഹരി മൂലധനം 35 കോടി രൂപയിൽ നിന്ന് 60 കോടിയാക്കും. ലേബർകോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ട്രേഡ് യൂണിയനുകളുമായി ചർച്ചനടത്തും.
സാക്ഷരതാ മിഷൻ,
റീബിൽഡ്, നിർമ്മിതി...
പണം വിഴുങ്ങുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിൽ സാക്ഷരതാമിഷൻ മുതൽ റീബിൽഡ് കേരള വരെയുണ്ട്. രണ്ടര ലക്ഷം വരെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുണ്ട്. ഒരു ലക്ഷത്തിലേറെ ശമ്പളമുണ്ട് മിക്കിടത്തും. എയ്ഡ്സ് കൺട്രോൾ കേന്ദ്രം, മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ സെന്റർ, നിർമ്മിതികേന്ദ്രം, ബുക്ക് മാർക്ക്, സോഷ്യൽ വെൽഫയർ ബോർഡ്, യൂത്ത് ലീഡർഷിപ്പ് അക്കാഡമി,വാസ്തുവിദ്യ ഗുരുകുലം, സാമൂഹ്യസന്നദ്ധസേന, നവകേരളമിഷൻ,ആർദ്രം മിഷൻ,വിദ്യാകിരണം, ഭൂവിനിയോഗ ബോർഡ്, കോൺട്രാക്ട് ലേബർ അഡ്വൈസറി ബോർഡ്, സ്വയംതൊഴിൽ വികസനകേന്ദ്രം, മൾട്ടിപർപ്പസ് കൾച്ചറൽ സെന്റർ തുടങ്ങി സ്ഥാപനങ്ങൾ പലത്.
അഞ്ചിന പരിഷ്കാരം
1 സർക്കാരിന്റെ വസ്തുവകകൾ സംബന്ധിച്ച മുഴുവൻ കാര്യങ്ങളും ഉൾപ്പെടുത്തി സ്‌പെഷ്യൽ അസറ്റ് മാനേജ്‌മെന്റ് പോർട്ടൽ രൂപീകരിക്കും. ഡിജിറ്റൽ യൂണിവേഴ്സിറ്റിയെ ചുമതലപ്പെടുത്തി
2 പ്ലാൻ സ്‌പെയ്സ് 2.0 പ്രോജക്ട് രജിസ്റ്ററാണ്. വകുപ്പുകൾ അനുമതി നൽകുന്ന എല്ലാമൂലധന പദ്ധതികളും ഇതിൽ ജിയോടാഗ് ചെയ്യും. ജി.ഐ.എസ് അധിഷ്ഠിത പ്രോജക്ട് രജിസ്റ്റർ ഉണ്ടാകും.നിലവിലുള്ള രണ്ടായിരത്തോളം പദ്ധതികളുടെ ട്രാക്കിങ് നടത്തും
3 കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പരവിരുദ്ധമായ നിയമങ്ങളുടെ അവലോകനവും ഭേദഗതിയും നടപ്പാക്കും. ഇതുമൂലം വിവിധ പദ്ധതികൾക്ക് തടസ്സമുണ്ടാകുന്നുണ്ട്. ഇതൊഴിവാക്കുകയാണ്
4 ബിസിനസ് സുഗമമാക്കുന്നതിനുമുള്ള പരിഷ്‌കരണം. ബിസിനസ് നടത്താൻ സർക്കാരുമായുള്ള ഇടപെടൽ ലളിതമാക്കും. വിവിധവകുപ്പുകളെ ഏകോപിപ്പിക്കും. ഇതിനായി സെക്രട്ടറിമാരുടെ എംപവേഡ് കമ്മിറ്റി രൂപീകരിക്കും
5 കോടികൾ വിഴുങ്ങുന്ന പാഴ് സ്ഥാപനങ്ങളെ ഒഴിവാക്കൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |